കരുവന്നൂര്‍ ക്രമക്കേട് അടക്കം സഹകരണ മേഖല നേരിടുന്ന പ്രതിസന്ധികള്‍ക്ക് ആകെ പരിഹാരമെന്ന നിലയ്ക്കാണ് സംസ്ഥാന സര്‍ക്കാര്‍ സഹകരണ പുനരുദ്ധാരണ നിധിയെന്ന പേരില്‍ പുതിയ സംവിധാനം കൊണ്ടുവരുന്നത്. പ്രതിസന്ധിയിലാകുന്ന സഹകരണ സ്ഥാപനങ്ങള്‍ക്ക് പ്രത്യേകം രക്ഷാ പാക്കേജുകളുണ്ടാക്കും. ഇതിനാവശ്യമായ പണം കണ്ടെത്തലില്‍ ഊന്നിയാണ് ചട്ട ഭേദഗതി. പ്രാഥമിക സഹകണ സംഘങ്ങള്‍ സൂക്ഷിക്കുന്ന കരുതല്‍ ധനം നിധിയിലേക്ക് വകമാറ്റും. ചട്ടം നിലവില്‍ വരുന്നതോടെ കാര്‍ഷിക വായ്പാ സ്ഥിരത ഫണ്ട്, റിസര്‍വ് ഫണ്ട് എന്നിവയില്‍നിന്നുള്ള പണമാണ് സഹകരണ സംരക്ഷണ നിധിയിലേക്ക് എത്തുക.
പ്രാഥമിക സഹകരണ ബാങ്കുകള്‍ ലാഭത്തിന്റെ ഏഴ് ശതമാനം കാര്‍ഷിക വായ്പാ സ്ഥിരത ഫണ്ടിലേക്കും 15 ശതമാനം റിസര്‍വ് ഫണ്ടിലേക്ക് നീക്കിവയ്ക്കണം. കാര്‍ഷിക വായ്പാ സ്ഥിരത ഫണ്ടിന്റെ 50 ശതമാനം സഹകരണ ബാങ്കുകള്‍ സംരക്ഷണ നിധിക്ക് നല്‍കണമെന്നും ചട്ടത്തില്‍ വ്യവസ്ഥയുണ്ട്. വായ്പയായി സ്വീകരിക്കുന്ന തുകയ്ക്ക് നിക്ഷേപത്തിന്റെ പലിശ നല്‍കാനാണ് നിലവിലെ ധാരണ.
അതേസമയം ഫണ്ട് കണ്ടെത്തുന്നതിന് അപ്പുറം സഹകരണ സംരക്ഷണ നിധിയുടെ പ്രവര്‍ത്തന രീതിയെ കുറിച്ചോ സഹായം ലഭ്യമാക്കുന്ന സ്ഥാപനങ്ങളുടെ മാനദണ്ഡം സംബന്ധിച്ചോ തീരുമാനം ഒന്നും ആയിട്ടില്ല. കരുതല്‍ ഫണ്ട് നല്കാന് കൂട്ടാക്കാത്ത സംഘങ്ങള്‍ക്ക് പരിരക്ഷ കിട്ടുമോ എന്ന കാര്യത്തിലും വ്യക്തതയില്ല. അടിയന്തര ഘട്ടത്തില്‍ ഉപയോഗിക്കേണ്ട കരുതല്‍ നിധി നിര്‍ബന്ധമായും സര്‍ക്കാരിലേക്ക് എടുക്കുന്നതിലെ നിയമ സാധുതയിലും സംശയം ബാക്കിയാണ്.