സമ്പൂർണ ലോക്ഡൗണിലും ബെവ്കോയെ തൊടാതെ സർക്കാര്‍; കൊവിഡ് ജാഗ്രത കാറ്റില്‍ പറത്തുന്ന നടപടി

Jaihind News Bureau
Tuesday, March 24, 2020

കൊവിഡ്-19 വ്യാധി സംസ്ഥാനത്ത് ഗുരുതര പ്രതിസന്ധി സൃഷ്ടിച്ചിരിക്കുന്ന സാഹചര്യത്തിലും ബെവ്കോ പ്രേമം ഉപേക്ഷിക്കാതെ സർക്കാര്‍. ഓരോ ദിവസം കഴിയുന്തോറും കൊവിഡ് കേസുകള്‍ വർധിച്ചുവരുന്ന സാഹചര്യത്തിലാണ് സംസ്ഥാനം സമ്പൂർണ്ണ ലോക്ഡൗണിലേക്ക് നീങ്ങിയത്. കാസർഗോഡ്, എറണാകുളം, പത്തനംതിട്ട ജില്ലകളില്‍ നിരോധനാജ്ഞയും ഏർപ്പെടുത്തേണ്ടിവന്നു. ഈ മഹാമാരിയെ തുരത്താന്‍ സാമൂഹിക അകലം പാലിക്കേണ്ടതിന്‍റെ ആവശ്യകത ആവർത്തിച്ച് ഓർമപ്പെടുത്തുമ്പോഴും ബെവ്കോ തുറന്നുപ്രവര്‍ത്തിപ്പിക്കാന്‍ തന്നെയാണ് സർക്കാര്‍ തീരുമാനം. ഇവിടെയാണ് സർക്കാരിന്‍റെ ഇരട്ടത്താപ്പ് വ്യക്തമാക്കുന്നത്.

ജാഗ്രത മാത്രമാണ് കൊവിഡ് വൈറസിനുള്ള പ്രതിവിധി. ശരിയായ ശുചിത്വശീലവും സാമൂഹിക അകലം പാലിക്കലുമാണ് ലോകത്തിന് തന്നെ ഭീഷണിയുയർത്തുന്ന ഈ മഹാവ്യാധിക്കുള്ള ഏകപ്രതിവിധി. കാര്യങ്ങള്‍ ഇങ്ങനെയാണെന്നിരിക്കെയാണ് കൊവിഡ് ജാഗ്രതാ നിയന്ത്രണങ്ങള്‍ കാറ്റില്‍ പറത്തുന്ന ബെവ്കോ തുറന്നുപ്രവര്‍ത്തിപ്പിക്കാന്‍ സർക്കാർ തീരുമാനിച്ചിരിക്കുന്നത്. കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തുമെന്നാണ് സർക്കാരിന്‍റെ അവകാശവാദം. എന്നാല്‍ ബെവ്കോ പോലൊരു സ്ഥാപനത്തില്‍ ഇത്തരം നിയന്ത്രണങ്ങള്‍ നടപ്പിലാക്കുക എന്നത് അപ്രായോഗികമാണെന്നതാണ് വാസ്തവം.

കൊവിഡ് ഭീഷണിയെ തുടർന്ന് സംസ്ഥാനം മുഴുവന്‍ ലോക്ഡൗൺ പ്രഖ്യാപിച്ചപ്പോഴും ബെവ്കോയെ തൊട്ടുകളിക്കാന്‍ സംസ്ഥാന സർക്കാർ തയാറാകുന്നില്ല. ഇക്കാര്യം ചൂണ്ടിക്കാണിച്ചപ്പോള്‍ ന്യായീകരിക്കാന്‍ മുഖ്യമന്ത്രി കൂട്ടുപിടിച്ചത് പഞ്ചാബ് മുഖ്യമന്ത്രി അമരീന്ദര്‍ സിംഗിന്‍റെ ട്വീറ്റായിരുന്നു. അവശ്യസാധനങ്ങളുടെ പട്ടികയില്‍ ഗ്രോസറിക്ക് ശേഷം ബിവറേജസുമുണ്ട് എന്ന് മുഖ്യമന്ത്രി മാധ്യമങ്ങള്‍ക്ക് മുന്നില്‍ പറഞ്ഞു. എന്നാല്‍ ഇത് തീര്‍ത്തും തെറ്റായ പരാമർശമാണ് എന്നതാണ് വസ്തുത.

പഞ്ചാബില്‍ ലോക്ഡൗണിന്‍റെ ഭാഗമായി മദ്യഷാപ്പുകള്‍ എല്ലാം അടയ്ക്കാന്‍ സർക്കാര്‍ തീരുമാനിച്ചിരുന്നു. അതിനാല്‍ ബിവറേജസിന്‍റെ കൂട്ടത്തില്‍ മദ്യം ഉള്‍പ്പെടില്ല. ചായ, കാപ്പി, മറ്റ് പാനീയങ്ങള്‍ എന്നിവയാണ് ഈ പട്ടികയില്‍ വരിക. ഈ വസ്തുത മറച്ചുവെച്ചാണ് മുഖ്യമന്ത്രി പിണറായി വിജയന്‍ പഞ്ചാബ് മുഖ്യമന്ത്രിയുടെ ട്വീറ്റ് തെറ്റിദ്ധാരണാജനകമായി ചൂണ്ടിക്കാട്ടിയത്. എന്ത് ന്യായം പറഞ്ഞും ബെവ്കോ തുറന്നുവെക്കണമെന്ന ദുർവാശിക്ക് പഞ്ചാബ് മുഖ്യമന്ത്രിയുടെ ട്വീറ്റ് ദുരുപയോഗം ചെയ്യുകയും ജനങ്ങളെ തെറ്റിദ്ധരിപ്പിക്കുകയും ചെയ്തത് ശരിയാണോ എന്നതാണ് ഉയരുന്ന ചോദ്യം. മുഖ്യമന്ത്രിയുടെ വാക്ക് ഏറ്റുപിടിച്ച് സൈബര്‍ സഖാക്കളും ഇത്തരത്തില്‍ വ്യാപക പ്രചാരണം നടത്തിയിരുന്നു. സംസ്ഥാനമൊട്ടാകെ കർശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടും യാതൊരു നിയന്ത്രണവും പാലിക്കാത്ത ബെവ്കോയെ മാത്രം ഒഴിവാക്കുന്നതിലൂടെ കൊവിഡ് ജാഗ്രത സംബന്ധിച്ച സർക്കാരിന്‍റെ ആത്മാർത്ഥത തന്നെയാണ് ചോദ്യം ചെയ്യപ്പെടുന്നത്.

ബെവ്കോ തുറന്നുപ്രവർത്തിക്കുന്നത് സംബന്ധിച്ച് മുഖ്യമന്ത്രി നടത്തിയ ന്യായീകരണം:

https://www.youtube.com/watch?v=BWGUoRsbR70