കൊവിഡ് ബാധിച്ച് മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ സാമ്പത്തിക സഹായം നല്‍കണം : എം.എം ഹസന്‍

Jaihind Webdesk
Saturday, May 29, 2021

തിരുവനന്തപുരം : കൊവിഡ് ബാധിച്ച് കേരളത്തില്‍ മരണമടഞ്ഞവരുടെ കുടുംബങ്ങള്‍‌ക്ക് സംസ്ഥാന സര്‍ക്കാര്‍ നഷ്ടപരിഹാരമായി സാമ്പത്തിക സഹായം നല്‍കണമെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസന്‍. കൊവിഡിനെ തുടര്‍ന്ന് മാതാപിതാക്കള്‍ നഷ്ടപ്പെട്ട് അനാഥരായി തീര്‍ന്ന കുട്ടികളുടെ പുനരധിവാസത്തിന് സാമ്പത്തിക സഹായവും വിദ്യാഭ്യാസ സഹായവും പ്രഖ്യാപിച്ച സംസ്ഥാന സര്‍ക്കാര്‍ തീരുമാനത്തെ സ്വാഗതം ചെയ്യുന്നു. അനാഥരായ കുട്ടികളെ മാത്രമല്ല ഓരോ കുടുംബത്തിലെയും വരുമാന സ്രോതസ്സായിരുന്ന ആളുടെ നഷ്ടവും പരിഗണിക്കണമെന്നാണ് കഴിഞ്ഞ ദിവസം സുപ്രീംകോടതി പറഞ്ഞത്.

ശിശു സംരക്ഷണ കേന്ദ്രങ്ങളിലെ കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ടു സ്വമേധയായെടുത്ത കേസിൽ വാദം കേൾക്കുന്നതിന് ഇടയിലാണ് കോടി ഇക്കാര്യം കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളോട് ആവശ്യപ്പെട്ടത്. നിത്യവൃത്തിക്ക് പോലും വരുമാനമില്ലാതെ കഷ്ടപ്പെടുന്ന കുടുംബങ്ങള്‍ക്ക് ആശ്വാസവും സഹായവും നല്‍കേണ്ട ബാധ്യത സര്‍ക്കാരിനുണ്ട്.രാജ്യത്ത് മതാപിതാക്കള്‍ നഷ്ടപ്പെട്ട 577 കുട്ടികളുണ്ടെന്നാണ് കേന്ദ്ര സര്‍ക്കാര്‍ പുറത്ത് വിട്ട കണക്കില്‍ നിന്നും വ്യക്തമാകുന്നത്.

കേരളത്തില്‍ ഇന്നലെ വരെ 8257 പേരാണ് കോവിഡ് മൂലം മരിച്ചതെന്നാണ് ഔദ്യോഗിക കണക്കുകള്‍.ഇതില്‍ ഭൂരിപക്ഷവും പാവപ്പെട്ടവരും സാധാരണക്കാരുമാണ്. ഈ വസ്തുത കണക്കിലെടുത്താണ് ഇത്തരം കുടുംബങ്ങള്‍ക്ക് ധനസഹായം നല്‍കണമെന്ന് കഴിഞ്ഞ ദിവസം ചേര്‍ന്ന യുഡിഎഫ് സംസ്ഥാന ഏകോപന സമിതി സര്‍ക്കാരിനോട് ആവശ്യപ്പെട്ടതെന്നും ഹസ്സന്‍ പറഞ്ഞ‌ു.