ഊരാളുങ്കൽ സൊസൈറ്റിക്ക് വീണ്ടും സർക്കാരിന്‍റെ വഴിവിട്ട സഹായം ; 1% അധിക പലിശ നിരക്കിൽ സ്ഥിരനിക്ഷേപം സ്വീകരിക്കാൻ അനുമതി, ഉത്തരവ് പുറത്ത്

Jaihind Webdesk
Saturday, June 26, 2021

തിരുവനന്തപുരം : ഊരാളുങ്കൽ സൊസൈറ്റിക്ക് വഴിവിട്ട സഹായവുമായി വീണ്ടും ഇടത് സർക്കാർ. 1% അധിക പലിശ നിരക്കിൽ സ്ഥിരനിക്ഷേപം സ്വീകരിക്കാൻ സൊസൈറ്റിക്ക് ഒരു വർഷത്തേക്ക് കൂടി അനുമതി നൽകി സർക്കാർ ഉത്തരവിറക്കി. ഉത്തരവിൻ്റെ പകർപ്പ് ജയ്ഹിന്ദ് ന്യൂസിന് ലഭിച്ചു.

ട്രഷറി നിക്ഷേപത്തിന് പലിശ കുറച്ച് ഊരാളുങ്കല്‍ സൊസൈറ്റിക്ക് 1% അധിക പലിശ നിരക്കിൽ സ്ഥിരനിക്ഷേപം സ്വീകരിക്കാൻ ഇക്കഴിഞ്ഞ ഏപ്രിൽ 1 മുതൽ 2022 മാർച്ച് മാസം 31 വരെ അനുമതി നൽകിയാണ്  സർക്കാർ ഉത്തരവിറക്കിയിരിക്കുന്നത്. സംഘം ഏറ്റെടുത്ത 4100 കോടിയുടെ പ്രവർത്തനങ്ങൾ നടപ്പിലാക്കാനാണ് ഇത്തരമൊരു അനുമതി ഊരാളുങ്കൽ സൊസൈറ്റിക്ക് നൽകുന്നതെന്ന് ഉത്തരവിൽ വ്യക്തമാക്കുന്നു. എന്നാൽ ഇതുവഴി ഊരാളുങ്കൽ സൊസൈറ്റിക്ക് കോടികളുടെ ലാഭം ഉണ്ടാകും എന്ന് മാത്രമല്ല, ട്രഷറി ഡിപ്പോസിറ്റ് കുറയുകയും അതുവഴി സംസ്ഥാന സർക്കാരിന്റെ സാമ്പത്തിക വ്യവസ്ഥയെ തന്നെ അത് ബാധിക്കുകയും ചെയ്യും.

ഊരാളുങ്കൽ സൊസൈറ്റിക്ക് നിക്ഷേപ പരിധി നിശ്ചയിച്ച് നൽകിയിട്ടുണ്ടോ എന്നത് ഉത്തരവിൽ വ്യക്തമാക്കിയിട്ടില്ല. ഇത്തരമൊരു അനുമതി നൽകുമ്പോൾ ഊരാളുങ്കൽ സൊസൈറ്റിയുടെ അക്കൗണ്ട് വാർഷിക ഓഡിറ്റ് നടത്തിയിട്ടുണ്ടോ എന്നത് സംബന്ധിച്ചും ഉത്തരവിൽ വ്യക്തതയില്ല. ഇതിനിടെ നിക്ഷേപ പലിശ ഉയർത്തിയതോടെ കഴിഞ്ഞ സാമ്പത്തിക വർഷത്തെ ഊരാളുങ്കലിന്‍റെ സ്ഥിരനിക്ഷേപത്തിന്‍റെ വർധനവ് 342.28 കോടി രൂപയാണ് എന്നതും ശ്രദ്ധേയം.

ആദ്യ പിണറായി സർക്കാരിന്‍റെ കാലത്ത് ടെൻഡർ മാനദണ്ഡങ്ങൾ കാറ്റിൽപറത്തി കോടികളുടെ വിവിധ കരാറുകൾ ഊരാളുങ്കൽ സൊസൈറ്റിക്ക് നൽകിയത് വിവാദമായിരുന്നു. ഇതിനുപിന്നാലെയാണ് രണ്ടാം പിണറായി സർക്കാരിന്‍റെ കാലത്തും ഊരാളുങ്കൽ സൊസൈറ്റിക്ക് വഴിവിട്ട സഹായങ്ങൾ ചെയ്യുന്നതിന് തെളിവുകൾ പുറത്തുവരുന്നത്.