ഡിജിപി ജേക്കബ് തോമസിനെ സംസ്ഥാന സർക്കാർ തരംതാഴ്ത്തും. എഡിജിപിയായാണ് തരംതാഴ്ത്തുക. ചട്ടവിരുദ്ധ പ്രവർത്തനങ്ങൾ നടത്തിയെന്ന് ആരോപിച്ചാണ് നടപടി. വിരമിക്കാൻ മാസങ്ങൾ മാത്രം ശേഷിക്കെയാണ് സർക്കാർ തീരുമാനം. ഇതുസംബന്ധിച്ച ശുപാർശ സർക്കാർ കേന്ദ്രത്തിന് കൈമാറി. ഒരു ഉന്നത ഉദ്യോഗസ്ഥനെ തരംതാഴ്ത്താനുള്ള നടപടി സംസ്ഥാന ചരിത്രത്തിൽ ഇതാദ്യമാണ്.
അതേസമയം, എസ്.ഐ പോസ്റ്റിനും അതിന്റേതായ വിലയുണ്ടെന്നും, അത് കിട്ടിയാലും സ്വീകരിക്കുമെന്നും ഡിജിപി ജേക്കബ് തോമസ്. സർക്കാർ തീരുമാനങ്ങൾ അനുസരിക്കാൻ ബാധ്യത പൗരന്മാർക്ക് ഉണ്ട്. തരംതാഴ്ത്തിയത് സംബന്ധിച്ച അറിയിപ്പ് ഔദ്യോഗികമായി ലഭിച്ചിട്ടില്ല എന്നും ജേക്കബ് തോമസ് പ്രതികരിച്ചു.
ഓഖി ദുരന്തത്തിന് പിന്നാലെ നടത്തിയ പരാമർശം മുതലാണ് സർക്കാരുമായി ജേക്കബ് തോമസ് ഇടയുന്നത്. തുടർന്ന് വിവിധ വകുപ്പുകൾക്കെതിരേ ഗുരുതര ആരോപണമുന്നയിക്കുന്ന തരത്തിൽ സ്രാവുകൾക്കൊപ്പം നീന്തുമ്പോൾ എന്ന പുസ്തകമെഴുതി. ഈ പുസ്തകമെഴുത്താണ് അച്ചടക്ക നടപടിക്ക് പ്രധാന കാരണമായത്. മെയ് 31 ന് വിരമിക്കാനിരിക്കെയാണ് ജേക്കബ് തോമസിനെതിരെ സർക്കാരിന്റെ നടപടി.
വകുപ്പുതല അന്വേഷണ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് നടപടിയെന്നാണ് വിശദീകരണം. തരംതാഴ്ത്തൽ സംബന്ധിച്ച നോട്ടീസ് സർക്കാർ ജേക്കബ് തോമസിന് നൽകി. അനുമതിയില്ലാതെ പുസ്തകമെഴുതിയത് അച്ചടക്ക ലംഘനമാണെന്നാണ് നോട്ടീസിൽ ചൂണ്ടിക്കാട്ടുന്നത്. ഇടത് സർക്കാർ അധികാരത്തിൽ വന്നതിന് പിന്നാലെ വിജിലൻസ് ഡയറക്ടറായി നിയമിതനായ ജേക്കബ് തോമസ് പിന്നീട് നിരന്തരം സർക്കാരുമായി ഏറ്റുമുട്ടുന്ന സാഹചര്യത്തിലേക്കെത്തിയിരുന്നു. സർക്കാരും ജേക്കബ് തോമസും തമ്മിലുള്ള തർക്കത്തിന്റെ അവസാനത്തെ നടപടിയായാണ് തരംതാഴ്ത്തൽ വന്നിരിക്കുന്നത്. എന്നാൽ ഐപിഎസ് ഉദ്യോഗസ്ഥനായതിനാൽ ഇതിൽ കേന്ദ്ര സർക്കാരിന്റെ നിലപാട് നിർണായകമാണ്. സംസ്ഥാന സർക്കാരിന്റെ നടപടി കേന്ദ്ര സർക്കാർ അംഗീകരിച്ചാൽ മാത്രമെ അന്തിമ തീരുമാനമുണ്ടാകൂ. കൂടാതെ നടപടിക്രമങ്ങളുടെ ഭാഗമായി ജേക്കബ് തോമസിൽ നിന്ന് ഒരു തവണ കൂടി വിശദീകരണം തേടാനാണ് സാധ്യത.