പ്രവാസികള്‍ക്ക് ക്വാറന്‍റൈന് പണം : അപലപനീയമെന്ന് ഇന്‍കാസ് ഖത്തര്‍; ഉടന്‍ പിന്‍വലിക്കണം, പ്രതിഷേധം ശക്തം

ദോഹ : രണ്ട് ലക്ഷം പ്രവാസികളെ ക്വാറന്‍റൈന്‍ ചെയ്യാന്‍ കേരളം സുസജ്ജമാണെന്ന് പറഞ്ഞ മുഖ്യമന്ത്രി പിണറായി വിജയന്‍ ഇപ്പോള്‍ പ്രവാസികള്‍ വന്ന് തുടങ്ങിയപ്പോള്‍ അവരെ ക്വാറന്‍റൈന്‍ ചെയ്യാന്‍ പണം വേണമെന്ന് പറയുന്നത് തികച്ചും അപലപനീയമാണെന്ന് ഇന്‍കാസ് ഖത്തര്‍ പ്രസിഡന്‍റ് സമീര്‍ ഏറാമല പറഞ്ഞു. ഇവിടെ രണ്ട് മാസത്തില്‍ കൂടുതല്‍ ജോലിയില്ലാതെ വരുമാനവുമില്ലാതെ കടം വാങ്ങിയോ മറ്റ് സംഘടനകള്‍ നല്‍കിയ വിമാന ടിക്കറ്റുമായോ മറ്റും നാട്ടിലെത്തുന്ന പ്രവാസികളോടാണ് കേരള സര്‍ക്കാരിന്‍റെ ഈ കൊടും ക്രൂരതയെന്നും അദ്ദേഹം ആരോപിച്ചു.

കൂടുതല്‍ വിമാനങ്ങള്‍ കേന്ദ്രം അനുവദിച്ചിട്ടും കേരളം ലാന്‍ഡിംഗ് അനുമതി നല്‍കാത്തതാണ് കാരണം എന്ന വന്‍ പരാതി നിലനില്‍ക്കുമ്പോയാണ് ഒരു ഇരുട്ടടി പോലെ വീണ്ടും പിണറായി സര്‍ക്കാരിന്‍റെ പ്രവാസികളോടുള്ള അവഗണന. നാട്ടിലുള്ള പൗരന്മാര്‍ക്ക് കൊടുക്കുന്ന എല്ലാ ആനുകൂല്യങ്ങളും സൗകര്യങ്ങളും പ്രവാസികള്‍ക്കും കൂടി അവകാശപ്പെട്ടതാണെന്നും അത് കൊണ്ടുതന്നെ ഈ തീരുമാനം ഉടന്‍ പിന്‍വലിക്കണമെന്നും ഇന്‍കാസ് ഖത്തര്‍ ആവശ്യപ്പെട്ടു. ഇന്‍കാസ് അടക്കമുള്ള പ്രവാസി സംഘടനകള്‍ ആവശ്യപ്പെട്ട ചാര്‍ട്ടേഡ് ഫ്‌ളൈറ്റുകള്‍ കേരളത്തിന്‍റെ അനുമതിക്കായി കാത്തു നില്‍ക്കുകയാണ്. ഇതോടൊപ്പം കൂടുതല്‍ ഫ്‌ളൈറ്റുകള്‍ക്ക് വേണ്ടി കേന്ദ്ര ഗവണ്‍മെന്‍റില്‍ സമ്മര്‍ദം ചെലുത്തേണ്ട സമയത്ത് പ്രവാസികളെ വഞ്ചിക്കുന്ന ഇത്തരം സമീപനങ്ങളുമായി മുന്നോട്ടുപോകുന്നത് പിണറായി സര്‍ക്കാരിന്‍റെ ഇരട്ടത്താപ്പ് വെളിവാക്കുന്നതാണെന്നും ഇന്‍കാസ് ഖത്തര്‍ കേന്ദ്രകമ്മിറ്റി അഭിപ്രായപ്പെട്ടു .

ഏറ്റവും കൂടുതല്‍ പ്രവാസികളുള്ള കേരളത്തിലേക്ക് ആനുപാതികമായി ഫ്‌ളൈറ്റുകള്‍ അനുവദിക്കാത്തതും ചാര്‍ട്ടേഡ് ഫ്‌ളൈറ്റുകള്‍ക്ക് കേന്ദ്രത്തില്‍ നിന്ന് തത്വത്തില്‍ അനുമതി ലഭിച്ചെങ്കിലും ലാന്‍ഡിംഗ് അനുമതി സംസ്ഥാന സര്‍ക്കാരില്‍ നിന്നും ലഭിക്കാത്തതു കൊണ്ടാണെന്ന പരാതിയുടെ സത്യാവസ്ഥ പ്രവാസികളെ അറിയിക്കാനുള്ള ബാധ്യത കേരള സര്‍ക്കാര്‍ കാണിക്കണമെന്നും ഇന്‍കാസ് ഖത്തര്‍ കേന്ദ്രകമ്മിറ്റി പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

Comments (0)
Add Comment