ഒരു ധാരണയും ധൈര്യവുമില്ലാത്ത ഗവൺമെന്‍റ്

P. Chidambaram
Sunday, February 9, 2020

 

ബജറ്റ് 2020-21 അവതരിപ്പിച്ചത് ഫെബ്രുവരി 1, 2020 ന് ആണ്. ഫെബ്രുവരി രണ്ടാം തീയതിയിൽ പത്രങ്ങളിൽ അത് തലക്കെട്ടും മുഖപ്രസംഗങ്ങളുടെ വിഷയവുമായിരുന്നു. പക്ഷെ, അടുത്ത ദിവസം തന്നെ അത് പത്രങ്ങളുടെ ഒന്നാം പേജിൽ നിന്നും ടെലിവിഷൻ ചാനലുകളിൽ നിന്നും അപ്രത്യക്ഷമായി. ഒന്നാം ദിവസം പരാജയപ്പെട്ട ഒരു സിനിമ പോലെയായിരുന്നു അത്.
ഇവിടെ ബി.ജെ.പിയും ധനമന്ത്രിയും കുറ്റപ്പെടുത്തണ്ടത് അവരെത്തന്നെയാണ്. സാമ്പത്തിക സർവേയിൽ കൃത്യമായ ഉപദേശം നൽകിയ മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിനെയും ബജറ്റിന് മുന്നോടിയായുള്ള ചർച്ചകൾക്ക് വേണ്ടി പ്രധാനമന്ത്രിയെ കണ്ട സാമ്പത്തിക വിദഗ്ധരെയോ വ്യവസായികളെയോ അവർക്ക് കുറ്റപ്പെടുത്താൻ കഴിയില്ല. ധാരാളം ആശയങ്ങൾ അവരുടെ മുൻപിലുണ്ടായിരുന്നു. വിപണികളിലെ സംസാരം മനസിലാക്കി എന്‍റെ ജനുവരി 26-ാം തീയതിയിലെ കോളത്തിൽ ധനമന്ത്രിക്ക് ബജറ്റിൽ ചെയ്യാനാവുന്ന 10 കാര്യങ്ങൾ ഞാൻ എണ്ണിപ്പറഞ്ഞിരുന്നു.

ധനമന്ത്രി മുഖ്യ സാമ്പത്തിക ഉപദേഷ്ടാവിന്‍റെയും സാമ്പത്തിക വിദഗ്ദരുടെയും ഉപദേശം കേൾക്കാതിരുന്നതിനും വ്യവസായികളുടെ ആവശ്യങ്ങൾ അംഗീകരിക്കാതിരുന്നതിന്‍റെയും പിന്നിലെ കാരണങ്ങൾ താഴെപ്പറയുന്നവയാണ്:

1. ഗവണ്‍മെന്‍റ് നിരാകരണത്തിലാണ്

നോട്ടുനിരോധനവും വികലമായ ചരക്കു സേവന നികുതിയും തൊഴിലവസരങ്ങൾ ഇല്ലാതാക്കലും ചെറുകിട, ഇടത്തരം വ്യാവസായിക മേഖലയെ തകർക്കലും വലിയ തെറ്റുകളാണെന്ന് ഗവണ്‍മെന്‍റ് ഇതുവരെ സമ്മതിച്ചിട്ടില്ല. ഇപ്പോഴുള്ള മാന്ദ്യം, കുറയുന്ന ഇറക്കുമതി, സാമ്പത്തിക രംഗത്തെ അസ്ഥിരത, അപര്യാപ്തമായ കട ലഭ്യത, കുറഞ്ഞ ഗാർഹിക നിക്ഷേപങ്ങൾ, അളവ് കുറഞ്ഞ ഉപഭോഗം, മൈനിങിന്റെയും ഉൽപാദനത്തിന്റെയും തകർച്ച, വ്യാപകമായ അനിശ്ചിതത്വം, ഭയം എന്നിവ മൂലമാണെന്ന് ഗവണ്മെന്റ് അംഗീകരിക്കുന്നില്ല. ദൗർഭാഗ്യകരമെന്ന് പറയട്ടെ, ധനമന്ത്രി തന്റെ ബജറ്റ് പ്രസംഗത്തിൽ സമ്പദ് വ്യവസ്ഥയിലെ ഇത്തരം കാര്യങ്ങളെക്കുറിച്ചു പരാമർശിച്ചതേയില്ല.

2. സമ്പദ് വ്യവസ്ഥയെക്കുറിച്ചുള്ള ഗവൺമെന്‍റിന്‍റെ വിലയിരുത്തൽ പ്രതീക്ഷയ്ക്കിടയില്ലാത്ത വിധം തെറ്റാണ്

സാമ്പത്തിക മാന്ദ്യം ചാക്രികമായ ഘടകങ്ങൾ കൊണ്ടാണെന്നും എങ്ങനെയെങ്കിലും പൈസ തേടിക്കണ്ടുപിടിക്കുക, നിലവിലിരിക്കുന്ന പദ്ധതികളിൽ കൂടുതൽ പൈസ നിക്ഷേപിക്കുക, പുതിയ പദ്ധതികൾ പ്രഖ്യാപിക്കുക എന്നിവ ചെയ്താൽ പെട്ടെന്ന് സമ്പദ് വ്യവസ്ഥയിൽ പുരോഗതിയുണ്ടാകുമെന്നും ഗവണ്‍മെന്‍റ് വിശ്വസിക്കുന്നു. പല സാമ്പത്തിക വിദഗ്ധരും വിശ്വസിക്കുന്നത് പോലെ മാന്ദ്യത്തിന് കാരണം ചാക്രിക ഘടകങ്ങളെക്കാൾ ഘടനാപരമായവയാണെങ്കിൽ സമ്പദ് വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കാനുള്ള എല്ലാ വഴികളും ഈ ഗവണ്‍മെന്‍റ് തന്നെ അടച്ചിരിക്കുകയാണ്.

3. ഗവൺമെന്‍റിന്‍റെ ആശയപരമായ പക്ഷപാതങ്ങൾ പുനരുജ്ജീവനത്തിന് തടസങ്ങളാണ്‌

സാമ്പത്തിക സംരക്ഷണവാദം, ഇറക്കുമതിക്ക് ബദൽ സൃഷ്ടിക്കൽ, ശക്തമായ രൂപ, തുടങ്ങിയ കാലഹരണപ്പെട്ട തത്വശാസ്ത്രങ്ങളിലാണ് ഈ ഗവണ്‍മെന്‍റ് വിശ്വസിക്കുന്നത്. വിദേശ വ്യാപാരം കൊണ്ടുള്ള വിവിധ പ്രയോജനങ്ങളിൽ ഗവണ്‍മെന്‍റ് വിശ്വസിക്കുന്നില്ല. കയറ്റുമതി കൂട്ടാനുള്ള വഴികൾ കണ്ടെത്താനുള്ള ശ്രമങ്ങൾ അത് ഉപേക്ഷിച്ചതായി തോന്നുന്നു. ഇറക്കുമതി നികുതി കൂട്ടുക എന്ന പിന്തിരിപ്പൻ ആശയമാണ് സ്വീകരിച്ചിരിക്കുന്നത്. അതുപോലെ രൂപയെ ഒരു യഥാർത്ഥമായ തലത്തിൽ നിലനിൽക്കാനനുവദിക്കാനുള്ള ഒരു വിമുഖതയും കാണുന്നു. ഇത്തരം സമീപനങ്ങളുള്ള ഈ ഗവൺമെന്‍റിന്‍റെ കയ്യിൽ പരിഹാരങ്ങൾ ഇല്ല.

4. തങ്ങളുടെയും വ്യവസായ മേഖലയുടെയുമിടയിൽ അവിശ്വാസം ആഴത്തിലാക്കിയ നടപടികൾ പിൻവലിക്കാൻ ഗവണ്‍മെന്‍റ് തയാറല്ല

പല സാമ്പത്തിക നിയമങ്ങളെയും ഈ ഗവണ്‍മെന്‍റ് ക്രിമിനൽവത്കരിച്ചിട്ടുണ്ട്. നികുതിശേഖരണ വകുപ്പിന്‍റെ താഴത്തെ തട്ടിലുള്ള ഉദ്യോഗസ്ഥർക്കും അന്വേഷണ ഏജൻസികൾക്കും അസാധാരണമായ അധികാരം ഈ ഗവണ്‍മെന്‍റ് നൽകിയിട്ടുണ്ട്. നികുതി പിരിക്കൽ നികുതി ഭീകരവാദമായി മാറി ( വി.ജി സിദ്ധാർത്ഥയെ ഓർക്കുക). നികുതി അടയ്ക്കുകയും അല്ലെങ്കിൽ എതിർക്കുകയും ചെയ്യുന്ന പ്രക്രിയ ഏറ്റവും വലിയ പീഡനമായി മാറിയിരിക്കുകയാണ്. ധനമന്ത്രി വാഗ്ദാനം ചെയ്ത നികുതിദായകരുടെ അവകാശങ്ങളെക്കുറിച്ചുള്ള ചാർട്ടർ ഉണ്ടാക്കിയിട്ടുള്ളത് ദോഷൈകദൃക്കായ പ്രതികരണങ്ങളാണ്. എന്ത് കൊണ്ടാണ് അധികാര സ്ഥാപനങ്ങൾക്കും ഏജൻസികൾക്കും നൽകിയിട്ടുള്ള അനിയന്ത്രിത അധികാരം ഗവണ്‍മെന്‍റ് പിൻവലിക്കാത്തത്?

5. കാര്യപ്രാപ്തിയില്ലാത്ത ഒരു മാനേജർ ആണെന്ന് ഗവണ്മെന്റ് തെളിയിച്ചിരിക്കുകയാണ്

നോട്ടുനിരോധനം മുതൽ ജി.സ്.ടി വരെ, സ്വച്ഛ് ഭാരത് മിഷൻ മുതൽ വീടുകളുടെ വൈദ്യുതീകരണം വരെ, ഉജ്വല പദ്ധതി മുതൽ ഉദയ് വരെ, എല്ലാ പദ്ധതികളിലും ഗൗരവകരമായ പാളിച്ചകൾ ഉണ്ട്. ദൗർഭാഗ്യമെന്ന് പറയട്ടെ, ഒരു എക്കോ ചേംബറിൽ ജീവിക്കുന്ന ഈ ഗവൺമെന്‍റ് പ്രശംസ നിറഞ്ഞ പ്രതികരണങ്ങൾ മാത്രമേ കേൾക്കുന്നുള്ളു. അതുകൊണ്ട്, ഭീമമായ തുക ഈ പദ്ധതികൾക്കായി ചെലവഴിച്ചിട്ടും ഫലങ്ങൾ തൃപ്‌തികരമല്ല. പദ്ധതികളുടെ നടപ്പാക്കൽ മെച്ചമാക്കാനും യഥാർത്ഥ ഫലങ്ങൾ റിപ്പോർട്ട് ചെയ്യാനുമുള്ള കഴിവ് ഈ ഭരണ സംവിധാനത്തിനില്ല.

അതുകൊണ്ട്, തിളക്കം കുറഞ്ഞ ഒരു ബജറ്റ്, ജി.ഡി.പിയുടെ നാമമാത്രമായ വളർച്ച, നികുതി വരുമാനത്തിന്‍റെ വളർച്ചയെക്കുറിച്ച് അസ്ഥാനത്തായ ശുഭാപ്തി വിശ്വാസം എന്നിവ ധനമന്ത്രി ഉൾക്കൊണ്ടു എന്നത് ഒരു അതിശയം അല്ല. നോമിനൽ ജി.ഡി.പി പത്ത് ശതമാനം നിരക്കിലും മൊത്തം നികുതി വരുമാനം പന്ത്രണ്ട് ശതമാനം നിരക്കിലും വളരും എന്നാണ് കണക്കാക്കപ്പെട്ടിരിക്കുന്നത്; ഇത് നടക്കാൻ സാധ്യതയില്ലാത്തതാണ്. പ്രയോജനപ്രദവും അല്ലാത്തതുമായ നിരവധി പദ്ധതികൾക്കായി കണക്കാക്കപ്പെട്ട വരുമാനം വിതരണം ചെയ്തതിനാൽ പാവപ്പെട്ടവരുടെ കയ്യിൽ കൂടുതൽ പണം എത്തിച്ചേരുന്ന വിധത്തിലുള്ള പദ്ധതികൾക്ക് കൂടുതൽ വിഹിതം അനുവദിക്കാനുള്ള സാധ്യത ഇല്ലാതെ പോയി. മഹാത്മാ ഗാന്ധി ദേശീയ ഗ്രാമമെന്ന തൊഴിലുറപ്പു പദ്ധതി, ഉച്ച ഭക്ഷണ പദ്ധതി, ഭക്ഷ്യ സബ്‌സിഡി, പി.എം കിസാൻ സമ്മാൻ തുടങ്ങിയ പദ്ധതികൾക്കുള്ള വിഹിതം ചിലവാക്കാതിരിക്കുകയോ അല്ലെങ്കിൽ വെട്ടിക്കുറയ്ക്കുകയോ ചെയ്തിരിക്കുകയാണ്. ഗാർഹിക ഉപഭോഗത്തിലും ഗ്രാമീണ വരുമാനത്തിലും ഒരു വളർച്ചയും ഞാൻ കാണുന്നില്ല.

താഴത്തെ തട്ടിലുള്ള ആദായ നികുതിദായകർക്കു വേണ്ടി കൊണ്ടുന്ന നികുതിയിളവ് നികുതി ഘടനയെ അലങ്കോലപ്പെടുത്തുകയും ആശയക്കുഴപ്പം സൃഷ്ടിക്കുകയുമാണ് ചെയ്തിട്ടുള്ളത്. കണക്കാക്കപ്പെട്ടിട്ടുള്ള 40,000 കോടിയുടെ പ്രയോജനം നിശ്ചിതമല്ല; അതോടൊപ്പം ഒരു ഫലമുണ്ടാക്കാൻ മാത്രം വലുതുമല്ല. സ്വകാര്യ നിക്ഷേപം വളർത്താനുള്ള ഒരു പ്രോത്സാഹനവും ഇല്ല. ലാഭ വിതരണ നികുതി നിർത്തലാക്കിയത്‌ നികുതിയുടെ ഭാരം കമ്പനിയിൽ നിന്നും ഓഹരിഉടമകളിലേക്കു മാറ്റുക മാത്രമേ ചെയ്തിട്ടുള്ളു. കൂടാതെ, ഉത്പാദന മേഖലയിലെ കഴിവിന്‍റെ ഉപയോഗം ഏകദേശം 70 ശതമാനം മാത്രമാകുമ്പോൾ (താപോർജ ഉത്പാദനം ഉല്‍പാദനത്തിനുള്ള പ്രാപ്തിയുടെ 55 ശതമാനം മാത്രമാണ്) പുതിയ നിക്ഷേപത്തിന് തീരെ സാധ്യതയില്ല.

ചുരുക്കത്തിൽ പറഞ്ഞാൽ, ധനമന്ത്രി ഡിമാൻഡ് പരിമിതവും നിക്ഷേപദാരിദ്ര്യം അനുഭവപ്പെടുന്നതുമായ ഒരു സമ്പദ് വ്യവസ്ഥയുടെ ആവശ്യങ്ങൾ പരിഹരിച്ചിട്ടില്ല. കയറ്റുമതി പ്രോത്സാഹിപ്പിച്ചാലുള്ള വർധിച്ച ഫലങ്ങൾ അവർ അംഗീകരിച്ചിട്ടുമില്ല. ഒരേ ഒരു യന്ത്രത്തിൽ – ഗവണ്മെന്‍റിന്‍റെ ചെലവിൽ – മാത്രം ആശ്രയിക്കാൻ അവർ നിര്‍ബന്ധിതയായി; പക്ഷെ ആ യന്ത്രം ഇന്ധനമില്ലാത്തതാണ്. ഗവൺമെന്‍റിന് മുകളിൽ ധനപരമായ അസ്ഥിരത എന്ന ഭൂതം പ്രത്യക്ഷമാകുകയും ചെയ്യുന്നു. ഭീമമായ തൊഴിലില്ലായ്മ, ചെറുകിട ഇടത്തരം വ്യവസായങ്ങളുടെ അടച്ചുപൂട്ടൽ എന്ന ഏറ്റവും പ്രധാനപ്പെട്ട രണ്ടു പ്രശ്നങ്ങൾ ധനമന്ത്രി അവഗണിച്ചു. ഈയടുത്ത വർഷങ്ങളിൽ സമ്പദ് വ്യവസ്ഥ ഏറ്റവും ഗുരുതരമായ പ്രശ്നങ്ങൾ നേരിടുമ്പോൾ ശക്തമെന്ന് സ്വയം പ്രഖ്യാപിച്ച ഒരു ഗവണ്‍മെന്‍റ് ഒരു ധാരണയും ധൈര്യവുമില്ലാത്തതാണെന്ന് തെളിയിച്ചിരിക്കുകയാണ്.

– പരിഭാഷ : ജ്യോതി വിജയകുമാർ –