സാമ്പത്തികപ്രതിസന്ധി കാരണം ഡിഎ മരവിപ്പിച്ചു; സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത കുടിശിക 18 ശതമാനമായി


കേന്ദ്രസര്‍ക്കാര്‍ ജീവനക്കാര്‍ക്ക് ഒരു ഗഡു ക്ഷാമബത്ത കൂടി അനുവദിച്ചതോടെ സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരുടെ ക്ഷാമബത്ത കുടിശിക 18 ശതമാനമായി. ലാസ്റ്റ് ഗ്രേഡ് ജീവനക്കാരന് മാത്രം ഇതിലൂടെ ഒരു മാസത്തെ നഷ്ടം 4266 രൂപയാണ്. 2021 ശേഷം ഇതുവരെയും ഡി.എ അനുവദിച്ചിട്ടില്ല. സര്‍ക്കാര്‍ സര്‍വീസില്‍ പുതിയതായി ചേരുന്ന 23,700 രൂപ അടിസ്ഥാന ശമ്പളമുള്ള ലാസ്റ്റ് ഗ്രേഡ് ജീവനക്കാരന് ഇപ്പോള്‍ ഡി.എ ഇനത്തില്‍ ലഭിക്കുന്നത് 1659 രൂപമാത്രമാണ്. അടിസ്ഥാന ശമ്പളത്തിന്റെ 25 ശതമാനം ഡി.എ യാണ് കിട്ടുന്നതെങ്കില്‍ 5925 രൂപയാണ് ലഭിക്കേണ്ടിയിരുന്നത്. അതായത് ലാസ്റ്റ് ഗ്രേഡ് ജീവനക്കാരന് പ്രതിമാസ നഷ്ടം 4266 രൂപയാണ്.

സെക്രട്ടറിയേറ്റ് അസിസ്റ്റന്റിനു 7074 രൂപയും അത് അഡീഷണല്‍ സെക്രട്ടറിയാകുമ്പോള്‍ 22,266 ആയി ഉയരും. കടുത്ത സാമ്പത്തിക പ്രതിസന്ധി കണക്കിലെടുത്താണ് ഡി.എ നല്‍കുന്നത് മരവിപ്പിച്ചത്. പതിനൊന്നാം ശമ്പള കമ്മിഷന്റെ കുടിശിക നാലു ഗഡുക്കളായി പി.എഫ് അക്കൗണ്ടില്‍ ലയിപ്പിക്കുന്നുമെന്നു പറഞ്ഞെങ്കിലും അതു അനിശ്ചിതത്വത്തിലാണ്. ആദ്യത്തെ രണ്ടു ഗഡുക്കള്‍ ലയിപ്പിക്കുന്നത് സാമ്പത്തിക പ്രതിസന്ധി ചൂണ്ടിക്കാണിച്ച് നീട്ടിവെച്ചു. ഇതോടെ ഇതില്‍ ലഭിക്കേണ്ട പലിശയും ജീവനക്കാര്‍ക്ക് നഷ്ടമായി. ഗസറ്റഡ് റാങ്കില്‍ 55182 പേരും നോണ്‍ ഗസറ്റഡ് റാങ്കില്‍ 4,59,842 പേരുമാണുള്ളത്. ഇതിനു പുറമേയാണ് പെന്‍ഷന്‍കാരുടെ എണ്ണം.

Comments (0)
Add Comment