തിരുവനന്തപുരം : മോദി സര്‍ക്കാര്‍ നടപ്പാക്കിയ കര്‍ഷകദ്രോഹ നിയമത്തിനെതിരെ കര്‍ഷകര്‍ ഉത്തരേന്ത്യയില്‍ പ്രക്ഷോഭത്തിലാണ്. കേരള സര്‍ക്കാരും കര്‍ഷകരെ വഞ്ചിച്ചിരിക്കുകയാണെന്നും കര്‍ഷകരുടെ പ്രശ്നം പരിഹരിക്കാന്‍ കേരള സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്നും കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന് പറഞ്ഞു. ഓര്‍ഡിനന്‍സിലൂടെ പത്രമാരണ നിയമം നടപ്പാക്കാന്‍ കേരള സര്‍ക്കാര്‍ കാട്ടിയ ജാഗ്രത എന്തുകൊണ്ട് കര്‍ഷക വിഷയത്തില്‍ മുഖ്യമന്ത്രി കാണിക്കുന്നില്ലെന്നും മുല്ലപ്പള്ളി രാമചന്ദ്രന് ചോദിച്ചു. കെപിസിസി ആസ്ഥാനത്ത് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
അന്വേഷണം രാഷ്ട്രീയ പ്രതികാരം
യു.ഡി.എഫ് എം.എല്‍.എമാര്‍ക്കെതിരായ വിജിലന്‍സ് അന്വേഷണം രാഷ്ട്രീയ പ്രതികാര നടപടിയാണ്. രാഷ്ട്രീയ വൈരനിര്യാതന ബുദ്ധിയോടെ സര്‍ക്കാര്‍ മുന്നോട്ടു പോകുന്നു. കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ നടത്തുന്ന അന്വേഷണത്തിന്റെ കേന്ദ്ര ബിന്ദു മുഖ്യമന്ത്രിയും സിപിഎം നേതാക്കളുമാണ്. അതിനാലാണ് കേരള സര്‍ക്കാര്‍ പ്രതിപക്ഷ നേതാക്കളെ സ്വഭാവഹത്യ നടത്താന്‍ ശ്രമിക്കുന്നത്. തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ടുകൊണ്ടാണ് വിജിലന്‍സ് അന്വേഷണങ്ങള്‍ സംസ്ഥാന സര്‍ക്കാര്‍ നടത്തുന്നത്. തെരഞ്ഞെടുപ്പ് സര്‍ക്കാരിന്റെ വിലയിരുത്തലാകുമെന്നും അദ്ദേഹം പറഞ്ഞു.
കെപിസിസി നിലപാടുകള്‍ ദേശീയനയത്തിന് അനുസരിച്ച്
കോണ്‍ഗ്രസിന്റെ ദേശീയതലത്തിലുള്ള നയങ്ങള്‍ക്ക് അനുസരിച്ചാണ് നിലപാടുകള്‍ സ്വീകരിക്കുന്നത്. വെല്‍ഫയര്‍ പാര്‍ട്ടി വിഷയം കെപിസിസി രാഷ്ട്രീയകാര്യ സമിതി യോഗം ചേര്‍ന്ന് തീരുമാനിച്ചതാണ്. യുഡിഎഫിന് പുറത്തുള്ള കക്ഷികളുമായി സഖ്യമില്ല. സംഘടനാപ്രശ്നങ്ങള്‍ അലട്ടാത്ത തെരഞ്ഞെടുപ്പാണിത്. പ്രദേശികതലത്തിലെ അസ്വാരസ്യങ്ങള്‍ക്ക് പരിഹാരം കാണാന്‍ വേണ്ട നിര്‍ദ്ദേശം ജില്ലാ കോണ്‍ഗ്രസ് അധ്യക്ഷന്മാര്ക്ക് നല്‍കിയിട്ടുണ്ട്. തെരഞ്ഞെടുപ്പുവേളയില്‍ നേതാക്കള്‍ അഭിപ്രായ പ്രകടനം നടത്തുമ്പോള്‍ സംയമനം പാലിക്കണം. കെ.മുരളീധരനുമായി ഒരു അഭിപ്രായ വ്യത്യാസവുമില്ല. മറിച്ച് പ്രചരിപ്പിക്കുന്നത് തെറ്റാണ്. പാര്‍ട്ടി അച്ചടക്കമുള്ള നേതാവാണ് കെ മുരളീധരനെന്നും മുല്ലപ്പള്ളി പറഞ്ഞു.