ടി.പി വധക്കേസിന്‍റെ ഗൂഢാലോചനാ വഴികളിലും സ്വർണ്ണക്കടത്തുകാരന്‍റെ സാന്നിധ്യം; ഫയാസും ടി.പി കേസ് പ്രതികളുമായി നടത്തിയ കൂടിക്കാഴ്ച ദുരൂഹം | Video Story

കേരളീയ പൊതുസമൂഹത്തെ ഞെട്ടിച്ച ടി.പി ചന്ദ്രശേഖരൻ വധക്കേസിന്‍റെ ഗൂഢാലോചനാ വഴികളിലും സ്വർണ്ണക്കടത്തുകാരന്‍റെ സാന്നിധ്യം. അന്താരാഷ്ട്ര സ്വർണ്ണക്കടത്തുകാരൻ ഫയാസ് കോഴിക്കോട് ജില്ലാ ജയിലിൽ അറബി വേഷത്തിൽ എത്തി സി.പി.എം നേതാക്കൾ ഉൾപ്പെടെയുള്ള ടി.പി കേസ് പ്രതികളുമായി നടത്തിയ കൂടിക്കാഴ്ച എന്തിനായിരുന്നു എന്നത് ഇപ്പോഴും ദുരൂഹം.

ഒരു അവധി ദിവസമാണ് ഫയാസ് ജയിലിൽ എത്തി ടി.പി വധക്കേസ് പ്രതികളുമായി കൂടിക്കാഴ്ച നടത്തിയത്. ഇപ്പോഴത്തെ സി.പി.എം കോഴിക്കോട് ജില്ലാ സെക്രട്ടറി പി മോഹനൻ, കൊലയാളി സംഘാംഗങ്ങളായ കൊടി സുനി, കിർമാണി മനോജ്, ടി.കെ രജീഷ്, മുഹമ്മദ് ഷാഫി എന്നിവരെ ഫയാസ് കണ്ടു. ജയിൽ നിയമങ്ങൾ ഒന്നും പാലിക്കാതെ അറബി വേഷത്തിലാണ് ഫയാസ് എത്തിയത്. വെൽഫെയർ ഓഫീസറുടെ മുറിയിൽ അര മണിക്കൂർ നേരം പ്രതികളുമായി ഫയാസ് സംസാരിച്ചു. ജയിൽ വാർഡർമാർക്ക് അന്ന് ഫയാസ് പണം കൈമാറിയെന്നും പിന്നീട് വ്യക്തമായി.

ടി.പി കേസ് പ്രതികൾക്ക് ജയിലിൽ സുഖവാസം ഒരുക്കുന്നതിനുള്ള പാരിതോഷികമായിരുന്നു ഇതെന്നും അന്വേഷണ റിപ്പോർട്ടിൽ സൂചനയുണ്ടായിരുന്നു. ടി.പി കേസ് പ്രതികൾക്ക് വേണ്ടി കേസ് നടത്താനും ഇവരുടെ കുടുംബങ്ങളെ സഹായിക്കാനും ഒക്കെ ലക്ഷങ്ങളാണ് സി.പി.എം ചെലവിട്ടത്. ഈ പണം ഒഴുകിയത് സ്വർണ്ണക്കടത്തിന്‍റെയും ഹവാല ഇടപാടുകളുടെയും ക്രിമിനൽ വഴികളിലൂടെ ആയിരുന്നുവെന്ന് പകൽ പോലെ വ്യക്തം.

ടി.പി ചന്ദ്രശേഖരൻ വധ ഗൂഢാലോചനയ്ക്ക് പിന്നിലെ വമ്പൻ സ്രാവുകൾ ഇപ്പോഴും വലയ്ക്ക് പുറത്താണ്. ഈ അരുംകൊലയ്ക്ക് അരങ്ങൊരുക്കിയവരുടെ രാഷ്ട്രീയ താല്‍പര്യങ്ങൾ കേരളീയ സമൂഹത്തിന് പണ്ടേ ബോധ്യപ്പെട്ട് കഴിഞ്ഞു. ആ താത്പര്യങ്ങൾക്ക് സാമ്പത്തിക വളം നൽകിയ സ്വർണ്ണക്കടത്ത് മാഫിയയുമായുള്ള സി.പി.എമ്മിന്‍റെ കണ്ണികൾ ഇപ്പോഴും ശക്തമാണെന്ന് സമീപകാല സംഭവങ്ങൾ തന്നെ അടിവരയിടുന്നു.

https://www.facebook.com/JaihindNewsChannel/videos/625287558410156

Comments (0)
Add Comment