തൃക്കാക്കരയ്ക്ക് പിന്നാലെ സില്‍വർലൈന്‍ സര്‍വേ പുനഃരാരംഭിക്കാന്‍ സർക്കാർ നീക്കം

Jaihind Webdesk
Monday, June 6, 2022

 

തിരുവനന്തപുരം: തൃക്കാക്കര ഉപതെരഞ്ഞെടുപ്പിന്‍റെ പശ്ചാത്തലത്തിൽ നിർത്തിവെച്ച സിൽവർലൈൻ സർവേ നടപടികൾ അടുത്തയാഴ്ച പുനഃരാരംഭിക്കുമെന്ന് സൂചന. റവന്യൂ, സർവേ, കെറെയിൽ ഉദ്യോഗസ്ഥരും പഠന ഏജൻസിയുടെ പ്രതിനിധികളും പൊലീസ് സംരക്ഷണത്തിൽ വീടുകളിലെത്തും. ജിയോ ടാഗിംഗ് ഉപയോഗിച്ച് പുരയിടത്തിൽ എവിടെയാണ് പാതയെന്ന് ഉടമകളെ ബോധ്യപ്പെടുത്തുകയാണ് കെ റെയിലിന്‍റെ ഉദ്ദേശം. അതേസമയം ഇടതു മുന്നണിക്കുള്ളില്‍ നിന്നു തന്നെയുള്ള  എതിർപ്പുകൾ മറികടക്കുന്നത് മുഖ്യമന്ത്രിക്ക് എളുപ്പമാകില്ല എന്നാണ് വിലയിരുത്തൽ.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിനു മുമ്പ് വരെ സംസ്ഥാനത്ത് കെ റെയിൽ കല്ലിടൽ തകൃതിയായി നടന്നു. എന്നാൽ തെരെഞ്ഞടുപ്പ് വിജ്ഞാപനം പുറത്തിറങ്ങിയതോടെ കല്ലിടൽ നിർത്തി റവന്യൂ വകുപ്പ് ഉത്തരവും ഇറക്കി. ബലം പ്രയോഗിച്ചുള്ള കല്ലിടൽ സർക്കാർ വിലക്കിയതോടെ ജിപിഎസ് സർവേ അടക്കമുള്ളവ ഉപയോഗിക്കാം എന്നും നിർദേശം വന്നു. ഇത്രയും മാർഗങ്ങൾ ഉണ്ടായിരുന്നിട്ടും ബലം പ്രയോഗിച്ചുള്ള സർവേ നടത്തിയതിന് ഹൈക്കോടതിയുടെ വിമർശനവും സർക്കാർ ഏറ്റുവാങ്ങി.

അതേസമയം തെരഞ്ഞെടുപ്പ് ലക്ഷ്യം വെച്ച് സർവേ നിർത്തുകയും തെരഞ്ഞെടുപ്പ് പരാജയപ്പെട്ട ശേഷം സർവേ ആരംഭിക്കുകയും ചെയ്താൽ വലിയ ജനകീയ പ്രതിഷേധങ്ങൾക്ക് കാരണമാകും. ഏത് സർവേയും തടയുമെന്ന് യുഡിഎഫ് പ്രഖ്യാപിച്ചിരിക്കെ ഉദ്യോഗസ്ഥരെത്തുന്നത് സംഘർഷമുണ്ടാക്കിയേക്കും. അതേസമയം പദ്ധതിയുമായി മുന്നോട്ടുപോകേണ്ടെന്ന് സർക്കാർ ഒരു സൂചനയും തന്നിട്ടില്ലെന്ന് കെറെയിൽ പറയുന്നു. തെരഞ്ഞെടുപ്പല്ല, പ്രാദേശിക പ്രതിഷേധങ്ങൾ കാരണമാണ് സർവേ നിറുത്തിയത് എന്നാണ് കെ റെയിലിന്‍റെ വാദം. റവന്യൂ, പോലീസ് അധികൃതരുടെ സൗകര്യപ്രകാരം അടുത്തയാഴ്ച 10 ജില്ലകളിലും സർവേ ആരംഭിക്കാനാണ് നീക്കം. 100 ദിവസത്തിനകം സാമൂഹികാഘാത പഠനം പൂർത്തിയാക്കുമെന്നും കെറെയിൽ വ്യക്തമാക്കി.

അതേസമയം സർവേ നടപടിയുമായി മുന്നോട്ട് പോയാൽ ശക്തമായി പ്രതിരോധിക്കുമെന്ന് കെ റെയിൽ സമരസമിതിയും മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. പോലീസിനെ ഉപയോഗിച്ച് അടിച്ചമർത്താൻ ശ്രമിച്ചാൽ ശക്തമായി പ്രതിരോധിക്കുമെന്നും ഇവർ പറയുന്നു. ഇതിനിടെ തൃക്കാക്കരയിലെ കടുത്ത തോല്‍വിക്ക് പിന്നാലെ ഇടതുമുന്നണിക്കുള്ളില്‍ തന്നെ കെ റെയിലിനെതിരെ പ്രതിഷേധം ഉയർന്നിട്ടുണ്ട്. ഇനിയും നടപടികളുമായി മുന്നോട്ടുപോയാല്‍ ഇടതു മുന്നണിക്കുള്ളിൽ തന്നെ വലിയ സംഘർഷത്തിന് കാരണം ആയേക്കും. ഇതിനോടകം തന്നെ സിപിഐ അതൃപ്തി പ്രകടിപ്പിച്ചു കഴിഞ്ഞു. മുഖ്യമന്ത്രിയുടെ പിടിവാശി പോലെ പദ്ധതിയുമായി മുന്നോട്ട് പോയാൽ സംസ്ഥാനം വീണ്ടും സംഘർഷഭരിതം ആകുമെന്നുറപ്പ്. ഒപ്പം പാർട്ടിക്കുള്ളിലും മുഖ്യമന്ത്രി പ്രതിരോധത്തിൽ ആവുകയും ചെയ്യും.