ബെവ് ക്യൂ ആപ്പിന് ഗൂഗിളിന്‍റെ അനുമതി ; പ്ലേ സ്റ്റോറില്‍ ഉടന്‍ ലഭ്യമാകും

Jaihind News Bureau
Tuesday, May 26, 2020

 

തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യം വാങ്ങാനുള്ള ബെവ് ക്യൂ ആപ്പ് പ്ലേ സ്റ്റോറില്‍ അപ്‌ലോഡ്‌ ചെയ്യുന്നതിന് ഗൂഗിളിന്‍റെ അനുമതി. 24 മണിക്കൂറിനുള്ളില്‍ ആപ്പ് പ്ലേ സ്റ്റോറില്‍ ലഭ്യമാകും. ആപ്പ് സജ്ജമായാല്‍ എത്രും വേഗം തന്നെ മദ്യശാലകള്‍ തുറക്കാനാണ് സർക്കാർ നീക്കം. ഇന്ന് 11 മണിക്ക് സെക്രട്ടറിമാരുടെ യോഗത്തിനുശേഷം മദ്യശാലകൾ തുറക്കുന്ന തീയതി ബെവ്കോ ഔദ്യോഗികമായി പ്രഖ്യാപിച്ചേക്കും. ആപ്പിന്‍റെ ഉപയോഗ രീതി സംബന്ധിച്ച് ഉപഭോക്താക്കൾക്കായി മാർഗനിർദേശങ്ങളും പുറത്തിറക്കും.

ആപ്പ് വഴി അല്ലാതെ സാധാരണ ഫോണുകളിൽനിന്ന് എസ്.എം.എസ് വഴിയും മദ്യം ബുക്ക് ചെയ്യാം. പേരും ഫോൺ നമ്പരും സ്ഥലപ്പേര്, പിൻകോഡ്, ലൊക്കേഷൻ എന്നിവയിലേതെങ്കിലും നൽകിയാണ് മദ്യം ബുക്ക് ചെയ്യാം. വ്യക്തിവിവരങ്ങൾ നല്‍കേണ്ടതില്ല. ആപ്പ് വഴി മദ്യത്തിന്‍റെ ബ്രാൻഡ് ആദ്യഘട്ടത്തിൽ തെരഞ്ഞെടുക്കാനാകില്ല. ഒരു തവണ ബുക്ക് ചെയ്താൽ 4 ദിവസം കഴിഞ്ഞേ വീണ്ടും മദ്യം ബുക്ക് ചെയ്യാനാകൂ. ഒരാള്‍ക്ക് 3 ലിറ്റർ മദ്യമാണ് പരമാവധി വാങ്ങാനാകുന്നത്.

ഗൂഗിളിന്‍റെ അനുമതി ലഭിക്കാത്തതിനാല്‍ കഴിഞ്ഞ ഒരാഴ്ചയായി സംസ്ഥാനത്തെ മദ്യശാലകള്‍ തുറക്കുന്നത് സംബന്ധിച്ച് അനിശ്ചിതത്വം തുടരുകയായിരുന്നു. കഴിഞ്ഞ തിങ്കളാഴ്ചയാണ് പ്ലേ സ്റ്റോറില്‍ അപ്‌ലോഡ്‌ ചെയ്യുന്നതിനുള്ള അനുമതി തേടി ഗൂഗിളിനെ സമീപിക്കുന്നത്. ഒരാഴ്ച മുമ്പ് കൊച്ചി ആസ്ഥാനമായ ഫെയർ കോഡ് കമ്പനി തയാറാക്കിയ ആപ്പ് തെരഞ്ഞെടുത്തിരുന്നു. പക്ഷെ സർക്കാർ അംഗീകൃത ഏജൻസികള്‍ നടത്തിയ പരിശോധനയിൽ ആപ്പ് പരാജയപ്പെട്ടു. തുടർന്ന് ഏഴോളം സുരക്ഷാ പോരായ്മകള്‍ പരിഹരിച്ച ശേഷമാണ് ആപ്പ് ഗൂഗിള്‍ പ്ലേ സ്റ്റോറിലേക്ക് അനുമതി തേടി വീണ്ടും അയച്ചത്.

ആപ്പിന് ഗൂഗിള്‍ അനുമതി ലഭിച്ചതോടെ എത്രയും വേഗം മദ്യശാലകള്‍ തുറക്കാനാണ് സർക്കാർ നീക്കം. ടോക്കണ്‍ എടുക്കുന്നവര്‍ക്ക് അടുത്ത ദിവസം രാവിലെ ഒന്‍പത് മുതല്‍ മദ്യം ലഭ്യമാക്കാനാണ് തീരുമാനം. ആപ്പ് വഴി മദ്യം എന്നുമുതല്‍ വിതരണം ചെയ്യാനാകുമെന്നത് സംബന്ധിച്ച് ഔദ്യോഗിക പ്രഖ്യാപനം ഉടന്‍ തന്നെയുണ്ടാകും.