ഇടത് നേതാക്കള്‍ പ്രതികളായ കേസുകള്‍ പിൻവലിക്കാൻ സർക്കാർ നീക്കം ; പി.എസ്.സി തട്ടിപ്പ് അടക്കം പിന്‍വലിക്കാന്‍ അപേക്ഷ

Jaihind News Bureau
Wednesday, October 21, 2020

 

തിരുവനന്തപുരം:  ഇടതു ജനപ്രതിനിധികൾ അടക്കമുളള നേതാക്കൾക്കെതിരായ പൊതുമുതൽ നശിപ്പിച്ച കേസുകൾ പിൻവലിക്കാൻ സർക്കാർ നീക്കം. പി.എസ്.സി തട്ടിപ്പ് കേസിലെ പ്രതികളായ എസ്എഫ്ഐ നേതാക്കള്‍ക്കെതിരായ കേസുകളും ഇതിൽ ഉൾപ്പെടും. ആകെ 150 കേസുകള്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടാണ് സർക്കാർ കോടതിയെ സമീപിച്ചിട്ടുള്ളത് .

കഴിഞ്ഞ സർക്കാരിനെതിരെ നടന്ന സമരങ്ങളിൽ പൊതുമുതൽ നശിപ്പിച്ച കേസുകൾ പിൻവലിക്കാനാണ് ഇടതു സർക്കാർ നീക്കം നടത്തുന്നത്. സിപിഎം, എസ്എഫ്ഐ നേതാക്കളും, എം.പിമാർ, എം.എൽ.എമാർ അടക്കമുള്ള ജനപ്രതിനിധികളും ഉൾപ്പെടെ പ്രതികളായ കേസുകൾ പിൻവലിക്കാൻ തിരുവനന്തപുരം ഒന്നാം ക്ലാസ് ജുഡീഷ്യൽ മജിസ്ട്രേറ്റ് മൂന്നാം കോടതിയിൽ 50 അപേക്ഷകളാണ് സമർപ്പിച്ചിട്ടുള്ളത്.

മ്യൂസിയം, കന്‍റോണ്‍മെന്‍റ് സ്‌റ്റേഷനുകളിലാണ് കേസുകൾ ഏറെയും രജിസ്റ്റർ ചെയ്തിട്ടുള്ളത്. ഇതടക്കം നഗരപരിധിയിലെ എല്ലാ സ്റ്റേഷനുകളിലും രജിസ്റ്റർ ചെയ്തിരിക്കുന്ന കേസുകളാണ് പിൻവലിക്കാൻ നീക്കം നടത്തുന്നത്. പ്രധാനമായും പൊതുമുതല്‍ നശിപ്പിച്ചതടക്കം 150 കേസുകള്‍ പിന്‍വലിക്കണമെന്നാണ് സര്‍ക്കാരിന്‍റെ ആവശ്യം.

പി.എസ്.സി പരീക്ഷാ തട്ടിപ്പുമായി ബന്ധപ്പെട്ട അക്രമസംഭവങ്ങളിൽ പ്രതികളായ ശിവരഞ്ജിത്ത്, നസീം എന്നിവര്‍ക്കെതിരായ കേസുകളും പിന്‍വലിക്കാനാണ് സർക്കാരിന്‍റെ നീക്കം.യൂണിവേഴ്സിറ്റി കോളേജ് കത്തിക്കുത്ത് കേസ്, പിഎസ് സി പരീക്ഷ പേപ്പര്‍ ചോര്‍ന്ന കേസ് എന്നിവയിലടക്കം പ്രതിയാണ് നസീം. പൊതുമുതൽ നശീകരണ കേസുകൾ സർക്കാരിനു തന്നെ എതിരായതിനാൽ അവ പിൻവലിക്കാൻ അനുവദിക്കരുതെന്ന നിരവധി കോടതി ഉത്തരവുകൾ നിലനിൽക്കുന്ന സാഹചര്യത്തിൽ സർക്കാർ നടത്തുന്ന നീക്കം ഏറെ വിവാദങ്ങൾക്കു പുറമേ കോടതിയുടെ വിമർശനത്തിനും കാരണമായേക്കും.