എസ്എഫ്ഐ ഗുണ്ടായിസം: പ്രതിഷേധം കനത്തതോടെ പ്രതിരോധത്തിലായി സിപിഎം; അന്വേഷണം പ്രഖ്യാപിച്ച് തടിയൂരാന്‍ ശ്രമം

Jaihind Webdesk
Saturday, June 25, 2022

തിരുവനന്തപുരം: എസ്എഫ്ഐ ഗുണ്ടായിസത്തിനെതിരെ പ്രതിഷേധം അതിശക്തമായതോടെ അന്വേഷണം പ്രഖ്യാപിച്ച് തടിയൂരാന്‍ സർക്കാർ ശ്രമം. രാഹുൽ ഗാന്ധിയുടെ വയനാട് ഓഫീസ് ആക്രമണത്തിൽ ഉന്നത തല അന്വേഷണം നടത്തും. അന്വേഷണത്തിനായി പോലീസ് ആസ്ഥാനത്തെ എഡിജിപിയെ ചുമതലപ്പെടുത്തി. അന്വേഷണം നടത്തി ഒരാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാനാണ് മുഖ്യമന്ത്രിയുടെ നിർദ്ദേശം.

രാഹുൽ ഗാന്ധി എംപിയുടെ വയനാട്ടിലെ ഓഫീസിൽ എസ് എഫ് ഐ പ്രവർത്തകർ നടത്തിയ ആക്രമണത്തിൽ സി പി എമ്മും സർക്കാരും പ്രതിരോധത്തിലായതോടെ അന്വേഷണം പ്രഖ്യാപിച്ച് വിവാദങ്ങൾ അവസാനിപ്പിക്കാനാണ് സർക്കാരിന്‍റെ ശ്രമം. പോലീസിനെ നോക്കുകുത്തിയാക്കി എംപിയുടെ ഓഫീസിലേക്ക് എസ് എഫ് ഐ പ്രവർത്തകർ നടത്തിയ അതിക്രമത്തിൽ പ്രതിഷേധങ്ങൾ ശക്തമായതോടെ നിൽക്കക്കള്ളിയില്ലാതെയാണ് സർക്കാർ അന്വേഷണം പ്രഖ്യാപിച്ചത്. എഡിജിപിക്കാണ് അന്വേഷണ ചുമതല. ഒരാഴ്ചക്കകം റിപ്പോർട്ട് സമർപ്പിക്കുന്നതിന് മുഖ്യമന്ത്രി ആഭ്യന്തര അഡീഷണൽ ചീഫ് സെക്രട്ടറിക്ക് നിർദ്ദേശം നൽകി.

എസ്എഫ്‌ഐ പ്രവർത്തകർ ആക്രമണം നടത്തിയ സമയത്ത് ചുമതലയിൽ ഉണ്ടായിരുന്ന കൽപ്പറ്റ ഡിവൈഎസ്പിയെ അന്വേഷണ വിധേയമായി സസ്‌പെന്‍ഡ് ചെയ്ത് തലയൂരാനാണ് സർക്കാർ നീക്കം. എകെജി സെന്‍ററിലേക്ക് അടക്കം പ്രതിഷേധം ഉയർന്നതോടെയാണ് അന്വേഷണം പ്രഖ്യാപിക്കാൻ സർക്കാർ നിർബന്ധിതരായത്. സംഭവവുമായി ബന്ധപ്പെട്ട് 19 എസ്എഫ്ഐ പ്രവർത്തകർ അറസ്റ്റിലായിട്ടുണ്ട്. അതേസമയം പ്രതിഷേധങ്ങൾ ശക്തമാകുമ്പോഴും ഇന്നും എസ്എഫ്ഐ പ്രവർത്തകർക്കെതിരെ നടപടിയുണ്ടായേക്കില്ല. നേതൃത്വത്തിന്‍റെ അറിവോടെയാണ് എസ്എഫ്ഐ പ്രവർത്തകർ രാഹുൽ ഗാന്ധിയുടെ ഓഫീസിലേക്ക് അതിക്രമിച്ച് കയറിയതെന്ന പ്രതിപക്ഷ ആരോപണം ശരിവെക്കുന്നതാണ് സിപിഎമ്മിന്‍റെ നിലപാട്.