കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടയിലും സർക്കാർ ധൂര്‍ത്ത് തുടരുന്നു. മന്ത്രിമാരുടെ വിദേശയാത്രക്ക് പിന്നാലെ കോടികൾ മുടക്കി കോളേജ് യൂണിയൻ ചെയർമാൻമാരെ വിദേശത്ത് പരിശീലനത്തിന് അയക്കാന്‍ സർക്കാര്‍ തീരുമാനം. 70 സർക്കാർ കോളേജുകളിലെ ചെയർമാന്മാരെയാണ് നേതൃപാടവ പരിശീലനത്തിനായി ലണ്ടനിലേക്ക് അയക്കുന്നത്. ഇതുസംബന്ധിച്ച് കോളേജ് വിദ്യാഭ്യാസ വകുപ്പ് കഴിഞ്ഞ ദിവസം ഉത്തരവിറക്കി. 2020 ജനുവരിയിലാണ് വിദേശയാത്ര.
സംസ്ഥാനത്തെ 70 സർക്കാർ കോളേജുകളിലെ യൂണിയൻ ചെയർമാൻമാരെയാണ് പരിശീലനത്തിന് അയക്കുന്നത്. ലിസ്റ്റില്‍ ഇടംപിടിച്ചവരില്‍ ഭൂരിഭാഗവും എസ്.എഫ്.ഐ നേതാക്കളാണ്. ഇത്തരം പരിശീലനം നല്‍കാനുള്ള സ്ഥാപനങ്ങള്‍ രാജ്യത്തിനകത്ത് തന്നെ ഉള്ളപ്പോഴാണ് കോടികള്‍ ചെലവാക്കി വിദേശത്തയച്ച് പരിശീലനം നല്‍കാനുള്ള സർക്കാർ തീരുമാനം. യു.കെയിലെ കാർഡിഫിലേക്കാണ് കോളേജി യൂണിയന് നേതാക്കളെ സർക്കാർ ചെലവില്‍ പരിശീലനത്തിന് അയക്കുന്നത്.
കേന്ദ്ര സർക്കാരിന്റെ ഫണ്ടുപയോഗിച്ചാണ് വിദ്യാർത്ഥി യൂണിയന് നേതാക്കളെ വിദേശത്തേക്ക് അയക്കുന്നതെന്നായിരുന്നു നേരത്തെ സര്‍ക്കാരിന്റെ ഭാഗത്തുനിന്നുള്ള വിശദീകരണം. പിന്നീടാണ് സർക്കാർ ഫണ്ട് ഉപയോഗിച്ചാണ് യാത്രയെന്ന വിവരം പുറത്തായത്. സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധിയെ അഭിമുഖീകരിക്കുമ്പോള്‍ സർക്കാർ പണം ധൂര്‍ത്തടിക്കുന്നതിനെതിരെ വ്യാപക പ്രതിഷേധമാണ് നിലനില്‍ക്കുന്നത്. മന്ത്രിമാരുടെയും പരിവാരങ്ങളുടെയും വിദേശയാത്രയും മാസംതോറും കോടികള്‍ മുടക്കി ഹെലികോപ്റ്റര്‍ വാടകയ്ക്ക് എടുക്കാനുള്ള തീരുമാനവുമെല്ലാം വന്‍ വിവാദമായിരുന്നു. ഇതിനെല്ലാം പിന്നാലെയാണിപ്പോള്‍ വിദ്യാർത്ഥി നേതാക്കന്മാരെ ലണ്ടനിലേക്ക് അയക്കാനുള്ള തീരുമാനം.