സ്വർണ്ണക്കടത്ത്: സിപിഎം സംസ്ഥാന ഘടകത്തിനെതിരെ കേന്ദ്ര കമ്മിറ്റിയിൽ രൂക്ഷ വിമർശനം; സർക്കാരിന്‍റെ പ്രതിച്ഛായക്ക് ക്ഷീണമുണ്ടാക്കിയെന്ന് വിലയിരുത്തൽ; ജാഗ്രത കുറവുണ്ടായെന്ന് ഏറ്റുപറഞ്ഞ് പിണറായി പക്ഷം

സ്വർണക്കടത്ത് കേസിൽ കേരള ഘടകത്തിന് സിപിഎം കേന്ദ്ര കമ്മിറ്റിയിൽ രൂക്ഷ വിമർശനം. ബംഗാൾ ഘടകമാണ് കേരളത്തിലെ സ്വർണക്കടത്ത് വിഷയം ഉന്നയിച്ചത്. സംഭവം ദേശീയതലത്തിൽ പാർട്ടിക്ക് വലിയ നാണക്കേടുണ്ടാക്കി. കമ്മ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രത്തിന് വലിയ കളങ്കമാണ് സ്വർണക്കടത്ത് കേസ് ഉണ്ടാക്കിയത് എന്നും കേന്ദ്ര കമ്മിറ്റിയിൽ വിമർശനം. സ്വർണക്കടത്തും കണ്‍സള്‍ട്ടസികളുടെ വ്യാപകമായ ഇടപെടലുകളെയും സംബന്ധിച്ച പാർട്ടി നേതൃത്വത്തിന്‍റെ നിലപാട് വ്യക്തമാക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കത്തയച്ചിട്ടുണ്ടെന്ന് ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി കമ്മിറ്റിയെ അറിയിച്ചു.

അന്താരാഷ്ട്ര ബന്ധമുള്ള ഇരു സ്വർണക്കടത്ത് കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസ് ഉൾപ്പെടെ കരിനിഴലിൽ വന്നത് കേരളത്തില്‍ പാർട്ടി നേതൃത്വത്തിലുള്ള സർക്കാരിന് പ്രതിച്ഛായ നഷ്ടം ഉണ്ടാക്കി. ദേശീയ തലത്തിൽ പോലും ഇത് വാർത്തയായി. ചരിത്രത്തിൽ ഇതുവരെ ഒരു കമ്മ്യൂണിസ്റ്റ് സർക്കാരിനും എതിരെ ഇത്തരം ഒരു ആരോപണം ഉണ്ടായിട്ടില്ല. ആദ്യമായാണ് രാജ്യാന്തര തലത്തിലുള്ള ഒരു കള്ളക്കടത്തുകേസുമായി ബന്ധപ്പെട്ട് രാജ്യദ്രോഹം പോലുള്ള കുറ്റം ചെയ്തു എന്ന സംശയത്തിന്‍റെ നിഴലില്‍ പാർട്ടി നേതൃത്വത്തിലുള്ള സർക്കാരും മുഖ്യമന്ത്രിയുടെ ഓഫീസും എത്തുന്നത്. മുഖ്യമന്ത്രിയുടെ വിശ്വസ്തനും ഉന്നത പദവി വഹിക്കുന്നതുമായ വ്യക്തി ഉൾപ്പെടെ ആരോപണത്തിന്‍റെ നിഴലിലാവുകയും എന്‍ഐഎ ചോദ്യം ചെയ്തതും അതീവ ഗൗരവമുള്ള വിഷയമാണ്.

കമ്യൂണിസ്റ്റ് പ്രത്യയ ശാസ്ത്രത്തിൽ നിന്ന് കേരളത്തിലെ പാർട്ടിയും സർക്കാരും വ്യതിചലിച്ചു എന്ന ബംഗാൾ ഘടകത്തിന്‍റെ വിമർശനത്തെ ത്രിപുര ഘടകവും പിന്തുണച്ചു. പ്രഖ്യാപിത നയങ്ങളില്‍ നിന്ന് പാർട്ടി നേതൃത്വം കൊടുക്കുന്ന സർക്കാർക്കാരുകള്‍ വ്യതിചലിക്കുമ്പോള്‍ സാധാരണ പാർട്ടിനേതൃത്വം തിരുത്താറുണ്ട്. എന്നാല്‍ ഇവിടെ അത് ഉണ്ടായില്ല. പാർട്ടി നേതൃത്വത്തിന് സർക്കാരിലുള്ള കടിഞ്ഞാണ്‍ നഷ്ടപ്പെട്ടതാണോയെന്നും ചില അംഗങ്ങള്‍ ചോദ്യം ഉയർത്തി.

വിമർശനം രൂക്ഷമായ പശ്ചാത്തലത്തിൽ ജാഗ്രത കുറവ് ഉണ്ടായതായി പിണറായി പക്ഷം സമ്മതിച്ചതായാണ് റിപ്പോർട്ട്. ചർച്ചകള്‍ നാളെയും തുടരും. ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഇക്കാര്യത്തില്‍ നിലപാട് വ്യക്തമാക്കിയിട്ടില്ല. ചർച്ചകള്‍ക്ക് ശേഷം വാർത്താസമ്മേളനത്തില്‍ ഇത് സംബന്ധിച്ച് അദ്ദേഹം പാർട്ടിയുടെ നിലപാട് വ്യക്തമാക്കുമെന്നാണ് കരുതുന്നത്.

നേരത്തെ, പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന കേരളത്തിലെ ഇടതുമുന്നണി സര്‍ക്കാരും കേരളത്തിലെ സി പിഎമ്മും നേരിടുന്ന ഗുരുതരമായ ആരോപണങ്ങളെക്കുറിച്ച് സിപിഎം അഖിലേന്ത്യാ നേതൃത്വം നിലപാട് വ്യക്തമാക്കണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല അഖിലേന്ത്യ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിക്ക് കത്തയച്ചിരുന്നു. സര്‍ക്കാരിലെ അഴിമതി, സ്വജനപക്ഷ പാതം, ക്രിമനല്‍വല്‍ക്കരണം എന്നിങ്ങനെ അതീവ ഗുരുതരവും ദൂരവ്യാപകമായ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുന്നതുമായ ആരോപണങ്ങളില്‍പ്പെട്ട് ഉഴലുകയാണ് സി പിഎം പൊളിറ്റ് ബ്യൂറോ അംഗം കൂടിയായ പിണറായി വിജയന്‍ നേതൃത്വം നല്‍കുന്ന സര്‍ക്കാരെന്നും രമേശ് ചെന്നിത്തല കത്തില്‍ പറഞ്ഞിരിക്കുന്നു. ഇക്കാര്യങ്ങള്‍ പാർട്ടി സെക്രട്ടറി കമ്മിറ്റിയില്‍ സൂചിപ്പിച്ചതായാണ് റിപ്പോർട്ട്.

https://www.facebook.com/JaihindNewsChannel/videos/2719649638301353/

കൂടുതല്‍ വായിക്കാം : പിണറായി സര്‍ക്കാരിനെതിരായ ആരോപണങ്ങളില്‍ സിപിഎം കേന്ദ്രനേതൃത്വം നിലപാട് വ്യക്തമാക്കണം; യെച്ചൂരിക്ക് രമേശ് ചെന്നിത്തലയുടെ കത്ത്

Comments (0)
Add Comment