സ്വര്‍ണ്ണക്കടത്ത്: സ്വപ്ന അടക്കമുളള പ്രതികളുടെ ജാമ്യാപേക്ഷ കോടതി ഇന്ന് വീണ്ടും പരിഗണിക്കും

Jaihind News Bureau
Wednesday, October 7, 2020

 

കൊച്ചി: സ്വര്‍ണ്ണക്കടത്ത് കേസില്‍ സ്വപ്ന സുരേഷ് അടക്കമുളള ഏഴ് പ്രതികളുടെ ജാമ്യാപേക്ഷ കൊച്ചി എന്‍ഐഎ കോടതി ഇന്ന് വീണ്ടും പരിഗണിക്കും. ഉച്ചക്ക് ശേഷം മൂന്ന് മണിക്കാണ് കേസ് പരിഗണിക്കുന്നത്. കേസില്‍ ദേശവിരുദ്ധ സ്വഭാവം ഉന്നയിച്ച എന്‍ഐഎ സംഘത്തോട് തെളിവുകൾ ഹാജരാക്കാൻ കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിനെ തുടർന്ന് ഇന്നലെ എൻ.ഐ.എ ഉദ്യോഗസ്ഥർ കേസ് ഡയറിയും അനുബന്ധ തെളിവുകളും കോടതിക്ക് കൈമാറി.  കേസ് ഡയറി കോടതി ഇന്നലെ പരിശോധിച്ചിരുന്നു. കളളക്കടത്ത് എന്നതിനപ്പുറം  യുഎപിഎ ചുമത്താന്‍ പറ്റുന്ന തെളിവുകള്‍ എവിടെ എന്നാണ് കോടതി ചോദിച്ചത്.

ഏഴാം പ്രതി മുഹമ്മദ് ഷാഫിയുടെ ജാമ്യാപേക്ഷ പരിഗണിക്കവെ എന്‍ഐഎ കോടതി വിളിച്ചുവരുത്തിയ കേസ് ഡയറിയിലെ രഹസ്യസ്വഭാവമുള്ള കണ്ടെത്തലുകള്‍ കോടതി പരിശോധിക്കും. അന്വേഷണ സംഘത്തിനു വേണ്ടി അഡീ.സോളിസിറ്റര്‍ ജനറല്‍ ഇന്നു നടത്തുന്ന വാദവും കേസിന്‍റെ വിധി നിര്‍ണയിക്കും. ശക്തമായ തെളിവുകള്‍ ഹാജരാക്കിയില്ലെങ്കില്‍ പ്രതികളുടെ ജാമ്യാപേക്ഷയില്‍ അനുകൂല നിലപാട് സ്വീകരിക്കേണ്ടി വരുമെന്ന് കഴിഞ്ഞ ദിവസം കോടതി മുന്നറിയിപ്പ് നല്‍കിയിരുന്നു.

അതേസമയം കേസിലെ നാലാം പ്രതി സന്ദീപ് നായരുടെ രഹസ്യമൊഴി എന്‍ഐഎ ഇന്ന് കോടതിയില്‍ ഹാജരാക്കും. ഇന്നലെ ഒമ്പത് മണിക്കൂറോളമാണ് സന്ദീപ് നായരുടെ രഹസ്യ മൊഴി രേഖപ്പെടുത്തിയത്. ഉച്ചകഴിഞ്ഞ് 2.30 ന് ആരംഭിച്ച മൊഴിയെടുക്കല്‍ രാത്രി 11.30നാണ് അവസാനിച്ചത്. സന്ദീപിന്‍റെ  ആവശ്യപ്രകാരം ആലുവ മജിസ്‌ട്രേറ്റാണ് മൊഴി രേഖപ്പെടുത്തിയത്.