ബാലാവകാശ കമ്മീഷന്‍ ചെയര്‍മാന്‍ നിയമനം: സിപിഎം അനുഭാവിക്ക് വേണ്ടി യോഗ്യതയില്‍ ഇളവ് വരുത്തി സര്‍ക്കാര്‍

Jaihind News Bureau
Saturday, June 20, 2020

 

സിപിഎം അനുഭാവിയെ നിയമിക്കാൻ ചെയർമാന്‍ നിയമനത്തിനായുള്ള  പ്രായപരിധി കുറച്ച് ബാലാവകാശ കമ്മീഷൻ. ചെയർമാനായി സിപിഎമ്മുകാരനായ കെ. വി.മനോജ് കുമാറിന് നിയമനം നല്‍കാൻ യോഗ്യതയിൽ ഇളവ് വരുത്തി വിജ്ഞാപനം ചെയ്തതായാണ് കണ്ടെത്തൽ. അതേസമയം അംഗങ്ങളുടെ നിലവിലെ യോഗ്യതയിൽ മാറ്റം വരുത്താതെ നിലനിർത്തിയിരിക്കുകയാണ്.

മാർച്ച് 22 ന് സാമൂഹ്യക്ഷേമ വകുപ്പ് പുറപ്പെടുവിച്ച വിജ്ഞാപനപ്രകാരം കുട്ടികളുടെ ക്ഷേമത്തിൽ ഏറ്റവും മികവാർന്ന പ്രവർത്തി പരിചയമാണ് ചെയർമാൻ നിയമനത്തിനുള്ള യോഗ്യത. എന്നാൽ കുട്ടികളുടെ ക്ഷേമം, സംരക്ഷണം എന്നിവയിൽ കുറഞ്ഞത് 10 വർഷത്തെ പ്രവർത്തി പരിചയം കമ്മീഷൻ അംഗങ്ങൾക്കുള്ള യോഗ്യതയായി വിജ്ഞാപനത്തിൽ പറയുന്നുണ്ട്. ഒന്നാം റാങ്കുകാരനായ മനോജ് കുമാറിന് ഒരു സ്‌കൂൾ പിടിഎയിലും, മാനേജ്‌മെന്റിലും മൂന്ന് വർഷം പ്രവർത്തിച്ചുവെന്നതാണ് യോഗ്യതയായി ബയോഡാറ്റയിൽ ഉള്ളത്. പ്രസ്തുത വിജ്ഞാപന പ്രകാരം ചെയർമാന് അംഗങ്ങളേക്കാൾ കുറവ് യോഗ്യത മതിയാവും.

മുതിർന്ന ജില്ലാ ജഡ്ജിമാരെയും ചൈൽഡ് വെൽഫയർ കമ്മിറ്റി മുൻ ചെയർമാന്മാരെയും പിന്തള്ളിയാണ് മനോജ് കുമാറിന് ഒന്നാംറാങ്ക് നൽകിയത്. എന്നാൽ കമ്മീഷന്റെ 2012 ലെ സംസ്ഥാന ചട്ടത്തിലെ റൂൾ പ്രകാരം ചെയർമാനും അംഗങ്ങൾക്കും ഈ മേഖലയിൽ പത്തുവർഷത്തെ അനുഭവ പരിജ്ഞാനം വേണമെന്ന് വ്യക്തമാക്കുന്നു. ഇതിൽ ഇളവ് നൽകിയാണ് ചെയർമാൻ ഒഴിവ് വിജ്ഞാപനം ചെയ്തിരിക്കുന്നത്.

കമ്മീഷന്‍റെ നിരീക്ഷണ ചുമതലയിലുള്ള ചൈൽഡ് വെൽഫേർ കമ്മിറ്റി യുടെയും ജ്യൂവനയിൽ ജസ്റ്റിസ് ബോർഡിന്റെയും അംഗങ്ങളുടെയും ചെയർമാൻ മാരുടെയും യോഗ്യത ബിരുദാനന്തരബിരുദവും ഏഴ് വർഷത്തെ പ്രവൃത്തിപരിചയം ആണെന്നിരിക്കെ കമ്മീഷൻ ചെയർമാനായി നിയമിക്കുന്ന മനോജ് കുമാറിന് ബിരുദ യോഗ്യത മാത്രമാണുള്ളതെന്നും ശിശുക്ഷേമ സംരക്ഷണ സമിതി ചൂണ്ടിക്കാട്ടി.