സ്വർണ്ണക്കവർച്ചാ കേസ് : ബിജെപി ദേശീയ ഉപാധ്യക്ഷന്‍റെ മുഖ്യ തെരഞ്ഞെടുപ്പ് പ്രചാരകന്‍ അറസ്റ്റില്‍

Jaihind Webdesk
Tuesday, June 29, 2021

സ്വര്‍ണക്കവര്‍ച്ചാ കേസില്‍ അറസ്റ്റിലായ മലപ്പുറം പാണ്ടിക്കാട് സ്വദേശി മുഹമ്മദ് ശിഹാബ് എ പി അബ്ദുല്ലക്കുട്ടിയുടെ മുഖ്യ തിരഞ്ഞെടുപ്പ് ചുമതലക്കാരന്‍. പാര്‍ലെമന്‍റ് ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയും ദേശീയ വൈസ്പ്രസിഡന്‍റുമായ അബദുല്ലക്കുട്ടിയ്ക്കുവേണ്ടിയാണ് ശിഹാബ് പ്രചാരണത്തിന് മേല്‍നോട്ടം വഹിച്ചത്. അബ്ദുല്ലക്കുട്ടിയ്ക്കും ബിജെപി നേതാക്കള്‍ക്കുമൊപ്പം ശിഹാബ് വേദി പങ്കിടുന്നതിന്‍റെ ചിത്രങ്ങളും പുറത്തുവന്നു

ഹവാല, സ്വര്‍ണക്കടത്തുകളിലും കവര്‍ച്ചാ കേസുകളിലും പ്രതിയാണ് അറസ്റ്റിലായ മഞ്ചേരി പാണ്ടിക്കാട് സ്വദേശി മുഹമ്മദ് ശിഹാബ്. മലപ്പുറം പാര്‍ലമെന്റ് മണ്ഡലത്തില്‍ നടന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാര്‍ത്ഥിയും ദേശീയ ഉപാധ്യക്ഷനുമായ എ പി അബുദുല്ലക്കുട്ടിയുടെ പ്രചാരണത്തിനാണ് ശിഹാബ് ചുക്കാന്‍ പിടിച്ചത്. ജില്ലാ കണ്‍വെന്‍ഷനില്‍ കേന്ദ്ര നേതാക്കളോടൊപ്പവും ശിഹാബ് വേദി പങ്കിട്ടു. മഞ്ചേരിയില്‍ കുടുംബയോഗങ്ങള്‍ക്ക് നേതൃത്വം നല്‍കി. ഒബിസി മോര്‍ച്ച സംസ്ഥാന ജനറല്‍സെക്രട്ടറിയും കെ സുരേന്ദ്രന്‍റെ അടുത്ത അനുയായിയുമായ അഡ്വ. രശ്മില്‍നാഥാണ് ശിഹാബിനെ ബിജെപിയുമായി അടുപ്പിച്ചത്.

ജില്ലാഘടകത്തിന്‍റെ എതിര്‍പ്പ് മറികടന്നായിരുന്നു തീരുമാനം. കള്ളക്കടത്തിന് ബിജെപി നേതാക്കളുമായുള്ള അടുപ്പം ശിഹാബ് ഉപയോഗപ്പെടുത്തിയെന്നാണ് സംശയിയ്ക്കുന്നത്. കള്ളക്കടത്ത് സ്വര്‍ണവും ഹവാലാ പണവും നഷ്ടമാവുന്ന കേസുകളില്‍ ക്വട്ടേഷന്‍ എടുത്ത് കരിയര്‍മാരെ തട്ടിക്കൊണ്ടുപോയി സ്വര്‍ണവും പണവും വീണ്ടെടുക്കുകയാണ് ശിഹാബിന്‍റെ രീതി. അർജുൻ ആയങ്കിക്കായി കടത്തിയ സ്വർണം ഇയാൾ തട്ടി എടുത്തിരുന്നു എന്നാണ് വിവരം. 2014-ല്‍ കൊടുവള്ളി സ്റ്റേഷനില്‍ രണ്ടുകേസുകള്‍ രജിസ്റ്റര്‍ ചെയ്തിരുന്നു.കേന്ദ്ര മന്ത്രി രാംദാസ് അത്തേവാലയുടെ റിപ്പബ്ലിക്കന്‍ പാര്‍ട്ടി ഓഫ് ഇന്ത്യയിലും ശിഹാബ് പ്രവര്‍ത്തിച്ചിട്ടുണ്ട്.

രാമനാട്ടുകര സ്വർണ കവർച്ചാ കേസിൽ ഇടത് മുന്നണിക്ക് പിന്നാലെ ശിഹാബിന്റെ രാഷ്ട്രീയ ബന്ധം പുറത്തുവന്നതോടെ ബിജെപി നേതാക്കളും വെട്ടിലാവുകയാണ്.