ഹോക്കി താരം പി.ആർ ശ്രീജേഷിന് സംസ്ഥാന സര്‍ക്കാര്‍ പാരിതോഷികം നല്‍കണം : ഷാഫി പറമ്പില്‍

Jaihind Webdesk
Monday, August 9, 2021

ടോക്യോ ഒളിംപിക്‌സിൽ വെങ്കലം നേടിയ ഇന്ത്യന്‍ ഹോക്കി ടീമിന്‍റെ ഗോൾ കീപ്പറായ മലയാളിയായ പി.ആർ. ശ്രീജേഷിന് സംസ്ഥാന സർക്കാർ പാരിതോഷികം നൽകണമെന്ന് ഷാഫി പറമ്പിൽ എംഎൽഎ.

50 വർഷത്തിന് ശേഷമാണ് ഒരു മലയാളി ഒളിംപിക്‌സിൽ മെഡൽ നേടുന്നത്. 1972 ലെ മ്യൂണിച്ച് ഒളിംപിക്‌സിൽ വെങ്കല മെഡൽ നേടിയ അന്നത്തെ ഹോക്കി ടീം ഗോൾ കീപ്പർ മാനുവൽ ഫെഡറിക്‌സിന് ശേഷം ഒളിംപിക്‌സ് മെഡൽ കേരളത്തിലെത്തിച്ച ശ്രീജേഷിന് അടിയന്തരമായി പാരിതോഷികം പ്രഖ്യാപിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഇക്കാര്യം ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും കായിക വകുപ്പ് മന്ത്രിക്കും കത്തയച്ചെന്നും ഷാഫി വ്യക്തമാക്കി. ഇത്തരത്തിൽ പാരിതോഷികം നൽകുന്നത് വരും തലമുറയ്ക്ക് പ്രചോദനമാകുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഈ ഒളിംപിക്‌സിൽ മെഡൽ നേടിയവർക്ക് വിവിധ സംസ്ഥാനങ്ങളും കായിക സംഘടനകളും സ്വകാര്യ വ്യക്തികളും പാരിതോഷികങ്ങൾ പ്രഖ്യാപിച്ചിട്ടിട്ടും കേരള സർക്കാർ ശ്രീജേഷിന് പാരിതോഷികം പ്രഖ്യാപിക്കാത്തത് വലിയ വിമർശനത്തിന് ഇടയാക്കിയിരുന്നു.