വനിതാമതില്‍ എന്ന വര്‍ഗ്ഗീയ മതില്‍ വിജയിപ്പിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങളെ ദുരുപയോഗം ചെയ്യുന്നു: രമേശ് ചെന്നിത്തല

Jaihind Webdesk
Tuesday, December 18, 2018

വനിതാ മതില്‍ എന്ന വര്‍ഗീയ മതില്‍ വിജയിപ്പിക്കാന്‍ സംസ്ഥാനത്തെ സര്‍ക്കാര്‍ മെഷിനറികളെ പൂര്‍ണ്ണമായും ദുരുപയോഗപ്പെടുത്തുകയാണെന്ന് രമേശ് ചെന്നിത്തല. ജീവനക്കാരെ നിര്‍ബന്ധിക്കുന്നില്ല എന്നു പറയുന്നുണ്ടെങ്കിലും ഇടതുപക്ഷ സര്‍വ്വീസ് സംഘടനകളെ ഉപയോഗിച്ച് വ്യാപകമായി നിര്‍ബന്ധിക്കുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുകയാണ്. സര്‍ക്കാര്‍ ഓഫീസുകളില്‍ ഇപ്പോള്‍ തന്നെ ജീവനക്കാരില്ല. എല്ലാവരും ഇതിന്റെ സംഘാടക സമിതി യോഗങ്ങളില്‍ പങ്കെടുക്കാന്‍ പോകുകയാണ്. ഓഫീസ് സമയത്ത് ഇത്തരം യോഗങ്ങളൊന്നും നടത്തരുതെന്ന് നിര്‍ദ്ദേശം ഉണ്ടെങ്കിലും ഓഫീസ് സമയത്തുതന്നെയാണ് ഇത്തരം യോഗങ്ങള്‍ നടക്കുന്നത്.

അധ്യാപകരെയും പൊതുമേഖലാ സ്ഥാപനങ്ങളിലെ ജീവനക്കാരെയും ഭീഷണിപ്പെടുത്തുകയും ഇതില്‍ പങ്കെടുപ്പിക്കാനുള്ള നിര്‍ബന്ധപൂര്‍വ്വമുള്ള സമീപനം സ്വീകരിക്കുകയാണ് ചെയ്യുന്നത്. ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പിള്‍മാര്‍ക്ക് ഹയര്‍ സെക്കന്‍ഡറി വിദ്യാഭ്യാസ വകുപ്പ് റീജ്യനല്‍ ഡെപ്യൂട്ടി ഡയറക്ടര്‍ അയച്ച സര്‍ക്കുലര്‍ ഒരു ഉദാഹരണമാണ്. മതിലിന്റെ കൂടിയാലോചനക്കായി മുഴുവന്‍ ഹയര്‍സെക്കന്‍ഡറി പ്രിന്‍സിപ്പല്‍മാരും എസ്.എം.വി സ്‌കൂളില്‍ ചേരുന്ന യോഗത്തില്‍ നിര്‍ബന്ധപൂര്‍വ്വം പങ്കെടുക്കണമെന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്. നിയമസഭയില്‍ നല്‍കിയ കണക്കുപ്രകാരം സെക്രട്ടേറിയറ്റില്‍ ഒന്നരലക്ഷം ഫയലുകള്‍ കെട്ടിക്കിടക്കുകയാണ്. മതില് കഴിയുന്നതോടെ അത് ഇരട്ടിയാകും. കാരണം ഫയല്‍ നോട്ടത്തിനൊന്നും ആര്‍ക്കും താല്‍പര്യമില്ല. കുടുംബശ്രീ പ്രവര്‍ത്തകരെ ഇതില്‍ നിര്‍ബന്ധിച്ച് പങ്കെടുപ്പിക്കാനുള്ള ശ്രമം നടക്കുന്നുവെന്ന പരാതികള്‍ ലഭിച്ചുകൊണ്ടിരിക്കുകയാണ്. പ്രളയ ധനസഹായം കിട്ടണെങ്കില്‍പോലും മതിലില്‍ പങ്കെടുക്കണമെന്നാണ് ഭീഷണി – പ്രതിപക്ഷ നേതാവ് ആരോപിച്ചു.

മഹാത്മാഗാന്ധി തൊഴിലുറപ്പ് പദ്ധതിയില്‍ ജോലി ചെയ്യുന്ന തൊഴിലാളികളെ നിര്‍ബന്ധിച്ചുകൊണ്ടിരിക്കുന്നു എന്ന പരാതികള്‍ ഉയരുകയാണ്. ഒന്നാംതീയതി മതിലില്‍ പങ്കെടുത്തില്ലെങ്കില്‍ രണ്ടാംതീയതി മുതല്‍ ജോലിക്ക് വരേണ്ട എന്ന നിലയിലുള്ള വ്യാപകമായ ഭീഷണി ഉയരുകയാണ്. സര്‍ക്കാരിന്റെ പണം ചെലവഴിക്കുന്നില്ല എന്ന് മുഖ്യമന്ത്രി പറഞ്ഞെങ്കിലും വാസ്തവം അതല്ല. എല്ലാ വീടുകളിലും ക്യാമ്പയിനുകള്‍ എത്തിക്കുന്നതിന് ആവശ്യമായ സന്ദേശങ്ങള്‍ തയ്യാറാക്കി വിതരണം ചെയ്യുന്നതിന് ഏകോപനം ചെയ്യുന്നതിനുമായി വനിതാ ശിശു വികസന ഡയറക്ടറെ ചുമതലപ്പെടുത്തുന്നുവെന്ന് ചീഫ് സെക്രട്ടറിയുടെ പുതിയ ഉത്തരവില്‍ വ്യക്തമായി പറയുന്നുണ്ട്. ഈ ഉത്തരവ് ചൂണ്ടിക്കാണിക്കുന്നത് ഇതിന് ആവശ്യമായ മെറ്റീരിയല്‍സ് പ്രചരണങ്ങള്‍ സാമഗ്രികള്‍ ഇതെല്ലാം വനിത ശിശുക്ഷേമവകുപ്പില്‍ നിന്ന് തയ്യാറാക്കി നല്‍കമണെന്നുതന്നെയാണ്. ഇത് ഭരണഘടനാ ചട്ടങ്ങള്‍ക്ക് വിരുദ്ധമാണ്. ഭരണഘടനയുടെ ആര്‍ട്ടിക്കിള്‍ 27 അനുസരിച്ച് ഏതെങ്കിലും മതവിഭാഗങ്ങളുടെ പ്രചരണങ്ങള്‍ക്കുവേണ്ടി സര്‍ക്കാര്‍ പണം ഉപയോഗിക്കരുത് എന്നാണ് നിരവധി കോടതിവിധികളും നിലവിലുണ്ട്. അതെല്ലാം മറികടന്നുകൊണ്ടാണ് ഗവണ്‍മെന്റ് ഇപ്പോള്‍ വനിതാ ശിശുക്ഷേമവകുപ്പിനെ ഈ ചുമതല ഏല്‍പ്പിച്ചിട്ടുള്ളത്.

വനിതാ മതിലില്‍ നിന്ന് പിന്‍മാറിയ നടി മഞ്ജുവാര്യരെ അപമാനിക്കുന്ന തരത്തിലുള്ള സോഷ്യല്‍മീഡിയ കാമ്പയിന്‍ സി.പി.എം സോഷ്യല്‍ മീഡിയ സഖാക്കള്‍ ഏറ്റെടുത്തിരിക്കുകയാണ്. സി.പി.എം സൈബര്‍ പോരാളികള്‍ മഞ്ജുവാര്യര്‍ക്കെതിരായ പ്രചാരണം അവസാനിപ്പിക്കണം. ഇതാണോ സ്ത്രീത്വത്തെ സംരക്ഷിക്കുക എന്ന് പറയുന്നത്. മന്ത്രിമാരുള്‍പ്പെടെയുള്ളവരാണ് മതിലില്‍ പങ്കെടുക്കില്ല എന്ന് മഞ്ജുവാര്യര്‍ പറഞ്ഞപ്പോള്‍ അവരെ അപമാനിക്കുന്നതരത്തിലുള്ള പ്രസ്താവനകളുമായി രംഗത്തുവരുന്നത്. വനിതാമതിലില്‍ പങ്കെടുക്കുകയാണെങ്കില്‍ അവര്‍ ശ്രേഷ്ഠയായ അഭിനേത്രിയാകും അല്ലെങ്കില്‍ ചവിട്ടിത്തേക്കും എന്നുള്ളതാണ് സി.പി.എമ്മിന്റെ ഇപ്പോഴത്തെ സമീപനം. ഇന്ന് കേരളത്തിലെ പ്രമുഖരായ വ്യക്തികളോരോരുത്തരായി മതിലില്‍ പങ്കെടുക്കാതെ പിന്‍മാറുകയാണ്. ഇന്ന് കെ.സി.ബി.സിയുടെ ഉന്നത ബോഡിയുടെ പ്രസ്താവന പുറത്തുവന്നിട്ടുണ്ട്. മുസ്ലിം സംഘടനാ നേതാക്കളുടെയും സംവരണ സമുദായ മുന്നണിയുടെയും പ്രസ്താവന പുറത്തുവന്നിട്ടുണ്ട് അവരെല്ലാം ഈ മതിലിനോട് വിയോജിപ്പാണ് പ്രകടിപ്പിച്ചിട്ടുള്ളത്. ക്രൈസ്തവ മുസ്ലിം മതവിഭാഗങ്ങളില്‍ നടന്നിട്ടുള്ള അവരുടെ നവോത്ഥാന പ്രവര്‍ത്തനങ്ങളെ ഇല്ലാതാക്കുന്ന നടപടികളാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത് എന്നാണ് അവരുടെ പരാതി. ആ പരാതി ന്യായമാണ് – രമേശ് ചെന്നിത്തല വ്യക്തമാക്കി