യുവജന സംഘടനകളുടെ എതിർപ്പ് തള്ളി സർക്കാർ; വിരമിക്കല്‍ പ്രായം 70 വരെ വർധിപ്പിച്ച് വിവാദ ഉത്തരവ് | VIDEO

Jaihind Webdesk
Saturday, March 26, 2022

 

സംസ്ഥാന സർക്കാരിന്‍റെ പൊതുമേഖലാ സ്ഥാപനങ്ങൾ, കോർപ്പറേഷനുകൾ, സ്വയം ഭരണ സ്ഥാപനങ്ങൾ, സ്റ്റാറ്റ്യൂട്ടറി സ്ഥാപനങ്ങൾ എന്നിവിടങ്ങളിലെ ഉന്നത ഉദ്യോഗസ്ഥരുടെ പെൻഷൻ പ്രായം വർധിപ്പിച്ച് ഉത്തരവിറങ്ങി. ചീഫ് എക്സിക്യുട്ടീവ് ഓഫീസർ, സെക്രട്ടറി, മാനേജിംഗ് ഡയറക്ടർ എന്നീ തസ്തികയിൽ ജോലി ചെയ്യുന്നവരുടെ റിട്ടയർമെന്‍റ് പ്രായപരിധിയാണ് ഉയർത്തിയത്. 56 ൽ നിന്ന് 65 ഉം, 70 വയസായി റിട്ടയർമെന്‍റ് ഉയർത്തിക്കൊണ്ടാണ് വിവാദ ഉത്തരവിറങ്ങിയിട്ടുള്ളത്.

കേരള സർക്കാരിന്‍റെ നിയന്ത്രണത്തിലുള്ള പൊതുമേഖലാ സ്ഥാപനങ്ങൾ, കോർപ്പറേഷനുകൾ, സ്വയംഭരണ സ്ഥാപനങ്ങൾ, സ്റ്റാറ്റ്യൂട്ടറി സ്ഥാപനങ്ങൾ എന്നിവയിലെ ചീഫ് എക്സിക്യുട്ടീവ് ഓഫീസർ, സെക്രട്ടറി, മാനേജിംഗ് ഡയറക്ടർ എന്നീ തസ്തികയിൽ ജോലി ചെയ്യുന്നവരുടെ റിട്ടയർമെന്‍റ് പ്രായപരിധിയാണ് ഉയർത്തിയത്. നിലവിൽ 56 വയസിൽ റിട്ടയർ ചെയ്യേണ്ടവർ ഇനി മുതൽ പൊതുമേഖലാ സ്ഥാപനങ്ങൾ ആണെങ്കിൽ 65 വയസിലും, സർക്കാർ നിയന്ത്രണത്തിലുള്ള കോർപ്പറേഷൻ, സ്റ്റാറ്റ്യൂട്ടറി സ്ഥാപനമാണെങ്കിൽ 70 വയസിലും റിട്ടയർ ചെയ്താൽ മതി. യുവജന സംഘടനകളുടെ എതിർപ്പ് അവഗണിച്ച് ഇക്കഴിഞ്ഞ ഫെബ്രുവരി 14 ന് മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ യോഗം ചേരുകയും തുടർന്ന് ഈ മാസം 16ന് മന്ത്രിസഭ തീരുമാനം എടുക്കുകയുമായിരുന്നു. വിഷയം വിവാദമാവാതിരിക്കാൻ നിയമസഭ അവസാനിച്ച 18-ാം തീയതിയാണ് വിവാദ ഉത്തരവ് പുറത്തിറങ്ങിയത്.

ഇതോടെ ഉയർന്ന തസ്തികയിൽ പുതിയ നിയമനാവസരം പാടേ നഷ്ടമാവും. റിട്ടയർമെന്‍റ് പ്രായം 9 വർഷം മുതൽ 14 വർഷം വരെ ഉയർത്തിയതിനാൽ പ്രമോഷൻ സാധ്യത വളരെ കുറയും. മേൽപ്പറഞ്ഞ തസ്തികയിലേക്ക് പ്രമോഷൻ ലഭിക്കാത്തവർ 56 / 58 വയസിൽ റിട്ടയർ ചെയ്യേണ്ടി വരുന്ന വിചിത്ര തീരുമാനമാണ് ഇതോടെ നടപ്പിലാവുന്നത്. സർവീസ് സംഘടനകൾ എല്ലാ വിഭാഗം ജീവനകാർക്കും ഈ റിട്ടയർമെന്‍റ് ഉയർന്ന പ്രായപരിധി നടപ്പിലാക്കണമെന്നാവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും വകുപ്പ് മന്ത്രിക്കും നിവേദനം നൽകാനും കോടതിയിൽ ആവശ്യം ഉന്നയിച്ച് റിട്ട് പെറ്റീഷൻ ഫയൽ ചെയ്യുവാനും തീരുമാനിച്ചിട്ടുണ്ട്.