ധൂർത്ത് അവസാനിപ്പിക്കാതെ സർക്കാർ ; വനിതാ കമ്മീഷനായി പുതിയ ആസ്ഥാന മന്ദിരം ഒരുങ്ങുന്നു, മോടിപിടിപ്പിക്കാന്‍ മാത്രം 75 ലക്ഷം; ഉത്തരവ് പുറത്ത്

Jaihind News Bureau
Friday, October 16, 2020

 

തിരുവനന്തപുരം:  കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും ധൂർത്ത് തുടർന്ന് സംസ്ഥാന സർക്കാർ. കെഎസ്ആർടിസി ടെർമിനലിൽ വനിതാ കമ്മീഷന് പുതിയ ആസ്ഥാനമൊരുങ്ങുന്നു. കെട്ടിടത്തിന്‍റെ ഉള്‍വശം മോടിപിടിപ്പിക്കാന്‍ മാത്രം 75 ലക്ഷം രൂപയാണ് സർക്കാർ അനുവദിച്ചത്. ഉത്തരവിന്‍റെ പകർപ്പ് ജയ്ഹിന്ദ് ന്യൂസിന് ലഭിച്ചു.

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുമ്പോഴും ധൂർത്തിന്  കുറവുവരുത്താതെയാണ് സർക്കാർ മുന്നോട്ട് പോകുന്നത്. വനിതാ കമ്മീഷനായി പുതിയ ആസ്ഥാന മന്ദിരം തമ്പാനൂർ കെഎസ്ആർടിസി ടെർമിനലിലെ ഏഴാം നിലയിലാണ് ഒരുങ്ങുന്നത്. ഓഫീസിന്‍റെ ഉൾവശം മോടിപിടിപ്പിക്കാൻ മാത്രം ഒരു കോടി 10 ലക്ഷം രൂപ അനുവദിക്കണമെന്നാണ് കമ്മീഷൻ മെമ്പർ സെക്രട്ടറി സർക്കാരിനോട് ആവശ്യപ്പെട്ടത്. കടുത്ത സാമ്പത്തിക ബുദ്ധിമുട്ടായതിനാൽ ഇത്രയും തുക അനുവദിക്കാനാവില്ലെന്നു ചൂണ്ടിക്കാട്ടി 75 ലക്ഷം രൂപ മോടിപിടിപ്പിക്കലിന് അനുവദിച്ച് സർക്കാർ ഉത്തരവിറക്കിയിരിക്കുകയാണ്. ഉത്തരവിന്‍റെ പകർപ്പ് ജയ്ഹിന്ദ് ന്യൂസിന് ലഭിച്ചു.

സംസ്ഥാനത്ത് സ്ത്രീകൾക്കെതിരെ നടക്കുന്ന അക്രമങ്ങളിൽ വനിതാ കമ്മീഷൻ നോക്കുകുത്തിയാകുന്നു എന്ന ആക്ഷേപം ഉയരുന്നതിനിടെയാണ് സാമ്പത്തികപ്രതിസന്ധി പോലും കണക്കിലെടുക്കാതെ ഇത്രയും വലിയ ചെലവിൽ വനിതാ കമ്മീഷന് പുതിയ ആസ്ഥാന മന്ദിരം ഒരുങ്ങുന്നത്. സെപ്തംബർ16 ന് ചേർന്ന മന്ത്രിസഭാ യോഗത്തിൽ ചെലവ് ചുരുക്കലിന്‍റെ ഭാഗമായി ചില നിർദേശങ്ങൾ അംഗീകരിച്ചിരുന്നു. സംസ്ഥാന സർക്കാർ അംഗീകരിച്ച 25 ഇന ചെലവ് ചുരുക്കൽ നിർദേശങ്ങളിൽ ഒരു വർഷക്കാലത്തേക്ക് സർക്കാർ കെട്ടിടം മോടി പിടിപ്പിക്കൽ, സർക്കാർ ഓഫീസുകളിൽ ഫർണിച്ചർ വാങ്ങൽ, പുതിയ വാഹനങ്ങൾ എന്നിവ പാടില്ലെന്നും വ്യക്തമായി പറയുന്നു. ഈ തീരുമാനങ്ങൾ കാറ്റിൽ പറത്തിയാണ് വനിതാ ശിശുക്ഷേമ വകുപ്പിന്‍റെ ധൂർത്ത്.

സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്ത് സാലറി ചലഞ്ച് നടത്തി ഉദ്യോഗസ്ഥരെ പ്രതിസന്ധിയിലാക്കുന്ന നയം താത്കാലികമായി മാറ്റിവച്ചെങ്കിലും സാലറി ചലഞ്ച് പൂർണമായി ഒഴിവാക്കാൻ സർക്കാർ തയ്യാറാകാത്ത സാഹചര്യത്തിലാണ് വീണ്ടും മറ്റൊരു ധൂർത്ത് കൂടി പുറത്ത് വരുന്നത്. ആഡംബരവും ധൂർത്തും മുഖമുദ്രയാക്കിയ സർക്കാർ സാമ്പത്തിക പ്രതിസന്ധിക്കിടയിലും നടത്തുന്ന പാഴ്ചെലവിന്‍റെ അവസാനത്തെ ഉദാഹരണം കൂടിയാണിത്.