കെ. സുധാകരന്‍റെ പോസ്റ്റര്‍ വച്ച വീടിന് നേരെ കരി ഓയില്‍ പ്രയോഗം

Jaihind Webdesk
Saturday, March 30, 2019

കണ്ണൂർ പാർലമെന്‍റ് മണ്ഡലം യുഡിഎഫ് സ്ഥാനാർത്ഥി കെ. സുധാകരന്‍റെ തെരഞ്ഞെടുപ്പ് പ്രചരണാർത്ഥം വീട്ടുവളപ്പിലെ തെങ്ങില്‍ ബോർഡ് കെട്ടിയതിന് കല്ല്യാണവീടിന് നേരേ കരിഓയിൽ പ്രയോഗം. മാലൂർ പഞ്ചായത്ത് ശിവപുരം വെള്ളിലോട് ഹസൈനാർ ഹാജിയുടെ വീടിന് നേരെയാണ് അക്രമണം നടന്നത്. ഹസൈനാർ ഹാജിയുടെ മകന്‍റെ വിവാഹ ഒരുക്കങ്ങൾ ഞായറാഴ്ച നടക്കവെയാണ് അക്രമം നടന്നത്.

ഇന്നലെ പുലർച്ചെയാണ് അക്രമം. സി പി എമ്മാണ് സംഭവത്തിന് പിന്നിലെന്ന് കോൺഗ്രസ് ആരോപിച്ചു. മാലൂർ പോലിസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു. തെരഞ്ഞെടുപ്പ് കമ്മിഷനും പോലിസ് മേധാവിക്കും പരാതി നൽകിയിരിക്കുകയാണ് കുടുംബം. കരി ഓയിൽ പ്രയോഗത്തിനു നേരെ വ്യാപക പ്രതിഷേധമാണ് പ്രദേശത്ത് ഉയരുന്നത്.

മട്ടന്നൂർ നിയോജക മണ്ഡലത്തിൽ വ്യാപകമായി യുഡിഎഫ് സ്ഥാനാർത്ഥിയുടെ ബോർഡുകളും പ്രചരണ സമഗ്രികളും നശിപ്പിക്കുന്നത് തുടരുകയാണ്. തോൽവി ഭയന്ന് അക്രമമഴിച്ച് വിടാനാണ് സി പി എം ശ്രമിക്കുന്നതെന്ന് കെ പി സി സി മെമ്പർ ചന്ദ്രൻ തില്ലങ്കേരി പറഞ്ഞു. മട്ടന്നൂർ നിയോജക മണ്ഡലം കമ്മിറ്റി സംഭവത്തെ അപലപിച്ചു.