വീണ്ടും ബന്ധുനിയമനങ്ങള്‍ : തൊഴിലിനായി ഉദ്യോഗാർത്ഥികള്‍ സെക്രട്ടേറിയേറ്റ് പടിക്കല്‍ ഉരുളുമ്പോഴാണ് ഇടത് പക്ഷക്കാരെ സർവീസില്‍ തിരുകി കയറ്റുന്നത്

Jaihind Webdesk
Friday, July 30, 2021

തിരുവനന്തപുരം : കൊവിഡിന്‍റെ മറവില്‍ സർക്കാർ സർവ്വീസില്‍ മന്ത്രിയുടെയടക്കം ബന്ധുക്കളെ  തിരുകി കയറ്റല്‍ തുടരുന്നു. കോങ്ങാട് എംഎല്‍എയായിരിക്കെ മരിച്ച കെ വി വിജയദാസിന്റെ മകന്‍ കെ വി സന്ദീപിന് ഓഡിറ്റര്‍ വകുപ്പില്‍നിയമനം. മന്ത്രിസഭാ യോഗത്തിലാണ് സന്ദീപിനെ ഓഡിറ്ററായി നിയമിക്കാന്‍ തീരുമാനിച്ചത്. തുടര്‍ന്ന് ഉത്തരവിറക്കി. തസ്തികയില്‍ ഒഴിവും സന്ദീപിന് വിദ്യഭ്യാസ യോഗ്യത ഉണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് നടപടി. ഇത് രണ്ടാം തവണയാണ് അന്തരിച്ച എംഎല്‍എമാരുടെ മക്കള്‍ക്ക് പിണറായി സര്‍ക്കാര്‍ ആശ്രിത നിയമനം നല്‍കുന്നത്. ചെങ്ങന്നൂര്‍ എംഎല്‍എയായ കെ കെ രാമചന്ദ്രന്‍ നായരുടെ മകനെ പൊതുമരാമത്ത് വകുപ്പില്‍ നിയമിച്ചതും വിവാദമായിരുന്നു. നിയമനം കോടതി കയറിയെങ്കിലും തുടര്‍നടപടികളായിട്ടില്ല.

കഴിഞ്ഞ ദിവസമാണ് ഹൈക്കോടതിയിലെ ഗവ പ്ലീഡര്‍മാരെ നിയമിച്ചു കൊണ്ടുള്ള ഉത്തരവ് ഇറങ്ങിയത്. ആരോഗ്യമന്ത്രി വീണ ജോര്‍ജിന്‍റെ സഹോദരി അഡ്വ. വിദ്യാ കുര്യാക്കോസിന് ഗവ. പ്ലീഡറായാണ് നിയമനം. ബിനോയ് വിശ്വം എംപിയുടെ മകള്‍ സൂര്യ ബിനോയെ സീനിയര്‍ ഗവ. പ്ലീഡറായി നിയമിച്ചു. നിലവിലുള്ള ചില പ്ലീഡര്‍മാരെ ഒഴിവാക്കിയപ്പോള്‍, ചിലരെ നിലനിര്‍ത്തി. എംഎല്‍എ പി വി ശ്രീനിജന്‍റെ ഭാര്യ സോണിയും പ്ലീഡര്‍മാരുടെ പട്ടികയിലുണ്ട്.