സില്‍വർ ലൈന്‍ സർക്കാർ കണ്ടത് റിയല്‍ എസ്റ്റേറ്റ് കണ്ണിലൂടെ, ലക്ഷ്യമിട്ടത് അഴിമതി മാത്രം: രമേശ് ചെന്നിത്തല

Jaihind Webdesk
Thursday, July 28, 2022

തിരുവനന്തപുരം: സിൽവർ ലൈൻ പദ്ധതിയിലൂടെ സർക്കാരിന്‍റെ ലക്ഷ്യം ഭൂമി ഏറ്റെടുത്ത് അതു വഴി ലോൺ തരപ്പെടുത്തുകയാണെന്ന് കോണ്‍ഗ്രസ് നേതാവ് രമേശ് ചെന്നിത്തല. റിയൽ എസ്റ്റേറ്റ് കച്ചവടക്കാരന്‍റെ കണ്ണ് കൊണ്ടാണ് സർക്കാർ ഇതിനെ കണ്ടതെന്നും ജെയ്ക്ക വായ്പ ആയിരുന്നു പ്രധാന ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് മാടപ്പള്ളി നിവാസികള്‍ നടത്തുന്ന സത്യഗ്രഹ സമരത്തിന്‍റെ നൂറാം ദിനത്തില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ചങ്ങനാശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം സത്യഗ്രഹത്തിന്‍റെ നൂറാം ദിനം ഉദ്ഘാടനം ചെയ്തു.

സിൽവർ ലൈൻ പദ്ധതിയിലൂടെ അഴിമതി മാത്രമായിരുന്നു സർക്കാരിന്‍റെ ലക്ഷ്യമെന്നും അതുകൊണ്ടാണ് ഈ പദ്ധതി നടപ്പാകാതെ പോയതെന്നും രമേശ് ചെന്നിത്തല ചൂണ്ടിക്കാട്ടി. സർക്കാർ എത്രയും വേഗം സിൽവർ ലൈൻ പദ്ധതി ഉപേക്ഷിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം പദ്ധതി ഉപേക്ഷിക്കുന്നതിനോടൊപ്പം ഇതുമായി ബന്ധപ്പെട്ടുള്ള വിജ്ഞാപനവും സർക്കാർ പിൻവലിച്ചാല്‍ മാത്രമേ സമരം അവസാനിപ്പിക്കൂ എന്ന നിലപാടിലാണ് മാടപ്പള്ളി നിവാസികള്‍.

കെ റെയിൽ സമരത്തിന് പൂർണ്ണ പിന്തുണ നൽകുന്നതായി ചങ്ങനാശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പെരുന്തോട്ടം പറഞ്ഞു. സിൽവർ ലൈൻ നടപ്പാക്കാനുള്ള ആസൂത്രണം തികച്ചും പാളിപ്പോയെന്നും ജനങ്ങൾക്ക് ഈ പദ്ധതിയിന്മേലുള്ള വിശ്വാസം നഷ്ടമായെന്നും അദ്ദേഹം പറഞ്ഞു. ജനജീവിത സംവിധാനങ്ങളെ ആകെ തകർക്കുന്നതാണ് സിൽവർ ലൈൻ പദ്ധതി.  ജനങ്ങൾക്ക് ആവശ്യമില്ലാത്ത പദ്ധതി നടപ്പാക്കുമ്പോൾ തിരിച്ചടികൾ സ്വാഭാവികമാണെന്നും മാർ ജോസഫ് പെരുന്തോട്ടം ചൂണ്ടിക്കാട്ടി.

കഴിഞ്ഞ മാർച്ച് 17 നാണ് കെ റെയിൽ പദ്ധതിക്കെതിരെ സമാധാനപരമായി പ്രതിഷേധിച്ച ചങ്ങനാശേരി മാടപ്പള്ളി നിവാസികളെ പോലീസ് ക്രൂരമായി മർദ്ദിക്കുകയും റോഡിലൂടെ വലിച്ചിഴയ്ക്കുകയും ചെയ്തത്.  തൊട്ടടുത്ത ദിവസം പോലീസ് സംരക്ഷണത്തിൽ കെ റെയിൽ ഉദ്യോഗസ്ഥൻ മാടപ്പള്ളിയിൽ കെ റെയിൽ കുറ്റികൾ നാട്ടി. ഈ കുറ്റികൾ പിന്നീട് കൊടിക്കുന്നിൽ സുരേഷ് എംപിയുടെയും ഡിസിസി അധ്യക്ഷൻ നാട്ടകം സുരേഷിന്‍റെയും നേതൃത്വത്തിൽ പിഴുതെറിഞ്ഞു.

പോലീസിന്‍റെ കാടത്തത്തിനും കെ റെയിൽ പദ്ധതി സർക്കാർ ഉപേക്ഷിക്കണമെന്നും ആവശ്യപ്പെട്ട് മാടപ്പള്ളി നിവാസികൾ കഴിഞ്ഞ മാർച്ച് 20ന് ആണ് സത്യഗ്രഹ സമരം ആരംഭിച്ചത്. ഈ സമരത്തിന് പിന്തുണയുമായി ജനപ്രതിനിധികളും കെ റെയിൽ വിരുദ്ധ സമരസമിതിയും മുന്നോട്ടുവന്നു. കെ.സി ജോസഫ്, തിരുവഞ്ചൂർ രാധാകൃഷ്ണന്‍, മുൻ കേന്ദ്ര മന്ത്രി പിസി തോമസ് തുടങ്ങിയവരും മാടപ്പള്ളി സമരത്തിന്‍റെ നൂറാം ദിനത്തില്‍ പങ്കെടുത്തു.