മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫംഗങ്ങളുടെ സ്വത്ത് വിവരം മറച്ച് സര്‍ക്കാര്‍ ; പ്രസിദ്ധപ്പെടുത്താതെ ഒളിച്ചുകളി

Jaihind News Bureau
Sunday, November 8, 2020

തിരുവനന്തപുരം: മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫംഗങ്ങളുടെ സ്വത്ത് വിവരം സര്‍ക്കാര്‍ പോര്‍ട്ടലില്‍ കൃത്യമായി പ്രസിദ്ധീകരിക്കാതെ സർക്കാർ. എല്ലാ രണ്ട് വര്‍ഷം കൂടുമ്പോഴും മന്ത്രിമാരുടെയും അവരുടെ ബന്ധുക്കളുടെയും സ്വത്ത് വിവരങ്ങള്‍ ഗവര്‍ണര്‍ക്ക് നല്‍കണമെന്ന 2018ലെ ഇടത് മന്ത്രിസഭാ തീരുമാനമാണ് ഇതോടെ ഇല്ലാതായത്.

മുഖ്യമന്ത്രി പിണറായി വിജയന്‍റെ മുൻ പ്രിന്‍സിപ്പല്‍ സെക്രട്ടറി എം.ശിവശങ്കര്‍, അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി സി.എം രവീന്ദ്രന്‍, എന്നിവരെ ചുറ്റിപ്പറ്റി നിരവധി അഴിമതികൾ പുറത്തു വരുമ്പോഴും മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫംഗങ്ങളുടെ സ്വത്ത് വിവരം പുറത്തു വിടാൻ ഇടതു സർക്കാർ തയ്യാറാവുന്നില്ല.

ഉമ്മന്‍ ചാണ്ടി സര്‍ക്കാരിന്‍റെ കാലത്താണ് മന്ത്രിമാരുടെ പേഴ്‌സണല്‍ സ്റ്റാഫംഗങ്ങളുടെ സ്വത്ത് വിവരം സര്‍ക്കാര്‍ പോര്‍ട്ടലില്‍ കൃത്യമായി പ്രസിദ്ധീകരിച്ചിരുന്നു. എന്നാല്‍, 2016-ല്‍ പിണറായി വിജയന്‍ അധികാരത്തില്‍ വന്നതോടെ ഈ പതിവ് അവസാനിപ്പിച്ചു. എല്ലാ രണ്ട് വര്‍ഷം കൂടുമ്പോഴും മന്ത്രിമാരുടെയും അവരുടെ ബന്ധുക്കളുടെയും സ്വത്ത് വിവരങ്ങള്‍ ഗവര്‍ണര്‍ക്ക് നല്‍കണമെന്ന് ഈ സര്‍ക്കാര്‍ 2018 ജൂലൈയില്‍ മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്.

2016 ഡിസംബറില്‍ പിണറായി വിജയന്‍ എല്ലാ മന്ത്രിമാരുടെയും സ്റ്റാഫംഗങ്ങളുടെ യോഗം വിളിച്ച് ഇടനിലക്കാരനില്‍ നിന്നൊഴിഞ്ഞ് നില്‍ക്കണമെന്നും സ്വഭാവശുദ്ധി നിലനിര്‍ത്തണമെന്നും ആവശ്യപ്പെട്ടിരുന്നു. സമ്മാനമോ മറ്റ് ഇലക്ട്രോണിക്സ് വസ്തുക്കളോ വാങ്ങരുതെന്ന് കര്‍ശനമായ നിര്‍ദേശം നല്‍കിയിരുന്നു.

ഇതെല്ലാം മറികടന്നാണ് ഐ ഫോണും വമ്പൻ കോഴയും ലൈഫ് പദ്ധതിയുമായി ബന്ധപ്പെട്ട് വാങ്ങിയതെന്ന് ഏജൻസികൾ സ്ഥിരീകരിച്ചു കഴിഞ്ഞു. 20 മന്ത്രിമാര്‍ക്കായി 480-ലധികം പേഴ്‌സണല്‍ സ്റ്റാഫംഗങ്ങളാണ് നിലവിലുള്ളത്. കനത്ത ശമ്പളം വാങ്ങുന്ന ഇവരുടെ സ്വത്ത് വിവരങ്ങളാണ് സർക്കാർ മറച്ചു വെച്ചിരിക്കുന്നത്. അവതാരങ്ങളെ ഭരണസിരാകേന്ദ്രങ്ങളില്‍ നിന്ന് ഒഴിവാക്കുമെന്ന് വാഗ്ദാനം ചെയ്ത മുഖ്യമന്ത്രി പിണറായി വിജയന്‍റെ ഭരണകാലാവധി അവസാനിക്കാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേയാണ് അവതാരങ്ങള്‍ ചില സ്റ്റാഫംഗങ്ങളുടെയും മന്ത്രിമാരുടെയും ഒത്താശയോടെ അഴിഞ്ഞാട്ടം തുടരുന്നത്.