റാങ്ക് പട്ടിക മരവിപ്പിച്ച് ഗവര്‍ണര്‍, പ്രിയാ വര്‍ഗീസിന്‍റെ നിയമനം അസാധുവായി; കോടതിയെ സമീപിക്കുമെന്ന് കണ്ണൂര്‍ വിസി

Jaihind Webdesk
Wednesday, August 17, 2022

തിരുവനന്തപുരം: സംസ്ഥാനത്ത് ഗവർണറും സർക്കാരും തമ്മിലുള്ള പോര് രൂക്ഷമാകുന്നു. കണ്ണൂർ സർവകലാശാലയിൽ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി  കെ.കെ രാഗേഷിന്‍റെ ഭാര്യ പ്രിയാ വർഗീസ് ഒന്നാമതെത്തിയ റാങ്ക് പട്ടിക ഗവർണർ മരവിപ്പിച്ചു. അതേസമയം ഗവർണറുടെ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കുമെന്ന് വ്യക്തമാക്കി കണ്ണൂർ യൂണിവേഴ്സിറ്റി വൈസ് ചാൻസിലർ ഡോക്ടർ ഗോപിനാഥ് രവീന്ദ്രനും രംഗത്തെത്തി.

കണ്ണൂർ സർവകലാശാല വിഷയത്തിൽ അരമണിക്കൂറിനുള്ളിൽ നടപടി ഉണ്ടാകുമെന്ന് ഡൽഹിക്ക് പോകുംമുമ്പ് മാധ്യമങ്ങളെ അറിയിച്ച ഗവര്‍ണര്‍, താൻ ചാൻസലറായി ഇരിക്കുന്നിടത്തോളം കാലം സർവകലാശാലയിൽ സ്വജനപക്ഷപാതം അനുവദിക്കില്ലെന്നും പറഞ്ഞു. ഇതിന് പിന്നാലെ ഗവർണറുടെ വാർത്താക്കുറിപ്പ് എത്തി. കണ്ണൂർ സർവകലാശാലയിലെ മലയാളം വിഭാഗത്തിലെ അസോസിയേറ്റ് പ്രൊഫസർ സ്ഥാനത്തേക്കുള്ള റാങ്ക് പട്ടിക ചാൻസിലറുടെ അധികാരം ഉപയോഗിച്ച് ഗവർണർ മരവിപ്പിച്ചു. ഇതോടെ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി കെ.കെ രാഗേഷിന്‍റെ ഭാര്യ പ്രിയാ വർഗീസിന്‍റെ നിയമനം അസാധുവായി. രണ്ടു ദിവസത്തിനുള്ളിൽ പ്രിയ വർഗീസിനെ നിയമിക്കുമെന്ന് കണ്ണൂർ സർവകലാശാല വൈസ് ചാൻസിലർ വ്യക്തമാക്കിയതിന് പിന്നാലെയാണ് ഗവർണറുടെ നടപടി.

നിയമനത്തിൽ കണ്ണൂർ വിസിയോട് കാരണം കാണിക്കാനും ഗവർണർ ആവശ്യപ്പെട്ടിട്ടുണ്ട്. തൊട്ടു പിന്നാലെ കണ്ണൂർ സർവകലാശാല വൈസ് ചാൻസിലർ ഡോ. ഗോപിനാഥ് രവീന്ദ്രൻ മാധ്യമങ്ങളെ കണ്ടു. കണ്ണൂർ സർവകലാശാല ചട്ടപ്രകാരം സിൻഡിക്കേറ്റ് തീരുമാനം റദ്ദാക്കാൻ അധികാരമില്ല. ഗവർണർ ഇല്ലാത്ത അധികാരം ഉപയോഗിച്ചാണ് റാങ്ക് പട്ടിക സ്റ്റേ ചെയ്തതെന്നാണ് വിസിയുടെ വാദം. ഗവർണറുടെ തീരുമാനത്തിനെതിരെ കോടതിയെ സമീപിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതോടെ സർക്കാർ-ഗവർണർ പോര് പുതിയ തലത്തിലേക്ക് എത്തിയിരിക്കുകയാണ്.