പ്രളയദുരന്തത്തില്‍ സംസ്ഥാനം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനിടെയും സംസ്ഥാന സര്‍ക്കാരിന്റെ ധൂർത്ത് തുടരുന്നു. മുഖ്യമന്ത്രിയുടെയും മന്ത്രി എ.സി മൊയ്തീന്റെയും ഓഫീസ് നവീകരിക്കുന്നതിനായി ചെലവഴിച്ചത് 79 ലക്ഷം രൂപ. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ വലിപ്പം കൂടുന്നതിന് ചെലവഴിച്ചത് 39 ലക്ഷം രൂപയാണ്.
മന്ത്രി എ.സി മൊയ്തീന്റെ ഓഫീസ് മുഖ്യമന്ത്രിയുടെ ഓഫീസിന് സമീപമാണ് പ്രവർത്തിച്ചിരുന്നത്. കഴിഞ്ഞ മേയിൽ സെക്രട്ടേറിയറ്റ് വളപ്പിന് പുറത്തുള്ള അനെക്സ് 1 മന്ദിരത്തിലേക്ക് മൊയ്തീന്റെ ഓഫീസ് മാറ്റി. 40 ലക്ഷം രൂപ ചെലവഴിച്ചാണ് മന്ത്രി മൊയ്തീന് പുതിയ ഓഫീസ് സജ്ജീകരിച്ചത്. ഈ ഓഫീസ് മാറിയപ്പോള്‍ ഒഴിഞ്ഞ ഇടം കൂടി കൂട്ടിച്ചേര്‍ത്താണ് മുഖ്യമന്ത്രിയുടെ ഓഫീസ് വിപുലീകരിക്കുന്നത്. പതിവുപോലെ ഊരാളുങ്കൽ ലേബർ കോൺട്രാക്റ്റ് സൊസൈറ്റിക്കുതന്നെയാണ് ഇതിന്റെയും കരാര്‍. 39 ലക്ഷം ചെലവഴിച്ചാണ് ഓഫീസ് വിപുലീകരണം. ഇപ്പോള്‍ മുഖ്യമന്ത്രിയും ഓഫീസ് സ്റ്റാഫും മാത്രമാണ് നോർത്ത് ബ്ലോക്കിന്റെ മൂന്നാം നിലയിൽ ഉള്ളത്.
മുഖ്യമന്ത്രിയുടെ ഓഫീസിൽ അടിക്കടിയുള്ള നിയമനങ്ങളാണ് സ്ഥലക്കുറവ് അനുഭവപ്പെടാൻ മുഖ്യകാരണം. കൂടുതൽ പേർ വന്നതോടെ അവർക്കുവേണ്ടിയുള്ള സജ്ജീകരണങ്ങള്‍ക്കായി കൂടുതൽ ഇടം വേണ്ടിവരും. മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടനാഴി മോടിപിടിപ്പിക്കാനായി മാത്രം കഴിഞ്ഞ മാസം ചെലവഴിച്ചത് 12 ലക്ഷം രൂപയായിരുന്നു.
സെക്രട്ടറിയേറ്റിനുള്ളില്‍ തന്നെ സ്ഥലം കണ്ടെത്താമെന്നിരിക്കെ റീബില്‍ഡ് കേരളയുടെ ഓഫീസിനായി ലക്ഷങ്ങള്‍ മുടക്കി കെട്ടിടം വാടകയ്ക്കെടുത്തത് ഏറെ വിവാദമായ തീരുമാനമായിരുന്നു. കടുത്ത സാമ്പത്തിക പ്രതിസന്ധിക്കിടെയും നിരവധി നിയമനങ്ങളാണ് സര്‍ക്കാർ നടത്തിയത്. എ സമ്പത്തിന്റെയും വേലപ്പന് നായരുടെയും നിയമനങ്ങളും ധനവകുപ്പിനെ മറികടന്ന് ടൂറിസം വകുപ്പിന് വാഹനം വാങ്ങാന്‍ 45 ലക്ഷം രൂപ അനുവദിച്ചതും പ്രളയദുരിതത്തില്‍ സംസ്ഥാനം വലയുന്നതിനിടെയാണ്.