ശ്രീറാമിന് വീണ്ടും നിയമനം ; കൊവിഡ് ഡാറ്റ മാനേജ്‌മെന്‍റ് നോഡല്‍ ഓഫീസറാക്കി സര്‍ക്കാര്‍ ഉത്തരവ്

Jaihind Webdesk
Friday, July 9, 2021

തിരുവനന്തപുരം : ശ്രീറാം വെങ്കിട്ടരാമനെ കൊവിഡ് ഡാറ്റ മാനേജ്‌മെന്‍റിന്‍റെ നോഡല്‍ ഓഫിസറായി നിയമിച്ച് സര്‍ക്കാര്‍. നിലവില്‍ ആരോഗ്യവകുപ്പില്‍ ജോയിന്‍റ് സെക്രട്ടറിയാണ് ശ്രീറാം . ആശുപത്രികളിലെ അടിസ്ഥാന സൗകര്യങ്ങളുടെ വിവരശേഖരണമാണ് ശ്രീറാമിന് കീഴില്‍ വരുന്നത്.

മാധ്യമ പ്രവർത്തകൻ കെ.എം ബഷീറിനെ കാറിടിച്ചു കൊലപ്പെടുത്തിയ കേസിൽ പ്രതിയായി സസ്‌പെന്‍ഷനിലായിരുന്ന ഡോ ശ്രീറാം വെങ്കിട്ടരാമനെ ആരോഗ്യവകുപ്പില്‍ ജോയിന്റ് സെക്രട്ടറിയായി നേരത്തെ സര്‍ക്കാര്‍ നിയമിച്ചിരുന്നു. 2019 ഓഗസ്റ്റിലാണ് തലസ്ഥാനത്ത് വെച്ചുണ്ടായ കാറപകടത്തില്‍ മാധ്യമപ്രവര്‍ത്തകന്‍ കെ.എം ബഷീര്‍ കൊല്ലപ്പെടുന്നത്.

ശ്രീറാം വെങ്കിട്ടരാമന്‍ മദ്യപിച്ചു വാഹനമോടിച്ചാണ് അപകടമരണം ഉണ്ടായതെന്ന് ചൂണ്ടിക്കാട്ടി ക്രൈംബ്രാഞ്ച് ഒന്നാം പ്രതിയായി കുറ്റപത്രം സമര്‍പ്പിച്ചങ്കിലും, തെളിവില്ലെന്ന് ചൂണ്ടിക്കാട്ടി ശിക്ഷയില്‍ നിന്ന് രക്ഷപ്പെടുകയായിരുന്നു. തുടര്‍ന്ന് കുറഞ്ഞ കാലത്തെ സസ്‌പെന്‍ഷന് ശേഷം സര്‍വീസില്‍ തിരികെ പ്രവേശിക്കുകയും ചെയ്തു.