ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാരിന്‍റെ കടുംവെട്ട്; നിർദേശ ലംഘനം, വെട്ടിമാറ്റിയത് 129 പാരഗ്രാഫുകൾ

 

തിരുവനന്തപുരം: മലയാള സിനിമാ മേഖലയിലെ സ്ത്രീകൾക്കെതിരായ അതിക്രമങ്ങളും ചൂഷണങ്ങളും വിവേചനങ്ങളും അക്കമിട്ടു നിരത്തിയ ഹേമ കമ്മിറ്റി റിപ്പോർട്ടിൽ സർക്കാരിന്‍റെ കടുംവെട്ട്. വിവരാവകാശ കമ്മീഷൻ നിർദേശിച്ചതിനേക്കാൾ കൂടുതൽ ഭാഗങ്ങൾ വെട്ടിമാറ്റിയ ശേഷമാണ് റിപ്പോർട്ട് സർക്കാർ പുറത്തുവിട്ടത്. 21 പാരഗ്രാഫുകൾ നീക്കാനാണ് വിവരാവകാശ കമ്മീഷൻ നിർദേശിച്ചത്. എന്നാൽ 129 പാരഗ്രാഫുകൾ വെട്ടിമാറ്റിയ ശേഷമാണ് സർക്കാർ റിപ്പോർട്ട് പുറത്തുവിട്ടത്. സ്വകാര്യതയുമായി ബന്ധപ്പെട്ട ഭാഗങ്ങളാണ് ഒഴിവാക്കിയതെന്നാണ് സർക്കാർ വിശദീകരണം.

നാലര വർഷം പൂഴ്ത്തിവെച്ചശേഷം സർക്കാർ പുറത്തുവിട്ട ഹേമാ കമ്മറ്റി റിപ്പോർട്ടിൽ സർക്കാർ സുപ്രധാന ഭാഗങ്ങൾ വെട്ടി മാറ്റിയതായ ആരോപണം ബലപ്പെടുകയാണ്. വിവരാവകാശ കമ്മീഷൻ നിർദ്ദേശിച്ചതിനെക്കാൾ കൂടുതൽ ഭാഗങ്ങൾ ഒഴിവാക്കിയാണ് സർക്കാർ റിപ്പോർട്ട് പുറത്തുവിട്ടത്. 49 മുതൽ 53 വരെയുള്ള പേജുകൾ ഒഴിവാക്കി ആകെ വെട്ടിയത് 129 പാരഗ്രാഫുകൾ. കേവലം 21 പാരഗ്രാഫുകൾ മാത്രം ഒഴിവാക്കുവാൻ ആണ് വിവരാവകാശ കമ്മീഷൻ നിർദ്ദേശം നൽകിയിരുന്നത്. എന്നാൽ സർക്കാർ റിപ്പോർട്ടിൽ കൂടുതൽ സെൻസറിങ് നടത്തി സുപ്രധാനമായ പല ഭാഗങ്ങളും ഒഴിവാക്കുകയായിരുന്നു.

കുറ്റാരോപിതരെ സംരക്ഷിക്കുവാൻ സർക്കാർ നടത്തിയ ഗൂഢ നീക്കത്തിന്‍റെ ഭാഗമാണ് ഇതെന്നാണ് ആരോപണം ഉയരുന്നത്. സർക്കാർ ഒഴിവാക്കിയ ഭാഗത്ത് സിനിമ മേഖലയിലെ ചൂഷണങ്ങളിലേക്ക് വിരൽ ചൂണ്ടുന്ന കമ്മിഷന്‍റെ ഒട്ടനവധി കണ്ടെത്തലുകൾ ഉണ്ടായിരുന്നു എന്നാണ് സൂചന. അപേക്ഷകർക്ക് നൽകിയ അറിയിപ്പിലും ഈ ഭാഗം ഒഴിവാക്കുന്നത് വ്യക്തമാക്കിയിരുന്നില്ല. സ്വകാര്യതയെ മാനിച്ചാണ് കൂടുതൽ പാരഗ്രാഫുകൾ ഒഴിവാക്കിയതെന്ന ഒഴുക്കൻ വിശദീകരണമാണ് സർക്കാർ ഇക്കാര്യത്തിൽ നൽകുന്നത്.

പോക്സോ കേസ് പോലും ചുമത്തുവാൻ പര്യാപ്തമായ ലൈംഗിക ചൂഷണങ്ങൾ വ്യക്തമാക്കുന്ന റിപ്പോർട്ട് നാലര വർഷം പൂഴ്ത്തി വച്ചത് ഏറെ വിവാദമായിരുന്നു. അതിന് പിന്നാലെയാണ് പുറത്തുവിട്ട റിപ്പോർട്ടിൽ നിന്നും സുപ്രധാന വിവരങ്ങൾ സർക്കാർ വെട്ടി മാറ്റിയതായ ഗുരുതര ആരോപണവും ഉയരുന്നത്. സംസ്ഥാന വിവരാവകാശ കമ്മീഷണർ ഡോ. എ.എ. അബ്ദുൽ ഹക്കീം ഈ റിപ്പോർട്ട് മുഴുവൻ വായിച്ച ശേഷമാണ് വ്യക്തികളുടെ സ്വകാര്യത വെളിവാക്കുന്ന ചില ഭാഗങ്ങൾ ഒഴിവാക്കാമെന്ന് നിർദേശിച്ചത്. അനുബന്ധവും നൽകേണ്ടതില്ലെന്ന് നിർദേശിച്ചിരുന്നു. എന്നാൽ ഇത് മറികടന്നാണ് 129 പാരഗ്രാഫുകൾ സാംസ്‌കാരിക വകുപ്പിലെ ഉദ്യോ​ഗസ്ഥർ വെട്ടിമാറ്റിയത്. ഇതെന്തിനായിരുന്നു എന്ന ചോദ്യവും നടപടിയിൽ വിമർശനവും ഉയർത്തി നിയമവിദഗ്ധരടക്കം രംഗത്തെത്തിയിട്ടുണ്ട്.

 

 

 

Comments (0)
Add Comment