മന്ത്രി കെ.ടി.ജലീലിന്‍റെ പി.എച്ച്.ഡിക്കെതിരെ പരാതി; തുടര്‍നടപടിക്ക് ഗവര്‍ണറുടെ നിര്‍ദേശം

Jaihind News Bureau
Monday, November 9, 2020

ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീലിന്‍റെ പി.എച്ച്.ഡി പ്രബന്ധം വിവാദത്തിൽ. പ്രബന്ധം പുനഃപരിശോധിക്കണമെന്ന് പരാതി. പ്രബന്ധത്തിൽ ഉദ്ധരണികളുടെ പകർത്തി എഴുത്തും അക്ഷരത്തെറ്റുകളും വ്യാകരണ പിശകുകളുമുണ്ടെന്നാണ് പരാതി. പരാതിയിൽ തുടർനടപടിക്ക് നിർദേശം നല്‍കിയ ഗവർണർ പരാതി കേരളാ സർവകലാശാല വൈസ് ചാൻസലറുടെ പരിശോധനയ്ക്കായി കൈമാറി.

കൈയിൽ കിട്ടിയ നൂറുകണക്കിന് ഉദ്ധരണികൾ അക്ഷരത്തെറ്റുകളോടെ പകർത്തിയെഴുതി പ്രബന്ധമായി സമർപ്പിച്ചാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി.ജലീൽ കേരള സർവകലാശാലയിൽ നിന്ന് ഡോക്ടറേറ്റ് ബിരുദം നേടിയതെന്നും അദ്ദേഹത്തിന്‍റെ പ്രബന്ധം വിദഗ്ധ സമിതിയെകൊണ്ട് പുനപരിശോധിക്കണമെന്നുമാവശ്യപ്പെട്ടാണ് ഗവർണർക്ക് പരാതി നൽകിയിരിക്കുന്നത്. ഗവേഷകനായ മന്ത്രിയുടെതായ സ്വന്തം കുറിപ്പുകളാകട്ടെ വ്യാകരണ പിശകുകളുടെ കൂമ്പാരമാണെന്നും പരാതിയിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പരാതി ഗവർണർ കേരളാ യൂണിവേഴ്സിറ്റി വൈസ് ചാന്‍സിലറുടെ പരിശോധനക്ക് കൈമാറി. ഈ പ്രബന്ധത്തിൽ ഗവേഷകന്റെതായി മൗലികമായ സംഭാവനകൾ ഇല്ലെന്നും അക്കാദമിക വിദഗ്ധരുടെ പാനലിനെക്കൊണ്ട് ഇത് പുനർമൂല്യനിർണയത്തിനു വിധേയമാക്കണമെന്നും ആവശ്യപ്പെട്ട് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റിയാണ് ഗവർണർക്ക് പരാതി നൽകിയിട്ടുള്ളത്. പരാതി ഗവർണർക്ക് നൽകുന്നതിന് മുൻപ് ക്യാമ്പയിൻ കമ്മിറ്റി നിയോഗിച്ച ഒരു വിദഗ്ധ സമിതിയാണ് ജലീലിന്‍റെ പ്രബന്ധത്തിലെ പിഴവുകൾ കണ്ടെത്തിയത്.

പ്രബന്ധങ്ങൾ അപ്‌ലോഡ് ചെയ്യേണ്ട യുജിസിയുടെ പൊതുസൈറ്റിൽ ജലീലിന്‍റെ പ്രബന്ധം ലഭ്യമാകാത്തതുകൊണ്ട് വിവരാവകാശ നിയമപ്രകാരം കേരളാ യൂണിവേഴ്സിറ്റിയിൽ നിന്ന് പ്രബന്ധത്തിന്‍റെ പകർപ്പ് ലഭ്യമാക്കുകയായിരുന്നു. മലബാർ ലഹളയിൽ വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജി യുടെയും ആലിമുസ്ലിയാരുടെയും പങ്കിനെ അധികരിച്ച് തയ്യാറാക്കിയ ഗവേഷണ പ്രബന്ധത്തിനാണ് ജലീൽ കേരള സർവകലാശാലയിൽ നിന്ന് 2006-ൽ ഡോക്ടറേറ്റ് സ്വന്തമാക്കിയത്. സിൻഡിക്കേറ്റ് നിലവിലില്ലാതിരുന്ന പ്രത്യേക കാലയളവിൽ വൈസ് ചാൻസലർ ആയിരുന്ന ഡോ.എം.കെ രാമചന്ദ്രൻ നായർ ഇടപെട്ട് തന്‍റെ പ്രത്യേക അധികാരം ഉപയോഗിച്ചാണ് ജലീലിന് ഡോക്ടറേറ്റ് നൽകിയതെന്ന് പരാതിയിൽ പറയുന്നു. പ്രബന്ധം പകർത്തിയെഴുതിയതാണെന്ന ആരോപണം ഒഴിവാക്കാനായി ഉദ്ധരണികൾ വളച്ചൊടിച്ചാണ് കാണിച്ചിരിക്കുന്നതെന്നാണ് പരാതിയിൽ പറയുന്നത്.ഈ പ്രബന്ധം സർവകലാശാലയ്ക്കും അക്കാദമിക ലോകത്തിനും അപമാനമാണെന്ന് പരാതിയിൽ പറയുന്നു.

ഡോ.ബി.ഇക്ബാൽ വൈസ് ചാൻസലർ ആയിരിന്നപ്പോഴാണ് ജലീൽ കേരള സർവകലാശാലയിൽ ഗവേഷണത്തിന് രജിസ്റ്റർ ചെയ്തതെങ്കിലും ഗവേഷണം തുടരാത്തതുകൊണ്ട് രജിസ്ട്രേഷൻ റദ്ദാക്കിയിരുന്നു. തുടർന്ന് അനധികൃത അസിസ്റ്റന്‍റ് നിയമന കേസിൽ പ്രതിയായ ഡോ. രാമചന്ദ്രൻ നായർ വി.സിയായ ഉടനെ റദ്ദാക്കിയ രജിസ്‌ട്രേഷൻ വീണ്ടും അനുവദിച്ചതും സിന്‍റിക്കേറ്റ് നിലവിലില്ലായിരുന്നപ്പോൾ മൂല്യനിർണയം നടത്തി ഡോക്ടറേറ്റ് സമ്മാനിച്ചതും ദുരൂഹമാണെന്ന് സേവ് യൂണിവേഴ്സിറ്റി ക്യാമ്പയിൻ കമ്മിറ്റി ചെയർമാൻ ആർ.എസ്. ശശികുമാറും, സെക്രട്ടറി എം. ഷാജർഖാനും ആരോപിച്ചു.