മാധ്യമപ്രവർത്തകർക്ക് നേരെയുള്ള സൈബർ ആക്രമണം; സർക്കാർ ഒത്താശ ചെയ്യുന്നു : ബിന്ദുകൃഷ്ണ

Jaihind News Bureau
Monday, August 10, 2020

വനിതാ മാധ്യമ പ്രവർത്തകർക്ക് നേരെ സഖാക്കന്മാർ നടത്തുന്ന സൈബർ ആക്രമണം സർക്കാർ ഒത്താശയോടെയാണെന്ന് കൊല്ലം ഡിസിസി പ്രസിഡന്‍റ് അഡ്വ. ബിന്ദുകൃഷ്ണ ആരോപിച്ചു. അഴിമതിയിൽ മുങ്ങിക്കുളിക്കുന്ന സർക്കാരിന് എതിരെ ജനങ്ങൾ ഉയർത്തുന്ന ചോദ്യങ്ങളാണ് മാധ്യമ പ്രവർത്തകർ ചോദിച്ചത്. മുഖ്യമന്ത്രി ശ്രീ പിണറായി വിജയൻ വെള്ളം കുടിച്ചത് ജനങ്ങളുടെ ചോദ്യങ്ങൾക്ക് മുന്നിലാണ്. അദ്ദേഹം ക്ഷുഭിതനായത് കേരളത്തിലെ ജനങ്ങളോടാണ്. കേരളത്തിലെ മാധ്യമ പ്രവർത്തകർ ഓരോരുത്തരും നടത്തുന്ന പ്രവർത്തനം അഭിനന്ദനാർഹമാണെന്ന അതിന്‍റെ ഗുണഭോക്താക്കളാണ് സംസ്ഥാന സർക്കാർ.

കഴിഞ്ഞ പ്രളയകാലങ്ങളിൽ മാധ്യമ പ്രവർത്തകർ സ്വന്തം ജീവൻ പോലും പണയംവെച്ച് റിപ്പോർട്ടിംഗ് നടത്തിയതിലൂടെ ആയിരക്കണക്കിന് മനുഷ്യ ജീവനുകളെയാണ് രക്ഷിക്കാൻ കഴിഞ്ഞത്. അന്ന് അതും സർക്കാരിന്‍റെ നേട്ടമാക്കി പിണറായി വിജയൻ മാറ്റിയിരുന്നു. സ്ത്രീത്വത്തെ അപമാനിച്ചുകൊണ്ട് സൈബർ സഖാക്കന്മാർ സാമൂഹ്യ മാധ്യങ്ങളിൽ നടത്തുന്ന പ്രചരണങ്ങൾക്കെതിരെ ഒരു കേസ് പോലും രജിസ്റ്റർ ചെയ്യാത്തത് സ്ത്രീ സുരക്ഷയോടുള്ള വെല്ലുവിളിയാണെന്നും ബിന്ദുകൃഷ്ണ ആരോപിച്ചു.