ശബരിമല സ്ത്രീ പ്രവേശനം : വീണ്ടും സമവായ നീക്കവുമായി സർക്കാർ

Jaihind Webdesk
Tuesday, October 16, 2018

ശബരിമലയിലെ സ്ത്രീ പ്രവേശന വിഷയത്തിൽ വീണ്ടും സമവായ നീക്കവുമായി സർക്കാർ.  തന്ത്രികുടുംബം, പന്തളം രാജകുടുംബം, അയ്യപ്പസേവാസംഘം അടക്കമുള്ളവരുമായി ദേവസ്വം ബോര്‍ഡ് ഇന്ന് ചർച്ച നടത്തും. പ്രശ്നങ്ങള്‍ താല്‍ക്കാലിക പരിഹാരം കാണാനാണ് ദേവസ്വം ബോര്‍ഡിന്‍റെ പുതിയ നീക്കം.

ശബരിമലയിൽ എല്ലാ സ്ത്രീകൾക്കും ദർശനം അനുവദിക്കണമെന്ന സുപ്രീം കോടതിയുടെ വിധിയെത്തുടർന്നുണ്ടായ പ്രതിഷേധങ്ങൾ വിരാമം കുറിക്കാനാകുമെന്ന പ്രതീക്ഷയിലാണ് സമവായ നീക്കവുമായി ദേവസ്വം ബോർഡ് മുന്നിട്ടിറങ്ങിയിരിക്കുന്നത്. തന്ത്രി കുടുംബം, പന്തളംകൊട്ടാരം പ്രതിനിധികൾ, ശബരിമലയുമായി ബന്ധപ്പെട്ട സംഘടനാ പ്രതിനിധികൾ തുടങ്ങിയവരുമായാണ് ദേവസ്വം ബോർഡ് ചർച്ച നടത്തുക.

നേരത്തെ മുഖ്യമന്ത്രിയുടെ അധ്യക്ഷതയിൽ നടക്കുന്ന ചര്‍ച്ചയിലേയ്ക്ക് തന്ത്രി കുടുംബത്തെ ക്ഷണിച്ചിരുന്നു. എന്നാൽ ശബരിമല സ്ത്രീപ്രവേശന വിഷയത്തില്‍ പുനഃപരിശോധന സംബന്ധിച്ച് സർക്കാരിന്‍റെ തീരുമാനം അറിഞ്ഞ ശേഷം മതി ചർച്ച എന്ന് വ്യക്തമാക്കി തന്ത്രി കുടുംബം ചർച്ചയിൽ നിന്നും പിന്മാറിയത് സർക്കാരിന്‍റെ സമവായ ശ്രമങ്ങൾക്ക് തിരിച്ചടി ആവുകയായിരുന്നു. തുടർന്നാണ് വീണ്ടുമൊരു സമവായ ശ്രമവുമായി ദേവസ്വം ബോർഡ് മുന്നിട്ടിറങ്ങിയിരിക്കുന്നത്.

അതേസമയം, സമരത്തിനു നേരിട്ടു നേതൃത്വം നൽകുന്ന എൻഎസ്എസ് ഉൾപ്പെടെയുള്ള സംഘടനകളെ ചർച്ചയിൽ നിന്നു ഒഴിവാക്കി. എന്നാൽ ഇപ്പോൾ അനുരഞ്ജനത്തിന് ദേവസ്വം ബോർഡ് ശ്രമിക്കുമ്പോൾ ചർച്ചയിൽ, മണ്ഡല-മകരവിളക്ക് തീർഥാടനം സംബന്ധിച്ച് അഭിപ്രായങ്ങള്‍ ആരായാനാണ് എല്ലാവരെയും വിളിപ്പിക്കുന്നതെങ്കിലും സ്ത്രീ പ്രവേശനത്തിന് പിന്തുണ നേടുകയാണ് സർക്കാർ ലക്ഷ്യം.