സര്‍ക്കാര്‍ ക്വാറി മാഫിയയ്ക്ക് കീഴടങ്ങി : മുല്ലപ്പള്ളി രാമചന്ദ്രന്‍

Jaihind Webdesk
Wednesday, August 21, 2019

Mullapaplly-Ramachandran

സര്‍ക്കാര്‍ ക്വാറി മാഫിയയ്ക്ക് കീഴടങ്ങിയെന്ന് കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. സംസ്ഥാനത്ത് ഖനനത്തിന് ഏര്‍പ്പെടുത്തിയ നിരോധനം വെറും 12 ദിവസത്തിനുള്ളില്‍ പിന്‍വലിച്ചത് ഇക്കാര്യം വ്യക്തമാക്കുന്നു. അതിരൂക്ഷമായ പ്രളയത്തിന്‍റെയും ഉരുള്‍പൊട്ടലിന്‍റെയും പശ്ചാത്തലത്തില്‍ കഴിഞ്ഞ 9-ാം തീയതി നിര്‍ത്തിവെച്ച ഖനനം 21 ന് പുനഃസ്ഥാപിക്കുകയായിരുന്നു.

ഖനനം പുനഃസ്ഥാപിച്ചതിലൂടെ ക്വാറി മാഫിയയ്ക്ക് പശ്ചിമഘട്ടം ഉള്‍പ്പെടെയുള്ള പരിസ്ഥിതിലോല പ്രദേശങ്ങള്‍ തുരക്കാനുള്ള അവസരമാണ് വീണ്ടും ലഭിച്ചിരിക്കുന്നത്. ഉത്തരവ് കേരളത്തോടുള്ള വെല്ലുവിളിയാണെന്നും സംസ്ഥാനത്തെ നശിപ്പിക്കാനുള്ള ഉത്തരവാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ ചൂണ്ടിക്കാട്ടി. സംസ്ഥാനത്ത് 5,924 ക്വാറികള്‍ പ്രവര്‍ത്തിക്കുന്നുണ്ടെന്നാണ് പീച്ചിയിലെ ഫോറസ്റ്റ് ഇന്‍സ്റ്റിറ്റ്യൂട്ടിന്‍റെ കണക്ക്. സംസ്ഥാന സര്‍ക്കാരിന്‍റെ മൈനിംഗ് ആന്‍ഡ് ജിയോളജി വകുപ്പിന്‍റെ കണക്കില്‍ വെറും 750 ക്വാറികളേയുള്ളു. ബാക്കിയുള്ളവയെല്ലാം അനധികൃതമാണ്. യഥാര്‍ത്ഥത്തില്‍ സംസ്ഥാനത്ത് എത്ര ക്വാറികള്‍ പ്രവര്‍ത്തിക്കുന്നു എന്നത് സംബന്ധിച്ച് അധികൃതര്‍ക്ക് കണക്കില്ല. കാട്ടിലെ തടി തേവരുടെ ആന എന്ന മട്ടില്‍ ആര്‍ക്കും എവിടെയും ക്വാറികള്‍ അനുവദിക്കുകയാണ് ഇടതു സര്‍ക്കാര്‍ ചെയ്യുന്നതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

കഴിഞ്ഞവര്‍ഷമുണ്ടായ പ്രളയത്തിന്‍റെ തനിയാവര്‍ത്തനം ഉണ്ടായത് പരിസ്ഥിതി ലോലപ്രദേശമായ പശ്ചിമഘട്ടത്ത് നടക്കുന്ന വ്യാപകമായ ഖനനം മൂലമാണെന്ന് പ്രശസ്ത പരിസ്ഥിതി ശാസ്ത്രജ്ഞന്‍ മാധവ് ഗാഡ്ഗിലും മറ്റ് ശാസ്ത്രജ്ഞരും ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇടതുസര്‍ക്കാര്‍ അധികാരത്തിലേറിയശേഷം പരിസ്ഥിതിയെ നശിപ്പിക്കുന്ന നിരവധി നടപടികളുടെ തുടര്‍ച്ചയാണ് ഖനനാനുമതി.

പരിസ്ഥിതിയെക്കുറിച്ച് ധവളപത്രം വരെ ഇറക്കിയ പിണറായി സര്‍ക്കാര്‍ അതില്‍ ക്വാറികളെക്കുറിച്ച് ഒരക്ഷരം പറഞ്ഞില്ല. റോഡ്, തോട്, നദികള്‍, വീടുകള്‍ തുടങ്ങിയവയില്‍ നിന്ന് ക്വാറി 100 മീറ്റര്‍ അകലമെങ്കിലും പാലിക്കണമെന്ന നിബന്ധന എടുത്തുമാറ്റി അതുവെറും 50 മീറ്ററാക്കി. ക്വാറിക്ക് നല്‍കുന്ന അനുമതിയുടെ കാലാവധി മൂന്ന് വര്‍ഷത്തില്‍ നിന്ന് അഞ്ച് വര്‍ഷമാക്കി. വനത്തില്‍ നിന്നുള്ള ക്വാറിയുടെ ദൂരപരിധി 100 മീറ്ററില്‍ നിന്ന് 50 മീറ്ററായി വെട്ടിക്കുറച്ചു. ഭൂപതിവ് ചട്ടങ്ങള്‍ ദേദഗതി ചെയ്ത് പട്ടയഭൂമിയില്‍ പോലും വ്യാപകമായ ഖനനത്തിന് വഴിയൊരുക്കി. കേരള നെല്‍വയല്‍-തണ്ണീര്‍ത്തട സംരക്ഷണ നിയമത്തില്‍ ഭേദഗതി വരുത്തി നെല്‍വയലുകളും തണ്ണീര്‍ത്തടങ്ങളും നികത്താന്‍ അവസരമൊരുക്കി.

ഇത്തരത്തില്‍ നിബന്ധനകളെല്ലാം കാറ്റില്‍ പറത്തി ക്വാറി മാഫിയക്ക് അനുകൂല നിലപാട് സ്വീകരിക്കുകയാണ് പിണറായി സര്‍ക്കാര്‍ ചെയ്യുന്നതെന്നും ഖനനം പെട്ടെന്ന് പുനഃസ്ഥാപിച്ചത് സംസ്ഥാനത്തെ നശിപ്പിക്കാനുള്ള ഉത്തരവാണെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പ്രസ്താവനയില്‍ പറഞ്ഞു.