‘ബെവ് ക്യൂ’ ആപ്പിന് ഗുണനിലവാരമില്ലെന്ന് ഗൂഗിൾ; അനുമതി നൽകിയില്ല, സി.പി.എം അനുഭാവിയുടെ കമ്പനിയെ നിര്‍മ്മാണത്തിന് ചുമതലപ്പെടുത്തിയ ഐ.ടി. സെക്രട്ടറി ശിവശങ്കരന്‍റെ നടപടി വിവാദത്തിൽ

Jaihind News Bureau
Thursday, May 21, 2020

 

മദ്യ വില്‍പ്പനക്കുള്ള ബെവ്കോയുടെ ‘ബെവ് ക്യൂ’ ആപ്പിന് ഗൂഗിൾ അനുമതി നൽകിയില്ല. ആപ്പ് ഗൂഗിൾ പ്ലേ സ്റ്റോറിൽ ലഭ്യമാക്കാനുള്ള അപേക്ഷ ഗൂഗിൾ തള്ളിക്കളഞ്ഞു. പ്രാഥമികമായ ഗുണനിലവാരം പോലും ആപ്പിന് ഇല്ലെന്നാണ് ഗൂഗിൾ  നല്‍കുന്ന വിശദീകരണം. അതേസമയം ആപ്പ് നിര്‍മ്മിക്കാന്‍ സി.പി.എം അനുഭാവിയുടെ കമ്പനിയെ ചുമതലപ്പെടുത്തിയ സര്‍ക്കാര്‍ തീരുമാനം വിവാദമായിരിക്കുകയാണ്.

സി.പി.എം അനുഭാവിയായ രജിത് രാമചന്ദ്രൻ ചീഫ് ടെക്നിക്കൽ ഓഫിസറും ഡയറക്ടറുമായ ‘ഫെയർ കോഡ്’ എന്ന കമ്പനിയെയാണ് ആപ്പ് നിര്‍മ്മിക്കുന്നതിനായി സര്‍ക്കാര്‍ ചുമതലപ്പെടുത്തിയത്.  എറണാകുളത്താണ് ഈ കമ്പനിയുടെ ആസ്ഥാനം. കമ്പനിയെ തെരഞ്ഞെടുക്കുന്നതിനായി ഐ.ടി. സെക്രട്ടറി ശിവശങ്കരനെയാണ് സര്‍ക്കാര്‍ ചുമതലപ്പെടുത്തിയിരുന്നത്. 27 ഓളം കമ്പനികൾ ടെണ്ടറിൽ പങ്കെടുത്തതില്‍ നിന്നും രജിത് രാമചന്ദ്രന്‍റെ നേതൃത്വത്തിലുള്ള ‘ഫെയർ കോഡ്’  എന്ന കമ്പനിയെ അദ്ദേഹം തെരഞ്ഞെടുക്കുകയായിരുന്നു. ഈ തീരുമാനമാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്.

അതേസമയം മദ്യവിൽപ്പന വൈകാതിരിക്കാൻ വീണ്ടും സ്വകാര്യ മദ്യലോബിയുടെ സമ്മർദ്ദത്തിന് വഴങ്ങി സർക്കാർ. ബാർ ഉടമകളുടെ ലാഭം കുറയാതിരിക്കാൻ ഓൺലൈൻ മദ്യവിൽപ്പനയിൽ  പത്ത് ശതമാനം ടേൺ ഓവർ ടാക്സ് സര്‍ക്കാര്‍ ഒഴിവാക്കി നൽകി. ബാർ ഉടമകളുടെ ലാഭം കുറയാതെ നോക്കലാണ് ഇതിലൂടെ ലക്ഷ്യം വെക്കുന്നത്. ഇതോടെ ഓരോ ഓൺലൈൻ വിൽപ്പനക്കമുള്ള ഇ ടോക്കണ് 50 പൈസ മാത്രം ഇനി ബാറുകൾ നൽകിയാൽ മതിയാകും.