വിദേശ മദ്യവില്‍പനശാലകളുടെ എണ്ണം വര്‍ധിപ്പിക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണം: വി.എം സുധീരന്‍

Jaihind Webdesk
Sunday, August 1, 2021

 

വിദേശ മദ്യവില്‍പനശാലകളുടെ എണ്ണം ആറിരട്ടിയായി വര്‍ധിപ്പിക്കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണമെന്ന് കോണ്‍ഗ്രസ് നേതാവ് വി.എം സുധീരന്‍. മദ്യവ്യാപനത്തിന്‍റെ ഫലമായി കേരളം എത്തിനില്‍ക്കുന്നത് അത്യന്തം ആപത്ക്കരമായ അവസ്ഥയിലാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ലോകാരോഗ്യസംഘടന ഉള്‍പ്പെടെയുള്ളവയുടെ നിർദേശങ്ങള്‍  തിരസ്കരിക്കുകയാണ് സർക്കാർ ചെയ്യുന്നത്. നാടിനെ പൂര്‍ണമായും സാമൂഹ്യ ദുരന്തത്തിലേക്ക് തള്ളിവിടുന്ന ഇത്തരം തെറ്റായ നടപടികളില്‍ നിന്ന് സര്‍ക്കാർ പിന്തിരിയണമെന്ന് വി.എം സുധീരന്‍ മുഖ്യമന്ത്രിക്കയച്ച കത്തില്‍ ആവശ്യപ്പെട്ടു.

വി.എം സുധീരന്‍റെ കത്തിന്‍റെ പൂർണ്ണരൂപം:

പ്രിയപ്പെട്ട മുഖ്യമന്ത്രി,

മാരക വിപത്തായ കോവിഡിന്‍റെ മൂന്നാം തരംഗം നേരിടുന്നതിന് കൂടുതല്‍ ഫലപ്രദമായ നടപടികള്‍ സ്വീകരിച്ച് മുന്നോട്ടു പോകേണ്ട ഈ നിര്‍ണായകഘട്ടത്തില്‍ വിദേശ മദ്യവില്പനശാലകളുടെ എണ്ണം ആറിരട്ടിയായി വര്‍ധിപ്പിക്കാനുള്ള തെറ്റായ നീക്കത്തില്‍ നിന്നും സര്‍ക്കാര്‍ പിന്തിരിയണമെന്നഭ്യര്‍ത്ഥിക്കുന്നു. കടകളും വിദ്യാലയങ്ങളും ആരാധനാലയങ്ങളും പഴയ നിലയില്‍ പ്രവര്‍ത്തിക്കുന്നതിന് കഴിയാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് പറയുന്ന അതേ സര്‍ക്കാര്‍ തന്നെയാണ് ഈ പ്രതിസന്ധികള്‍ക്കിടയില്‍ മദ്യവില്‍പ്പന ശാലകള്‍ വ്യാപകമാകുന്നതിന് കരുക്കള്‍ നീക്കുന്നത്. ഇത് വളരെയേറെ വിചിത്രമായിരിക്കുന്നു.

64 ദിവസത്തെ ലോക്ക്ഡൗണ്‍ കാലത്ത് മദ്യവില്‍പ്പനശാലകള്‍ പൂര്‍ണമായും അടച്ചുപൂട്ടി മദ്യലഭ്യത ഇല്ലാതായത് കൊണ്ട് കൈവരിച്ച നേട്ടങ്ങളൊക്കെ പാടെ കണ്ടില്ലെന്നു നടിച്ചുകൊണ്ടാണ് ജീവന്‍രക്ഷാ മരുന്ന് ലഭ്യമാക്കുന്ന ഭാവത്തോടെ മദ്യ വ്യാപനത്തിനുള്ള ഗൂഢനീക്കങ്ങള്‍ നടത്തുന്നത്. 64 ദിവസത്തെ ലോക്ക്ഡൗണ്‍ കാലയളവില്‍ കുറ്റകൃത്യങ്ങളിലുണ്ടായ വന്‍കുറവ് കേരള പോലീസ് ക്രൈം റെക്കോര്‍ഡ്‌സ് ബ്യൂറോ തന്നെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതാണ്. തന്നെയുമല്ല 3200 കോടി രൂപയുടെ സാമ്പത്തിക നേട്ടം മദ്യലഭ്യത ഇല്ലാതായതിനെത്തുടര്‍ന്ന് കുടുംബങ്ങള്‍ക്കുണ്ടായിട്ടുണ്ടെന്ന് ‘അഡിക് ഇന്ത്യ’യുടെ പഠനറിപ്പോര്‍ട്ടില്‍ പറയുന്നുമുണ്ട്. വീണ്ടും മദ്യവില്പന തുടങ്ങിയതിനുശേഷം സംസ്ഥാനത്തുണ്ടായിക്കൊണ്ടിരിക്കുന്ന അക്രമസംഭവങ്ങളും കുറ്റകൃത്യങ്ങളും സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും നേരെയുള്ള അതിക്രമങ്ങളും വ്യാപകമായി വര്‍ദ്ധിച്ചത് അതിഗുരുതരമായ ഒരു സാമൂഹ്യ ദുരവസ്ഥയിലേക്കാണ് കേരളത്തെ എത്തിച്ചത്. മദ്യ വ്യാപനത്തിന്‍റെ ഫലമായി കേരളം എത്തിനില്‍ക്കുന്ന ആപല്‍ക്കരമായ അവസ്ഥ തീര്‍ത്തും കണക്കിലെടുക്കാതെയാണ് സര്‍ക്കാരിന്‍റെ മദ്യവ്യാപന നടപടികള്‍.

മനുഷ്യരുടെ ജീവിതത്തെയും ആരോഗ്യത്തെയും തീര്‍ത്തും പ്രതികൂലമായി ബാധിക്കുന്ന മദ്യ വിപത്തില്‍ നിന്നും മനുഷ്യരെ രക്ഷിക്കുന്നതിന് മദ്യ ലഭ്യതയും പ്രാപ്യതയും ഇല്ലാതാക്കുകയാണ് അടിസ്ഥാനപരമായും വേണ്ടതെന്ന ലോകാരോഗ്യസംഘടനയുടെയും മറ്റ് ആധികാരിക ഏജന്‍സികളുടെയും നിര്‍ദ്ദേശങ്ങളൊക്കെ മനപ്പൂര്‍വ്വം തിരസ്‌കരിച്ചു കൊണ്ടാണ് നാടിനെ പൂര്‍ണമായും സാമൂഹ്യ ദുരന്തത്തിലേക്ക് തള്ളിവിടുന്ന ഇത്തരം തെറ്റായ നടപടികളുമായി സര്‍ക്കാര്‍ മുന്നോട്ട് പോകുന്നത്. നാടിനെയും തലമുറകളെയും ഈ സാമൂഹ്യ വിപത്തില്‍ നിന്നും രക്ഷിക്കാന്‍ ബാധ്യതപ്പെട്ട സര്‍ക്കാര്‍ തന്നെ ഇതിനെല്ലാം വിരുദ്ധമായി നാടിനെ ഇനിയും വന്‍ ദുരന്തത്തിലേക്ക് തള്ളിവിടരുത്.

അതുകൊണ്ട് മദ്യ വില്‍പ്പന ശാലകള്‍ വ്യാപിപ്പിക്കാനുള്ള നടപടികളെല്ലാം പൂര്‍ണമായും സര്‍ക്കാര്‍ ഉപേക്ഷിക്കണം. നിലവിലുള്ള ജനദ്രോഹപരവും നാടിന് ഹാനികരവുമായിട്ടുള്ള മദ്യനയം സമഗ്രമായി പുനപരിശോധിച്ച് മദ്യമുള്‍പ്പടെയുള്ള വന്‍ ലഹരി വിപത്തില്‍ നിന്നും നാടിനെയും തലമുറകളെയും രക്ഷിക്കുന്നതിന് പര്യാപ്തമായ ജനപക്ഷ മദ്യനയത്തിന് രൂപം കൊടുക്കുകയാണ് അനിവാര്യമായും വേണ്ടത്.