തലസ്ഥാനത്ത് ഗുണ്ടാവിളയാട്ടം തുടർക്കഥ; കണിയാപുരത്ത് മദ്യലഹരിയില്‍ ആക്രമണം; മൂന്ന് പേർക്ക് പരിക്ക്, വീടുകളും തകർത്തു

Jaihind Webdesk
Monday, December 27, 2021

 

തിരുവനന്തപുരം: തലസ്ഥാനത്ത് ഗുണ്ടാവിളയാട്ടം തുടർക്കഥയാകുന്നു.  കണിയാപുരത്ത് മദ്യലഹരിയില്‍ അഴിഞ്ഞാടിയ സംഘം വീടുകളുടെ വാതിലുകളും ജനല്‍ ചില്ലുകളും തകർക്കുകയും  മൂന്ന് പേരെ ആക്രമിച്ച് പരിക്കേല്‍ക്കുകയും ചെയ്തു. ഇന്നലെ രാത്രി 11 മണിയോടെ കണിയാപുരം പായ്ച്ചിറയിലാണ് മദ്യലഹരിയില്‍ സംഘം ആക്രമണം അഴിച്ചുവിട്ടത്.  സംഭവത്തിൽ മംഗലപുരം പോലീസ് അന്വേഷണം ആരംഭിച്ചു.

റോഡിൽ നിന്ന യുവാക്കളെയാണ് മദ്യപസംഘം ആദ്യം ആക്രമിച്ചത്. പായ്ച്ചിറ സ്വദേശികളായ ജനി, പ്രണവ്, വിഷ്ണു എന്നിവർക്കാണ് മർദ്ദനമേറ്റത്. കമ്പിവടി ഉപയോഗിച്ചുള്ള ആക്രമണത്തില്‍ ഒരാൾക്ക് തലയ്ക്ക് പരിക്കേറ്റു. തുടർന്ന് വീടുകള്‍ക്ക് നേരെ ആക്രമണം നടത്തിയ സംഘം മൂന്ന് വീടുകള്‍ക്ക് കേടുപാടുകള്‍ വരുത്തി. ജനല്‍ച്ചില്ലുകള്‍ അടിച്ചുതകർക്കുകയും ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയും ചെയ്തു.

പായ്ചിറ സ്വദേശികളായ കുറിഞ്ചൻ വിഷ്ണു, ശബരി, സായ്പ് നിധിൻ, അജീഷ്, അനസ് എന്നിവരാണ് അക്രമം നടത്തിയത്. മുൻ വൈരാഗ്യമാണ് അക്രമത്തിന് കാരണമെന്നാണ് പോലീസിന്‍റെ നിഗമനം. പരിക്ക് പറ്റിയ യുവാക്കൾ പോലീസ് സ്റ്റേഷനിലേക്കും ആശുപത്രിയിലും പോയ സമയം ഇതേ മദ്യപസംഘം വീടുകൾക്കു നേരെയും അക്രമം നടത്തി. ഒരു വീടിന്‍റെ ജനൽ ചില്ലുകൾ പൂർണ്ണമായും തകർത്തു. വാതിൽ വെട്ടുകത്തി കൊണ്ട് വെട്ടിപ്പൊളിച്ചു. മറ്റ് രണ്ടു വീടുകൾക്കു നേരെയും ആക്രമണം നടത്തി. അരുൺ, വിഷ്ണു, പ്രസാദ് എന്നിവരുടെ വീടുകളാണ് അടിച്ചു തകർത്തത്. സംഭവത്തിൽ പ്രതിയായ അനസിനെ മംഗലപുരം പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. പ്രതികൾക്കെതിരെ വധശ്രമം, വീടുകയറി അക്രമണം തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. സംഭവത്തിൽ മറ്റ് പ്രതികൾക്കായുള്ള തെരച്ചിൽ  പൊലീസ്  ഊർജിതമാക്കിയിട്ടുണ്ട്.

ഗുണ്ടകളും മദ്യപന്മാരും അഴിഞ്ഞാടുന്നത് പ്രദേശത്ത് ഭയപ്പാടിന്‍റെ അന്തരീക്ഷം സൃഷ്ടിക്കുകയാണ്. ക്രൂരമായ കൊലപാതകം നടന്ന പോത്തന്‍കോടിന്  ഏതാനും കിലോമീറ്റർ അകലെയുള്ള പ്രദേശമാണിത്. കാറില്‍ സഞ്ചരിച്ച അച്ഛനെയും മകളെയും ആക്രമിച്ച സംഭവം പോത്തന്‍കോട് നടന്നത് ഏതാനും ദിവസങ്ങള്‍ മാത്രം മുമ്പാണ്. തിരുവനന്തപുരത്ത് അക്രമസംഭവങ്ങള്‍ തുടർക്കഥയാകുമ്പോഴും പൊലീസ് ഇടപെടല്‍ കാര്യക്ഷമമല്ല എന്ന പരാതി ഉയരുന്നുണ്ട്.