വയനാട്: ഉരുൾപൊട്ടൽ ദുരിതബാധിതരെ പുനഃരധിവസിപ്പിക്കാതെ ഒളിച്ചോടുന്ന സർക്കാരിന്‍റെ അനാസ്ഥയ്ക്കെതിരെ യൂത്ത് കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിൽ പോലീസിന്‍റെ നരനായാട്ടിനെതിരെ ശക്തമായി പ്രതികരിച്ച് ടി. സിദ്ദിഖ് എംഎൽഎ. പോലീസുകാർ മാർച്ചിനെ ക്രൂരമായി അടിച്ചമർത്തുകയും അക്രമം അഴിച്ചുവിടുകയുമാണ് ചെയ്തത്. യൂത്ത് കോൺഗ്രസിന്‍റെ നേതാക്കളെയും പ്രവർത്തകരെയും അതിക്രൂരമായാണ് പോലീസ് തല്ലിച്ചതച്ചത്. ഇത്തരം കാടത്തം നിറഞ്ഞ അക്രമം കൊണ്ടൊന്നും സമരത്തിൽ നിന്ന് പിന്നോട്ടില്ല. കൂടുതൽ ശക്തമായ സമരത്തിലേക്ക് പോകുന്നതിന്‍റെ സൂചന മാത്രമാണിതെന്നും ടി. സിദ്ദിഖ് പറഞ്ഞു.
ടി. സിദ്ദിഖ് എംഎൽഎയുടെ കുറിപ്പിന്‍റെ പൂര്‍ണ്ണരൂപം;
“ യൂത്ത് കോൺഗ്രസിന്‍റെ നേതാക്കളെയും പ്രവർത്തകരെയും അതിക്രൂരമായാണ് പോലീസ് തല്ലിച്ചതച്ചത്. ഇത്തരം കാടത്തം നിറഞ്ഞ അക്രമം കൊണ്ടൊന്നും സമരത്തിൽ നിന്ന് പിന്നോട്ടില്ല. കൂടുതൽ ശക്തമായ സമരത്തിലേക്ക് പോകുന്നതിന്‍റെ സൂചന മാത്രമാണിത്. ഓരോ ദിവസം പിന്നിടുമ്പോഴും ദുരിതബാധിതർ കൂടുതൽ ദയനീയ അവസ്ഥയിലേക്ക് പോകുകയാണ്. കേന്ദ്ര-കേരള സർക്കാരുകൾ അവരുടെ കാര്യത്തിൽ ചെറിയ ഒരു സഹായവും നൽകാൻ തയ്യാറല്ല. ദുരിതബാധിതരുടെ പ്രശ്നങ്ങൾ കേൾക്കുമ്പോൾ പൊതുസമൂഹത്തിന് മുന്നിൽ കൈ നീട്ടുകയോ, അല്ലെങ്കിൽ സന്നദ്ധ സംഘടനകൾ നൽകുന്ന സേവനങ്ങളെ ആശ്രയിക്കുകയോ മാത്രമാണ് ചെയ്യുന്നത്. എന്തിനാണ് ഇങ്ങനെ സർക്കാരുകൾ..!? ചോദ്യങ്ങൾ ഉയരും, ശക്തമായ പ്രതിഷേധമുണ്ടാകും… യൂത്ത് കോൺഗ്രസ് ജില്ലാ പ്രസിഡണ്ട് അമൽ ജോയി, സംസ്ഥാന ജനറൽ സെക്രട്ടറി അരുൺ ദേവ്, സംസ്ഥാന സെക്രട്ടറി ജഷീർ പള്ളിവയൽ, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി ഡിന്റോജോസ്, മുത്തലിബ് പഞ്ചാര, തുടങ്ങിയവർക്ക് ക്രൂരമായ മർദ്ദനമാണ് ഏറ്റത്”. ടി. സിദ്ദിഖ് എംഎൽഎ പറഞ്ഞു.“