കോഴിക്കോട്: കാലിക്കറ്റ് സർവകലാശാലയിൽ ഗവർണർക്കെതിരെ എസ്എഫ്ഐ ബാനർ കെട്ടിയതിൽ വൈസ് ചാൻസലറോട് വിശദീകരണം ആവശ്യപ്പെട്ട് ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ. ബാനറുകൾ കെട്ടാൻ അനുവദിച്ചത് എന്തിനെന്ന് വിശദീകരിക്കണം. ബാനറുകൾ എന്തുകൊണ്ട് നീക്കിയില്ലെന്ന കാര്യത്തിലും വിശദീകരണം തേടാൻ നിർദ്ദേശം നൽകിയിട്ടുണ്ട്. ബാനറുകൾ ഉടൻ നീക്കം ചെയ്യാന്‍ ഗവർണർ ആവശ്യപ്പെട്ടെങ്കിലും പോലീസ് അതിനു തയാറായില്ല. ക്യാമ്പസിനകത്ത് ആയതിനാൽ സർവകലായാണ് ബാനർ നീക്കേണ്ടതെന്നാണ് പോലീസ് നിലപാട്.
സെനറ്റിലേക്ക് അംഗങ്ങളെ നോമിനേറ്റ് ചെയ്തതുമായി ബന്ധപ്പെട്ട് ഗവർണർക്കെതിരെ പ്രതിഷേധിക്കുന്ന എസ്എഫ്ഐ പ്രവർത്തകരാണ് ക്യാമ്പസിൽ ബാനറുകൾ സ്ഥാപിച്ചത്. എസ്എഫ്ഐയെ വെല്ലുവിളിച്ച് ക്യാമ്പസിലെ ഗസ്റ്റ് ഹൗസിൽ താമസിക്കുന്ന ഗവർണർ റോഡിലൂടെ ഇറങ്ങിനടന്ന് തനിക്കെതിരായ ബാനറുകൾ ഉദ്യോഗസ്ഥർക്കു കാട്ടിക്കൊടുത്തു. ബാനറുകൾ കെട്ടാൻ അനുവദിച്ചത് എന്തിനെന്നും എന്തുകൊണ്ടു ബാനറുകൾ നീക്കം ചെയ്തില്ലെന്നും അറിയിക്കാനും ഗവർണർ നിർദേശിച്ചു.
കഴിഞ്ഞ ദിവസം ഗവർണർ കാലിക്കറ്റ് സർവകലാശാല ക്യാമ്പസിൽ എത്തിയപ്പോൾ എസ്എഫ്ഐ പ്രതിഷേധിച്ചിരുന്നു. പ്രതിഷേധക്കാരെ പോലീസ് അറസ്റ്റ് ചെയ്തു നീക്കി. എന്നാല്‍ പ്രതിഷേധങ്ങള്‍ക്കിടെ ഗവർണർ മുൻ നിശ്ചയിച്ച പ്രകാരം വിവിഐപി ഗസ്റ്റ് ഹൗസിലെത്തി. ക്യാമ്പസ് കവാടത്തിന് അരികെ 100 മീറ്റർ മാറി എസ്എഫ്ഐ പ്രവർത്തകർ തമ്പടിച്ചത് സംഘർഷത്തിന് ഇടയാക്കിയിരുന്നു.