RAMESH CHENNITHALA| ദേശീയ പതാകയ്ക്ക് പകരം കാവിക്കൊടി പ്രതിഷ്ഠിച്ച് ഗവര്‍ണര്‍ ഇന്ത്യയെ അപമാനിക്കുന്നു: രമേശ് ചെന്നിത്തല എംഎല്‍എ

Jaihind News Bureau
Saturday, June 21, 2025

രാജ്ഭവനില്‍ കാവിക്കൊടിയുമായി നില്‍ക്കുന്ന ഭാരതാംബയെ പ്രതിഷ്ഠിക്കുന്ന ഗവര്‍ണര്‍ ഇന്ത്യാ മഹാരാജ്യത്തേയും അതിന്റെ ഭരണഘടനയേും അപമാനിക്കുകയും പുച്ഛിക്കുകയുമാണെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല എംഎല്‍എ. ഗവര്‍ണര്‍ എന്നത് ഭരണഘടനാപരമായ ഒരു സ്ഥാനമാണ്. രാജ്ഭവന്‍ ഒരു ഭരണസിരാകേന്ദ്രമാണ്. ഈ സ്ഥാനങ്ങളില്‍ ഇരിക്കുമ്പോള്‍ കാണിക്കേണ്ട ചില മര്യാദകളുണ്ടെന്നും ആ മര്യാദകളുടെ ലംഘനമാണ് ഇപ്പോള്‍ കേരളത്തിലെ ഗവര്‍ണര്‍ കാണിക്കുന്നതെന്നും അദ്ദേഹം ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ഗവര്‍ണര്‍ പിന്തുടരുന്ന രാഷ്ട്രീയ സംഘടനയുടെ പതാകയും ബിംബങ്ങളും രാജ്യത്തിന്റേതാണെന്ന രീതിയില്‍ അവതരിപ്പിക്കുന്നത് തീരെ അനുചിതമായ പ്രവര്‍ത്തിയാണ്. കാവിക്കൊടിയേന്തിയ ഭാരതാംബ എന്ന ചിത്രം സംഘ് പരിവാറിന്റേതാണെന്നും അല്ലാതെ ഇന്ത്യന്‍ ഭരണഘടന അംഗീകരിച്ച ഒരു ബിംബമല്ലെന്നും രമേശ് ചെന്നിത്തല ഓര്‍മ്മിപ്പിച്ചു. ഗവര്‍ണറുടെ രാഷ്ട്രീയപാര്‍ട്ടിക്കാരായ പ്രധാനമന്ത്രി മോദിയും രാഷ്ട്രപതി ദ്രൗപതി മുര്‍മുവും സ്വന്തം ഓഫീസുകളിലും ഔദ്യോഗിക വസതിയിലും ഇന്ത്യന്‍ ദേശീയപതാകയല്ലാതെ കാവിക്കൊടിയല്ല ഉപയോഗിക്കുന്നത് എന്നതു കണ്ടു പഠിക്കാനുള്ള സാമാന്യ ബോധം ഭരണഘടനമായ സ്ഥാനങ്ങളില്‍ ഇരിക്കുന്നവര്‍ക്ക് ഉണ്ടാകുന്നത് നല്ലതാണ്. ഇത്തരം അനുചിതമായ പ്രവര്‍ത്തികള്‍ കേരളത്തില്‍ നടപ്പാക്കുന്നത് അവസാനിപ്പിച്ച് രാജ്യത്തേയും അതിന്റെ ഭരണഘടനയേയും ബഹുമാനിക്കാന്‍ ഗവര്‍ണര്‍ ശ്രമിക്കേണ്ടതുണ്ടെന്നും ഇല്ലെങ്കില്‍ കേരളജനതയില്‍ നിന്ന് ശക്തമായ എതിര്‍പ്പ് നേരിടേണ്ടിവരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജൂണ്‍ 19ന് രാജ്ഭവനില്‍ നടന്ന സ്‌കൗട്ട് ആന്‍ഡ് ഗൈഡ്‌സിന്റെ രാജ്യപുരസ്‌കാര്‍ സര്‍ട്ടിഫിക്കറ്റ് ദാന ചടങ്ങിലാണ് ഗവര്‍ണര്‍ വീണ്ടും ഭാരതാംബയുടെ ചിത്രത്തില്‍ പുഷ്പാര്‍ച്ചന നടത്തിയത്. നേരത്തെ പരിസ്ഥിതി ദിന പരിപാടിയില്‍ ഭാരതാംബ ചിത്രം വെച്ചത് വിവാദമായിരുന്നു.