സില്‍വർ ലൈനില്‍ പാഠം പഠിക്കാതെ സർക്കാർ; സാമൂഹികാഘാത പഠനം തുടരാന്‍ നീക്കം

Jaihind Webdesk
Friday, September 2, 2022

തിരുവനന്തപുരം: ജനങ്ങളില്‍ നിന്ന് കടുത്ത പ്രതിഷേധം നേരിടേണ്ടിവന്ന സില്‍വർ ലൈന്‍ പദ്ധതിയുമായി മുന്നോട്ട് പോകാന്‍ സര്‍ക്കാര്‍ നീക്കം. അഡ്വക്കേറ്റ് ജനറൽ റവന്യൂ വകുപ്പിന് നല്‍കിയ നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തില്‍ കെ റെയിലിനുള്ള സാമൂഹിക ആഘാത പഠനം തുടരാനൊരുങ്ങുകയാണ് സംസ്ഥാന സർക്കാർ.

വിവിധ ജില്ലകളിൽ പഠനം നടത്തുന്ന ഏജൻസികളെ കൊണ്ട് സാമൂഹിക ആഘാത പഠനം തുടരാമെന്നാണ് എജിയുടെ നിയമോപദേശം. ആറ് മാസത്തിനുള്ളിൽ സാമൂഹിക ആഘാത പഠനം പൂർത്തിയാക്കണമെന്നായിരുന്നു ചട്ടം. എന്നാൽ കഴിഞ്ഞ മാസം ആറ് മാസമെന്ന കാലാവധി അവസാനിച്ചതിനാൽ പഠനം നിലച്ചപ്പോഴാണ് റവന്യൂ വകുപ്പ് നിയമോപദേശം തേടിയത്. ഏജൻസികളുടെ പ്രശ്നം കൊണ്ടല്ല പഠനം പൂർത്തിയാക്കാൻ കഴിയാത്തതെന്ന് വിലയിരുത്തിയ എജി അതേ ഏജൻസികളെ കൊണ്ട് പഠനം തുടരാമെന്ന് നിയമപദേശം നൽകി. വിവിധ ജില്ലകളിൽ ജില്ലാ കളക്ടർമാ‍ർ വിവിധ ഏജൻസികളെ കൊണ്ടാണ് പഠനം നടത്തുന്നത്. എജിയുടെ നിയമോപദേശത്തിന്‍റെ അടിസ്ഥാനത്തില്‍ സാമൂഹിക ആഘാത പഠനം തുടരാൻ അനുമതി തേടി റവന്യൂ വകുപ്പ് മുഖ്യമന്ത്രിക്ക് ഫയൽ നൽകി.

അതിശക്തമായ പ്രതിഷേധമാണ് സില്‍വര്‍ ലൈന്‍ പദ്ധതിയിലെ കെ റെയില്‍ കല്ലിടലുമായി ബന്ധപ്പെട്ട്  സംസ്ഥാന സർക്കാരിനെതിരെ ഉയർന്നത്. ജനത്തെ ആശങ്കയിലാക്കി അടുപ്പില്‍ വരെ കല്ലിട്ടതോടെ പ്രതിഷേധം കനത്തു. കുഞ്ഞുങ്ങളുടെ മുന്നില്‍വെച്ച് അമ്മമാരെയും പ്രായമായവരെയും പോലും പോലീസ് തല്ലിച്ചതച്ചു. ഇതോടെ ഇട്ട കല്ലുകള്‍ പിഴുതെറിഞ്ഞ് ജനങ്ങളും പ്രതിപക്ഷവും കടുത്ത നിലപാടെടുത്തു. കേരളത്തില്‍ സർവനാശം വിതക്കുന്നതാണ് പദ്ധതിയെന്ന് വിദഗ്ധരും പ്പ്രതിപക്ഷവും ചൂണ്ടിക്കാട്ടിയിട്ടും സര്‍ക്കാര്‍ പിടിവാശി തുടർന്നു.

പിന്നീട് തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് മെയ് 16 ന് കല്ലിടല്‍ സര്‍വേ സര്‍ക്കാര്‍ അവസാനിപ്പിക്കാന്‍ നിർബന്ധിതരായെങ്കിലും ജനം കനത്ത തിരിച്ചടി നല്‍കി. ജിപിഎസ് സർവേയും ജിയോ ടാഗിംഗുമാണ് പകരം പറഞ്ഞെങ്കിലും അത് കാര്യമായി മുന്നോട്ടുപോയിരുന്നില്ല. പദ്ധതിക്ക് അനുമതി നല്‍കിയിട്ടില്ലെന്ന് കേന്ദ്രം വ്യക്തമാക്കിയിട്ടും കടുംപിടിത്തം തുടർന്ന പിണറായി സര്‍ക്കാർ ഇപ്പോള്‍ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന സൂചനയാണ് നല്‍കുന്നത്.