മുളകുപാക്കറ്റില്‍ പഞ്ചസാര എന്ന ലേബല്‍ എഴുതി ഒട്ടിച്ചതുപോലെ ഗവര്‍ണറുടെ നയപ്രഖ്യാപനപ്രസംഗം.

Jaihind Webdesk
Friday, January 25, 2019

പിണറായി സര്‍ക്കാര്‍ എഴുതിക്കൊടുത്ത നയപ്രഖ്യാപന പ്രസംഗം ഗവര്‍ണര്‍ വായിച്ചപ്പോള്‍ തോന്നിയ ഉപമയാണ് തലക്കെട്ടായി നല്‍കിയിട്ടുള്ളത്. വനിതാ മതിലില്‍ 50 ലക്ഷംപേര്‍ പങ്കെടുത്തെന്നും ഇതുവഴി ലിംഗവിവേചനം എതിര്‍ക്കുന്ന സ്ത്രീകളുടെ ഐക്യം പ്രതിഫലിച്ചുവെന്നും ഗവര്‍ണര്‍ വായിച്ചപ്പോള്‍ ഒരു സാധാരണ മലയാളിക്ക് ചിരിയായിരിക്കും തോന്നുക. വനിതാ മതില്‍ തന്നെ പലസ്ഥലങ്ങളിലും വിള്ളലുണ്ടായത് കേരളം കണ്ടതാണ്. മുഖ്യസംഘാടനയായ വെള്ളാപ്പള്ളി നടേശന്‍ തന്നെ മതില്‍ പൊളിഞ്ഞുവെന്ന് രണ്ടുതവണ പറഞ്ഞിരുന്നു. ആ മതിലാണ് ഇപ്പോള്‍ ഗവര്‍ണറെക്കൊണ്ട് വായിപ്പിച്ച് മഹത്വരമാണെന്നും സ്ത്രീകളുടെ ഐക്യത്തിന്റെ പ്രതിഫലനമെന്നും പിണറായി പറയിപ്പിച്ചത്.

പ്രളയദുരിതാശ്വാസം നേരിടുന്നതില്‍ നടപടികള്‍ സ്വീകരിച്ചുവെന്ന് നയപ്രഖ്യാപനപ്രസംഗത്തില്‍ ഗവര്‍ണര്‍ പറഞ്ഞു. എന്നാല്‍, സര്‍ക്കാര്‍ പ്രഖ്യാപിച്ച 10000 രൂപപോലും കിട്ടാതെ പ്രളയബാധിതര്‍ ഇപ്പോഴും സര്‍ക്കാര്‍ ഓഫീസുകളില്‍ കയറിയിറങ്ങുന്ന ചിത്രമാണ് കേരളം കണ്ടുകൊണ്ടിരിക്കുന്നത്. യു.ഡി.എഫ് സര്‍ക്കാര്‍ കൊണ്ടുവന്ന വികസന പദ്ധതികള്‍ തങ്ങളുടെ ലേബലിലാക്കി മേനിനടിക്കുന്നതും നയപ്രഖ്യാപന പ്രസംഗത്തില്‍ പ്രകടമായിരുന്നു. ശബരിമല വിധി നടപ്പാക്കാനുള്ള ഭരണഘടന ഉത്തരവാദിത്ത്വത്തെക്കുറിച്ച് ഗവര്‍ണറെക്കൊണ്ട് രാഷ്ട്രീയം പറയിപ്പിച്ചതും നയപ്രഖ്യാപന പ്രസംഗത്തില്‍ മുഴച്ചുനിന്നു. എന്നാല്‍ സംസ്ഥാനം നേരിടുന്ന ഗുരുതരമായ പ്രശ്‌നങ്ങള്‍ നയപ്രഖ്യാപന പ്രസംഗത്തില്‍ ഇല്ലായിരുന്നുവെന്നതായിരുന്നു വസ്തുത.

കേന്ദ്രസംസ്ഥാന ബന്ധങ്ങള്‍ ശരിയായരൂപത്തിലല്ലായെന്ന കുറ്റപ്പെടുത്തല്‍ ഗവര്‍ണറെക്കൊണ്ട് കേന്ദ്രസര്‍ക്കാരിനെതിരെ പറയിപ്പിക്കാന്‍ പിണറായി വിജയന് കഴിഞ്ഞുവെന്നത് മാത്രമാണ് നയപ്രഖ്യാപന പ്രസംഗത്തിലെ ശ്രദ്ധേയമായൊരു കാര്യം. അവകാശ വാദങ്ങളും ലോക്‌സഭാ തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തില്‍ ചില വാഗ്ദാനങ്ങളിലും മാത്രം നയപ്രഖ്യാപനം ഒതുങ്ങിയ കാഴ്ച്ചയായിരുന്നു നയപ്രഖ്യാപന വിഷയത്തില്‍ ദൃശ്യമായത്. ചുരുക്കുപറഞ്ഞാല്‍ മുളകുപാക്കറ്റില്‍ പഞ്ചസാര എന്ന ലേബല്‍ ഒട്ടിച്ചതുപോലെ തോന്നി നയപ്രഖ്യാപനപ്രസംഗം.