സര്‍ക്കാര്‍ ധൂര്‍ത്തില്‍ കര്‍ഷകര്‍ ഉള്‍പ്പെടെ ബുദ്ധിമുട്ടുന്നുവെന്ന് ഗവര്‍ണര്‍; നെല്‍വില വായ്പയുടെ ബാധ്യത കര്‍ഷകര്‍ക്കല്ലെന്ന് ഭക്ഷ്യമന്ത്രി


നെല്‍വില വായ്പയുടെ ബാധ്യത കര്‍ഷകര്‍ക്കല്ല സര്‍ക്കാരിന് മാത്രമാണെന്ന് ഭക്ഷ്യമന്ത്രി ജി.ആര്‍. അനില്‍ പറഞ്ഞു. തകഴിയില്‍ ജീവനൊടുക്കിയ കര്‍ഷകന്‍ മറ്റ് വായ്പകള്‍ എടുത്തിരിക്കാം. സിബില്‍ സ്‌കോര്‍ ഇല്ലാത്തതിന്റെ പേരില്‍ ബാങ്കുകള്‍ വായ്പ നിഷേധിക്കുന്നത് സംബന്ധിച്ച് അറിയില്ലെന്നും മന്ത്രി ഡല്‍ഹിയില്‍ മാധ്യമങ്ങളോട് പറഞ്ഞു. അതേസമയം കൃഷിയിലെ കടം മാത്രമാണ് പ്രസാദിനുണ്ടായിരുന്നതെന്നും ഭൂമിയുടെ ബാധ്യത ഒഴിപ്പിച്ചിട്ടും ബാങ്ക് വായ്പ നല്‍കാന്‍ തയ്യാറായില്ലെന്ന് കുടുംബം പ്രതികരിച്ചു. കൃഷിയാവശ്യത്തിനായി എസ്ബിഐയില്‍ നിന്നും വായ്പയെടുത്തിരുന്നു. കടബാധ്യതയൊഴിപ്പിച്ചതിന് ശേഷവും വായ്പ നല്‍കാന്‍ ബാങ്ക് വിസമ്മതിച്ചുവെന്നും പ്രസാദിന്റെ ഭാര്യ വെളിപ്പെടുത്തി. ജീവനൊടുക്കിയ കര്‍ഷകന്റെ വീട് സന്ദര്‍ശിക്കുമെന്നും കുടുംബത്തിനായി എന്ത് ചെയ്യാന്‍ സാധിക്കുമെന്ന് നോക്കുമെന്നും ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പറഞ്ഞു. സര്‍ക്കാര്‍ ധൂര്‍ത്ത് നടത്തുമ്പോള്‍ കര്‍ഷകര്‍ ഉള്‍പ്പെടെ നേരിടുന്നത് വലിയ ബുദ്ധിമുട്ടാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Comments (0)
Add Comment