170 കോടി രൂപ കഴിഞ്ഞ വര്‍ഷം ലാഭമുണ്ടാക്കിയ തിരുവനന്തപുരം രാജ്യാന്തര വിമാനത്താവളം അദാനി ഗ്രൂപ്പിനു കൈമാറാനുള്ള നീക്കത്തിലെ ഒന്നാം പ്രതി കേരള സര്‍ക്കാരാണെന്നു കെ.പി.സി.സി. പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. തിരുവനന്തപുരം വിമാനത്താവളം സ്വകാര്യ വല്‍ക്കരിക്കാന്‍ നീക്കമുണ്ടായപ്പോള്‍ സംസ്ഥാന സര്‍ക്കാര്‍ ശക്തിയുക്തം എതിര്‍ക്കുന്നതിനു പകരം വില്‍ക്കാനുള്ള ടെണ്ടറില്‍ പങ്കെടുക്കു കയാണുണ്ടായത്. ചെന്നൈ, കൊല്‍ക്കത്ത, ഗുവഹാത്തി, ജയ്പൂര്‍ വിമാനത്താവളങ്ങള്‍ സ്വകാര്യവത്ക്കരിക്കാനുള്ള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരേ ശക്തമായ ചെറുത്തു നില്‍പ്പ് ആ സംസ്ഥാനങ്ങളില്‍ നിന്നും എയര്‍പോര്‍ട്ട് അതോറിറ്റി ജീവനക്കാരില്‍ നിന്നും ഉണ്ടായതിനെത്തുടര്‍ന്ന് കേന്ദ്ര സര്‍ക്കാര്‍ പിന്‍മാറി. ഇത്തരമൊരു ചെറുത്തു നില്‍പ്പ് കേരളത്തില്‍ പിണറായി സര്‍ക്കാരിന്‍റെ ഭാഗത്ത് നിന്നുണ്ടായില്ല. ടെണ്ടറില്‍ പങ്കെടുക്കുക വഴി വിമാനത്താവള വില്‍പ്പനയെ സാധൂകരിക്കുകയും ആംഗീകരിക്കുകയും ചെയ്യുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാരിന്‍റേത്. ഇത് അപലപനീയവും അക്ഷന്തവ്യമായ വീഴ്ചയുമാണ്.
തിരുവനന്തപുരം വിമാനത്താവളം സ്വകാര്യവത്ക്കരിക്കുന്നതിനെതിരെ സംസ്ഥാന സര്‍ക്കാര്‍ ഉള്‍പ്പെടെയുള്ളവര്‍ നല്‍കിയ ഹര്‍ജികള്‍ കേരള ഹൈക്കോടതി തള്ളിയതിനെ ഉര്‍വശി ശാപം ഉപകാരം എന്ന നിലയില്‍ കാണാതെ സര്‍ക്കാര്‍ ഉടനടി സുപ്രീംകോടതില്‍ അപ്പീല്‍ പോകണം.
സംസ്ഥാനങ്ങളുടേയും ജീവനക്കാരുടേയും എതിര്‍പ്പുകളെ അവഗണിച്ച് സ്വകാര്യവത്കരിക്കുന്ന വിമാനത്താവളങ്ങളുടെ സുഗമായ പ്രവര്‍ത്തിന് ആവശ്യമായ അടിസ്ഥാന സൗകര്യം ഒരുക്കുന്നതില്‍ നിന്നും സംസ്ഥാന സര്‍ക്കാരുകള്‍ പിന്‍മാറിയാല്‍ ഇത്തരമൊരു നീക്കവുമായി കേന്ദ്ര സര്‍ക്കാരിന് മുന്നോട്ട് പോകാനാവില്ല. തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ കാര്യത്തില്‍ സംസ്ഥാന സര്‍ക്കാരാണ് ഉചിതവും ശക്തവുമായ തീരുമാനം എടുക്കേണ്ടതെന്നും മുല്ലപ്പള്ളി പറഞ്ഞു.
കഴിഞ്ഞ 7 വര്‍ഷത്തിനിടയില്‍ 1500 കോടിയിലധികം രൂപ നിക്ഷേപിച്ചിട്ടുള്ള ഈ വിമാനത്താവളം രാജ്യത്തെ ഏറ്റവും മികച്ച വിമാനത്താവളങ്ങളില്‍ ഒന്നാണ്. തിരുവനന്തപുരം വിമാനത്താവളത്തിന്‍റെ വില്‍പ്പന പൂര്‍ത്തികരിച്ചാല്‍ കോഴിക്കോട് വിമാനത്താവളമാണ് കേന്ദ്രസര്‍ക്കാര്‍ ലക്ഷ്യമിട്ടിരിക്കുന്നത്. അദാനി ഗ്രൂപ്പ് കോഴിക്കോട് വിമാനത്താവളത്തിലും താല്‍പ്പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. ഇന്ത്യയിലെ ആറു വിമാനത്താവളങ്ങളുടെ ഉടമസ്ഥാവകാശം അദാനിഗ്രൂപ്പ് കൈവശപ്പെടുത്തി. ഭുവനേശ്വര്‍, വാരണാസി, അമൃത്സര്‍, ഇന്‍ഡോര്‍, റായ്പൂര്‍ എന്നീ വിമാനത്താവളങ്ങള്‍ സ്വകാര്യവത്കരിക്കാനുള്ള നീക്കം അണിയറയില്‍ തകൃതിയായി നടക്കുകയാണ്. തുടര്‍ന്ന് കോഴിക്കോട്, മധുര, കോയമ്പത്തൂര്‍, എന്നീ വിമാനത്താവളങ്ങളുടെ മേലും മോദിയുടെ കഴുകന്‍കണ്ണ് പതിച്ചിട്ടുണ്ട്. ഇതിനകം മംഗലാപുരം, അഹമ്മദാബാദ്, ലക്നൗ എന്നീ വിമാനത്താവളങ്ങള്‍ കൈമാറാനുള്ള തീരുമാനം എടുത്തു കഴിഞ്ഞെന്നും മുല്ലപ്പള്ളി പറഞ്ഞു.