തമിഴ്നാട്ടില്‍ സര്‍ക്കാര്‍ ജീവനക്കാരുടെ ശമ്പളം പിടിക്കില്ലെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി

Jaihind News Bureau
Sunday, April 5, 2020

തമിഴ്‌നാട്ടിൽ സർക്കാർ ജീവനക്കാരുടെ ശമ്പളം പിടിക്കില്ലെന്ന് മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി. ലോക്ക്ഡൌണിനെ തുടർന്ന് സംസ്ഥാനത്തിന് വലിയ വരുമാനക്കുറവുണ്ടായെങ്കിലും സർക്കാർ ജീവനക്കാരുടെ ശമ്പളം വെട്ടിക്കുറയ്ക്കാനോ നിർബന്ധിതമായി പിടിക്കാനോ ഉദ്ദേശമില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി.

സർക്കാർ ജീവനക്കാര്‍ക്ക് തങ്ങളുടെ ഒരു ദിവസത്തെ ശമ്പളം ദുരിതാശ്വാസനിധിയിലേക്ക് നല്‍കാം എന്നത് മാത്രമാണ് തമിഴ്നാട്ടിലെ വ്യവസ്ഥ. അതേസമയം ലോക്ക്ഡൌണ്‍ നിയന്ത്രണങ്ങള്‍ കർശനമായി തുടരുമെന്നും മുഖ്യമന്ത്രി എടപ്പാടി പളനിസ്വാമി അറിയിച്ചു.

അതേസമയം കേരളത്തില്‍ നിര്‍ബന്ധിത സാലറി ചലഞ്ച് ഏര്‍പ്പെടുത്തുന്നതിനെതിരെ വ്യാപക പ്രതിഷേധമാണ് ഉയരുന്നത്. ഉദ്യോഗസ്ഥരെ ഭീഷണിപ്പെടുത്തി സാലറി പിടിച്ചെടുക്കാനുള്ള നീക്കത്തിനെതിരെ പ്രതിപക്ഷവും രംഗത്തെത്തി. സാലറി ചലഞ്ചിനോട് എതിര്‍പ്പില്ലെന്നും എന്നാല്‍ നിർബന്ധിത സാലറി പിരിവിനോട് യോജിക്കാനാവില്ലെന്നും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അറിയിച്ചു.