തെരഞ്ഞെടുപ്പ് അടുത്തതോടെ സമൂഹമാധ്യമ ഇടപെടലിന് ദേശീയ  ഏജന്‍സിയെ തിരക്കി സർക്കാർ; പിആർഡിയെ നോക്കുകുത്തിയാക്കി ധൂർത്ത്

Jaihind News Bureau
Friday, September 11, 2020

തിരുവനന്തപുരം: തെരഞ്ഞെടുപ്പ് അടുത്തത്തോടെ സമൂഹമാധ്യമ ഇടപെടല്‍ കൊഴുപ്പിക്കാന്‍ സർക്കാർ നീക്കം. പിആർഡിയെ നോക്കുകുത്തിയാക്കി പ്രവർത്തനങ്ങള്‍ക്കായി ദേശീയ ഏജന്‍സിയെ കണ്ടെത്താന്‍ നീക്കം ആരംഭിച്ചു. ഇതിനായി അഞ്ചംഗ സമിതിയേയും നിയോഗിച്ചു.

അടുത്തകാലത്തൊന്നും സംസ്ഥാന സർക്കാർ അഭിമുഖീകരിച്ചിട്ടില്ലാത്ത സാമ്പത്തിക പ്രതിസന്ധി നിലനിൽക്കുമ്പോഴാണ് സർക്കാരിന്‍റെ ക്ഷേമപ്രവർത്തനങ്ങൾ ജനങ്ങളിൽ എത്തിക്കാനെന്ന പേരിൽ മങ്ങലേറ്റ പ്രതിച്ഛായ മെച്ചപ്പെടുത്താൻ പുതിയ പി.ആർ ഏജൻസിയെ കൊണ്ടുവരാൻ തീരുമാനമെടുത്തത്. ഇതിനു വേണ്ടി സാമൂഹ്യമാധ്യമങ്ങളില്‍ സര്‍ക്കാരിന്‍റെ പ്രവര്‍ത്തനങ്ങളുടെ ഏകോപനത്തിനായി സോഷ്യല്‍ മീഡിയ രംഗത്ത് അനുഭവ പാരമ്പര്യമുള്ള ഏജന്‍സികളെ കണ്ടെത്താനാണ് ഈ മാസം എട്ടിന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗം തീരുമാനമെടുത്തത്.

പി.ആര്‍ഡി സെക്രട്ടറി ചെയര്‍മാനും, എക്‌സ്‌പെന്‍ഡീച്ചര്‍ സെക്രട്ടറി, ഐടി സെക്രട്ടറി, കിഫ്ബി സിഇഒ എന്നിവര്‍ അംഗങ്ങളായുള്ള ഒരു ഇവാലുവേഷന്‍ കമ്മിറ്റിയാണ് ദേശീയ തലത്തിലുള്ള പി.ആര്‍ഏജന്‍സിയെ കണ്ടെത്തുകയെന്ന് ഇതു സംബന്ധിച്ച് പുറത്തിറങ്ങിയ ഉത്തരവിൽ പറയുന്നു. കൊവിഡ് കാലത്ത് സര്‍ക്കാരിന്‍റെ പ്രതിച്ഛായ വര്‍ദ്ധിപ്പിക്കാന്‍ അമേരിക്കയില്‍ നിന്നുള്ള സ്പ്രിങ്ക്‌ളര്‍ എന്ന പിആര്‍ ഏജന്‍സിയെ കൊണ്ടുവന്നത് വലിയ വിവാദമായിരുന്നു. ഈ പിആര്‍ പരിപാടികളുടെ മറവില്‍ കൊവിഡ് രോഗികളുടെ ഡാറ്റ അപഹരിക്കാനുള്ള നീക്കം പ്രതിപക്ഷം പുറത്തുകൊണ്ടുവന്നിരുന്നു.

സ്വര്‍ണ്ണക്കള്ളക്കടത്ത് കേസില്‍ മുഖ്യമന്ത്രിയുടെ ഓഫീസ് സംശയത്തിന്‍റെ നിഴലിലായതും കെ.ടി ജലീൽ അടക്കമുള്ള പ്രമുഖരിലേക്ക് അന്വേഷണം നീണ്ടതും സർക്കാരിന്‍റെ പ്രതിച്ഛായ നഷ്ടത്തിന് കാരണമായി. ഇതിനു പുറമേ പാവപ്പെട്ടവര്‍ക്ക് വേണ്ടിയുള്ള ലൈഫ് മിഷന്‍ പദ്ധതിയില്‍നിന്ന് നാലര കോടി രൂപ കമ്മീഷൻ ഇനത്തിൽ ചെലവായെന്ന പ്രതിപക്ഷത്തിന്‍റെ ആരോപണവും സസര്‍ക്കാരിന് തിരിച്ചടിയായി. ഏറ്റവുമൊടുവില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയുടെ മകന്‍ ബിനീഷ് കോടിയേരിയെ മയക്കു മരുന്ന് കള്ളക്കടത്തുകാർക്ക് സാമ്പത്തിക സഹായം നൽകിയതിന്‍റെ  പശ്ചാത്തലത്തിൽ എൻഫോഴ്സ്മെന്‍റ് ചോദ്യം ചെയ്തതും സി.പി.എമ്മിനും സർക്കാരിനും കനത്ത പ്രഹരമായി. ഇതോടെയാണ് മുഖ്യമന്ത്രിയുടെ നേതൃത്വത്തിൽ കോടികൾ മുടക്കി സർക്കാരിൻ്റെ മുഖം മിനുക്കാൻ  പുതിയ പി. ആർ ഏജൻസിയെ രംഗത്തിറക്കാൻ തീരുമാനമായിട്ടുള്ളത്.