ക്ഷേമപെന്‍ഷന്‍ സാധാരണക്കാരുടെ അവകാശമാണെന്ന് എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാല്‍ എം പി. അത് എല്ലാ മാസവും കുടിശ്ശികയൊന്നുമില്ലാതെ ലഭിക്കാനുള്ള അര്‍ഹത അവര്‍ക്കുണ്ടെന്നും അദ്ദേഹം പറഞ്ഞു. ക്ഷേമ പെന്‍ഷനുകള്‍ കുടിശ്ശികയായത് തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് വിതരണം ചെയ്യുന്ന രീതിയെ നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് സമയത്ത് വിമര്‍ശിച്ചിരുന്നു. അത് സിപിഎം വിവാദവുമാക്കിയിരുന്നു. 2500 രൂപ പെന്‍ഷന്‍ മുടക്കമില്ലാതെ നല്‍കുമെന്ന് പറഞ്ഞ് അധികാരത്തില്‍ വന്നവരാണ് എല്‍ഡിഎഫ് സര്‍ക്കാരെന്നും സര്‍ക്കാരിന്റെ കാലാവധി തീരാന്‍ പോകുന്ന സമയത്തും 1600 രൂപ മാത്രമാണ് നല്‍കുന്നതെന്നും കെ സി വേണുഗോപാല്‍ ആലപ്പുഴയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഉപതിരഞ്ഞെടുപ്പ് 19-ന് നടക്കാനിരിക്കെ, 16-ാം തീയതി ധനമന്ത്രി പ്രഖ്യാപിച്ചത് പെന്‍ഷന്‍ കുടിശ്ശിക 20 മുതല്‍ വിതരണം ചെയ്യും എന്നാണ്. കുടിശ്ശിക വിതരണം ചെയ്യാന്‍ പ്രഖ്യാപനത്തിന്റെ ആവശ്യമില്ലായിരുന്നു. ഒരു സര്‍ക്കാര്‍ ഉത്തരവിലൂടെ നല്‍കാവുന്നതേ ഉണ്ടായിരുന്നുള്ളൂ. പകരം, ധനമന്ത്രി പത്രക്കുറിപ്പിറക്കി മാധ്യമപ്രവര്‍ത്തകര്‍ക്ക് നേരിട്ട് വാട്ട്‌സാപ്പ് മുഖേന മെസേജ് നല്‍കി. ഇന്ന് 21 ആയി, ഇപ്പോഴും ട്രഷറികളില്‍ പണം വന്നിട്ടില്ല. തിരഞ്ഞെടുപ്പില്‍ ഉപയോഗിക്കാന്‍ വേണ്ടി മാത്രമായിരുന്നു 16-ാം തീയതിയിലെ പ്രഖ്യാപനം. അത് തിരഞ്ഞെടുപ്പ് ചട്ടങ്ങളുടെ നഗ്‌നമായ ലംഘനമാണ്. നിലമ്പൂരിലെ ജനങ്ങളെ സ്വാധീനിക്കാന്‍ വേണ്ടി നടത്തിയ പ്രഖ്യാപനമാണത്. പറഞ്ഞ വാക്ക് പാലിക്കുന്നില്ലെന്ന് മാത്രമല്ല. തിരഞ്ഞെടുപ്പ് ചട്ടം ലംഘിക്കുകയും ചെയ്തിരിക്കുകയാണ് സര്‍ക്കാര്‍.
ഇതില്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഗൗരവമായി കണ്ട് നടപടിയെടുക്കണമെന്ന് കെ സി വേണുഗോപാല്‍ ആവശ്യപ്പെട്ടു. സര്‍ക്കാര്‍ വീണ്ടും ജനങ്ങളെ കബളിപ്പിക്കുകയാണെന്നും ഇത്തരത്തിലുള്ള കള്ളക്കളി സര്‍ക്കാര്‍ അവസാനിപ്പിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പരാതി നല്‍കുന്നതിനെക്കുറിച്ച് യുഡിഎഫ് ആലോചിക്കും.
നിലമ്പൂര്‍ ഉപതിരഞ്ഞെടുപ്പില്‍ വിജയിക്കുമെന്ന് യുഡിഎഫിന് ആത്മവിശ്വാസമുണ്ട്. അത് ഉറപ്പായതിനാലാകണം എല്‍ഡിഎഫ് പെന്‍ഷന്‍ നല്‍കാത്തത്. യുഡിഎഫില്‍ ഇത്രയധികം ഐക്യമുണ്ടായ മറ്റൊരു തിരഞ്ഞെടുപ്പുണ്ടായിട്ടില്ലെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. കോണ്‍ഗ്രസിനേക്കാളേറെ ആവേശമുണ്ടായിരുന്നു മുസ്ലിം ലീഗിന്. പാണക്കാട് തങ്ങളും സാദിഖലി തങ്ങളും കുഞ്ഞാലിക്കുട്ടി സാഹിബും സ്വന്തം തിരഞ്ഞെടുപ്പ് പോലെത്തന്നെ അധ്വാനിച്ചു. മുസ്ലിം ലീഗിന്റെ അണികള്‍ മുംസ്ലിം ലീഗ് സ്ഥാനാര്‍ത്ഥിക്ക് വേണ്ടി പ്രവര്‍ത്തിക്കുന്നതിനേക്കാള്‍ കൂടുതല്‍ ആവേശത്തോടെ പ്രവര്‍ത്തിച്ചു. യുഡിഎഫിന്റെ ഉജ്ജ്വലമായ ഒരു കെട്ടുറപ്പ് നിലമ്പൂരിലുണ്ടായി. കോണ്‍ഗ്രസിന്റെ എല്ലാ നേതാക്കളും അണികളും ഐക്യത്തോടെ കൂട്ടായി പ്രവര്‍ത്തിച്ചു.
അതേസമയം ഗവര്‍ണ്ണര്‍ പദവി ഒരു സംസ്ഥാനത്തെ ഏറ്റവും ഉന്നതമായ ഭരണഘടനാസ്ഥാനമാണെന്നും അതിന്റെ വില അദ്ദേഹം തന്നെ നഷ്ടപ്പെടുത്താന്‍ തീരുമാനിച്ചിരിക്കുന്നുവെന്നും കെ സി വേണുഗോപാല്‍ പറഞ്ഞു. സ്വാര്‍ത്ഥമായ രാഷ്ട്രീയ താല്‍പ്പര്യത്തിന് വേണ്ടി ഉപയോഗിക്കേണ്ട ഒരു പദവിയല്ല അത്. ഇത്തരം കാര്യങ്ങളില്‍ രാഷ്ട്രപതി ഇടപെടണം. ഗവര്‍ണ്ണര്‍ പദവി ദുരുപയോഗം ചെയ്യുന്നുവെന്ന് ചൂണ്ടിക്കാട്ടി, ഒരു നിമിഷം വൈകാതെ മുഖ്യമന്ത്രി രാഷ്ട്രപതിക്ക് കത്ത് നല്‍കണം. എന്തുകൊണ്ട് മുഖ്യമന്ത്രി അതിന് തയ്യാറാകുന്നില്ലെന്നും അദ്ദേഹം ചോദിച്ചു.