ശബരിമല വിഷയം സർക്കാരും ദേവസ്വം ബോർഡും ചേർന്ന് വഷളാക്കിയതായി പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല. ദേവസ്വം ബോർഡ് സി.പി.എമ്മിന്‍റെ ചട്ടുകമായി മാറി. വർഗീയ ധ്രുവീകരണം സൃഷ്ടിച്ച് ബി.ജെ.പിയെ സഹായിക്കാനാണ് സർക്കാരും സി.പി.എമ്മും ശ്രമിക്കുന്നത്. ദേവസ്വം ബോർഡ് വിളിച്ചുചേർത്ത യോഗം പ്രഹസനമായിരുന്നുവെന്ന് പ്രതിപക്ഷ നേതാവ് വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഇക്കാര്യത്തിൽ യഥാർഥ വസ്തുകൾ ജനങ്ങളെ ബോധ്യപ്പെടുത്താൻ യു.ഡി.എഫ് പ്രചാരണ പരിപാടികൾ സംഘടിപ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
ചർച്ച നടത്തി എന്ന് വരുത്തിത്തീർക്കാനാണ് ദേവസ്വം ബോർഡ് ശ്രമിച്ചത്. വിശ്വാസികളുടെ താൽപര്യമല്ല, സി.പി.എം താൽപര്യം മാത്രമാണ് ബോർഡ് സംരക്ഷിക്കുന്നത്. പുനഃപരിശോധനാ ഹർജിക്ക് ബോർഡ് തയാറായപ്പോൾ മുഖ്യമന്ത്രി വിരട്ടിയതിനെ തുടർന്ന് പിൻമാറി. സംസ്ഥാന സർക്കാർ ഇക്കാര്യത്തിൽ യോഗം വിളിക്കണമായിരുന്നു. കോടതി വിധിക്ക് ശേഷം സർക്കാർ പക്വതയും സംയമനവും കാട്ടിയില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
കോടതിവിധിയെ തുടർന്ന് വർഗീയ ധ്രുവീകരണം സൃഷ്ടിച്ച് ബി.ജെ.പിയെ സി.പി.എം സഹായിക്കുകയാണ്. വർഗീയത ഇളക്കി വിടാനുള്ള ദുഷ്ടലാക്കാണ് ബി.ജെ.പിക്കും ആർ.എസ്.എസിനും ഉള്ളത്. ശബരിമലയിൽ ആചാരങ്ങൾ നിലനിർത്തണമെന്നാണ് യു.ഡി.എഫ് നിലപാട്. വിശ്വാസികളായ യുവതികൾ ശബരിമലയിൽ പോകില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
ശബരിമല വിഷയത്തിൽ യഥാർഥ വസ്തുത ജനങ്ങളെ ബോധ്യപെടുത്താൻ ഈ മാസം 22ന് തിരുവനന്തപുരത്തും 31 ന് കൊല്ലത്തും മറ്റ് ജില്ലകളിൽ നവംബറിലും യു.ഡി.എഫ് വിശദീകരണ യോഗങ്ങൾ സംഘടിപ്പിക്കും. ബ്രൂവറി അഴിമതി ഉൾപ്പെടെയുള്ള വിഷയങ്ങൾ ഉന്നയിച്ച് ഈ മാസം 29 ന് സെക്രട്ടറിയേറ്റിന് മുന്നിലും ജില്ലാ കളക്ടറേറ്റുകൾക്ക് മുന്നിലും ധർണ നടത്തുമെന്ന് അദ്ദേഹം അറിയിച്ചു.