ഇതര സംസ്ഥാന ലോട്ടറികൾക്കെതിരെ സംയുക്ത നീക്കത്തിനൊരുങ്ങി സർക്കാരും ട്രേഡ് യൂണിയനുകളും

Jaihind News Bureau
Friday, January 1, 2021

ഇതരസംസ്ഥാന ലോട്ടറികളുടെ വിൽപന നിയന്ത്രണം ഹൈക്കോടതി നീക്കിയ സാഹചര്യത്തിൽ ഇതര സംസ്ഥാന ലോട്ടറികൾക്കെതിരെ സംയുക്ത നീക്കത്തിനൊരുങ്ങി സർക്കാരും ട്രേഡ് യൂണിയനുകളും. ഇതര സംസ്ഥാന ലോട്ടറി ടിക്കറ്റുകൾ വാങ്ങുകയോ വിൽക്കുകയോ ചെയ്യില്ലെന്ന് ട്രേഡ് യൂണിയനുകൾ പ്രഖ്യാപിച്ചു.

ഹൈക്കോടതി വിധിയുടെ പിൻബലത്തിൽ ഇതര സംസ്ഥാന ലോട്ടറികൾ അതിർത്തി കടന്നെത്തിയാൽ ശക്തമായി ചെറുക്കുമെന്ന് സർക്കാരും വ്യക്തമാക്കി. ഇതര സംസ്ഥാന ലോട്ടറികളുടെ വിൽപന നിയന്ത്രിക്കാനായി സംസ്ഥാനം കൊണ്ടു വന്ന നിയമഭേധഗതി കഴിഞ്ഞ ദിവസമായിരുന്നു ഹൈക്കോടതി റദ്ദാക്കിയത്. നാഗാലാൻഡ് സർക്കാരിന്‍റെ ലോട്ടറി വിൽക്കുന്നത് ലോട്ടറി വിൽക്കുന്നത് തടഞ്ഞ സർക്കാർ നടപടി ചോദ്യം ചെയ്തുളള ഹർജ്ജിയിലായിരുന്നു ജസ്റ്റിസ് മുഹമ്മദ് മുഷ്താഖിന്‍റെ ഈ ഉത്തരവ്. ഇതിനു പിന്നാലെയാണ് സിഐടിയു, ഐഎൻടിയുസി, ബിഎംഎസ് അടക്കമുളള ട്രേഡ് യൂണിയനുകൾ യോഗം ചേർന്ന് ഇതര സംസ്ഥാന ലോട്ടറികൾ വാങ്ങുകയോ വിൽക്കുകയോ ഇല്ലെന്ന് പ്രഖ്യാപിച്ചത്.

തൊട്ടുപിന്നാലെ ലോട്ടറി വിൽപന തൊഴിലാളികളുമായും ഏജൻറുമാരുാമയും ചർച്ച നടത്തിയ ധനമന്ത്രി തോമസ് ഐസക് നാഗാലാൻഡ് ലോട്ടറി അടക്കമുളള ഇതര സംസ്ഥാന ലോട്ടറികൾ അതിർത്തി കടന്നെത്തുന്നത് ചെറുക്കുമെന്ന് വ്യക്തമാക്കി. ജിഎസ്ടി നിയമ പ്രകാരം അതിർത്തി കടന്നെത്തുന്ന ലോട്ടറികൾ സംസ്ഥാന സർക്കാരിന് പരിശോധിക്കാം. കർശന പരിശോധന വഴി ഇതര സംസ്ഥാനലോട്ടറികളുടെ കടന്നുവരവ് നിയന്ത്രിക്കാമെന്നാണ് കണക്കുകൂട്ടൽ. ഇതോടൊപ്പം സിംഗിൾ ബഞ്ച് വിധിക്കെതിരെ ഡിവിഷൻ ബഞ്ചിൽ അപ്പീൽ നൽകാനും സർക്കാർ തീരുമാനിച്ചിട്ടുണ്ട്.